കരിയറിന്റെ പീക്കിൽ നിൽക്കെ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ട്വൽത്ത് ഫെയിൽ നായകൻ

അഭിനയം നിർത്തുന്നുവെന്ന് ബോളിവുഡ് നടൻ വിക്രാന്ത് മാസി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ഏതാനും ചിത്രങ്ങൾ കൊണ്ട് തന്നെ ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് വിക്രാന്ത് മാസി. പുതിയ ചിത്രമായ ദി സബർമതി റിപ്പോർട്ട് ബോക്‌സോഫീസിൽ മികച്ച കളക്ഷനുമായി പോകുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം
37ാം വയസ്സിലാണ് അഭിനയം നിർത്തുന്നുവെന്ന് താരം പ്രഖ്യാപിച്ചത്. 2025ൽ വരുന്ന ചിത്രങ്ങളാകും തന്റെ അവസാന സിനിമകളെന്നും വിക്രാന്ത് പറഞ്ഞു. ട്വൽത്ത് ഫെയിൽ, സെക്ടർ 36 തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് വിക്രാന്ത് മാസി
നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്ക് ഓരോരുത്തരോടും നന്ദി പറയുന്നു. പക്ഷേ മുന്നോട്ടു നോക്കുമ്പോൾ ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട് എന്ന് വിക്രാന്ത് മാസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.