ഫസീല വധക്കേസ്: പീഡന പരാതി കൊടുത്തതിലെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതി സനൂഫ്
ലോഡ്ജ് എടുത്തത് പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍
കോഴിക്കോട്ടെ എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ ഫസീലയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സനൂഫില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. സുഹൃത്തായിരുന്ന തനിക്കെതിരെ ഫസീല മുമ്പ് പീഡന പരാതി നല്‍കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി.
പീഡന പരാതി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനാണ് രണ്ടുപേരും ഒരുമിച്ച് ലോഡ്ജില്‍ മുറിയെടുത്തത്. ഇരുവരുടേയും സംസാരത്തിനിടെ വാക്കേറ്റം ഉണ്ടാവുകയും യുവതി ബഹളംവെച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. സനൂഫ് മുന്‍പ് ബസ് ഡ്രൈവര്‍ ആയി ജോലിചെയ്തിരുന്നു. അങ്ങനെയാണ് യുവതിയുമായി പരിചയത്തിലായതെന്നും ഇയാള്‍ മൊഴിനല്‍കി.
ഈമാസം 26-ന് ആണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ സുഹൃത്തായ പ്രതി സനൂഫ് ശ്വാസംമുട്ടിച്ചു കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ കഴിഞ്ഞദിവസം ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ വെച്ച് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. തിരുവില്ല്വാമല സ്വദേശിയാണ് അബ്ദുല്‍ സനൂഫ്(28)