സാംസ്കാരിക മൂല്യങ്ങൾ തകർക്കുന്നു; ഇന്ത്യൻ ചാനലുകൾക്ക് നിരോധനം ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ ഹർജി
ബംഗ്ലാദേശിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ ഇന്ത്യൻ ടിവി ചാനലുകളും നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ എക്ലാസ് ഉദ്ദീൻ ഭൂയാൻ ആണ് ബംഗ്ലാദേശ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.
ജസ്റ്റിസ് ഫാത്തിമ നജീബ, ജസ്റ്റിസ് സിക്ദർ മഹ്മുദൂർ റാസി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ഹർജി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിഭാഷകൻ പറഞ്ഞു. 2006ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ഓപ്പറേഷൻ ആക്ട്, സെക്ഷൻ 29 പ്രകാരം ഇന്ത്യയിൽ നിന്നുള്ള ടിവി ചാനലുകളുടെ സംപ്രേക്ഷണം നിരോധിക്കണമെന്നാണ് ഹർജിയിലെ പ്രത്യേക ആവശ്യം.
രാജ്യത്ത് സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യൻ ചാനലുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് ഇരുവരെ ചട്ടം പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്നതിൽ വിശദീകരണവും തേടിയിട്ടുണ്ട്. ഇൻഫർമേഷൻ- ആഭ്യന്തര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെയും ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മീഷനെയും (ബിടിആർസി) കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്ന്, അഭിഭാഷകന് പറഞ്ഞു.
സ്റ്റാർ പ്ലസ്, സീ ബംഗ്ലാ, റിപ്പബ്ലിക് ബംഗ്ലാ, സ്റ്റാർ ജൽഷ തുടങ്ങി നിരവധി ജനപ്രിയ ഇന്ത്യൻ ചാനലുകളെ ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യൻ ചാനലുകൾ പ്രകോപനപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നുവെന്നും, ബംഗ്ലാദേശിന്റെ സാംസ്കാരിക മൂല്യങ്ങളെ തുരങ്കം വയ്ക്കുന്ന അനിയന്ത്രിത ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നും ആരോപണമുണ്ട്. ഹർജി വരും ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.