സിറാജേ…ശ്രീശാന്ത് ആവേണ്ട; ഇന്ത്യന്‍ പേസറിന്റെ അഗ്രസീവ് പ്ലേ വിവാദത്തില്‍
സിറാജിനെ അനുകൂലിച്ചും ഒരു വിഭാഗം ആരാധകര്‍

ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്റെ അക്തര്‍, മലയാളി താരം ശ്രീശാന്ത്, ബ്രെറ്റ്ലി, ഷെയിന്‍ വോണ്‍ തുടങ്ങിയ അഗ്രസീവ് ബോളര്‍മാരുടെ പട്ടികയിലേക്ക് പുതിയൊരു ഇന്ത്യന്‍ താരത്തിന്റെ കടന്ന് വരവ്. ഓസ്ട്രേിലിയയുമായി നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ മുഹമ്മദ് സിറാജ് സ്വീകരിക്കുന്ന സമീപനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
രണ്ടാം ദിനം മുഹമ്മദ് സിറാജിന്റെ ആക്രമണോത്സകത ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഓസീസ് ബാറ്റ്സ്മാന്മാരുമായി നിരന്തരം കൊമ്പുകോര്‍ത്ത് പ്രകോപിപ്പിച്ച് വിക്കറ്റ് നേടിയെടുക്കാനാണ് സിറാജ് ശ്രമിച്ചത്. മാര്‍നസ് ലബ്യുഷെയ്നുമായി കയര്‍ത്ത സിറാജ് ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേടിയപ്പോള്‍ അമിത ആക്രമണോത്സകമായ യാത്രയയപ്പാണ് നല്‍കിയത്. ഇതും വലിയ വിവാദമായിരിക്കുകയാണ്. അംപയറടക്കം സിറാജിന് താക്കീത് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ സിറാജിന്റെ അമിത ആക്രമണോത്സകതയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആരാധകര്‍.
ഇതേ ആക്രമണോത്സകത തുടര്‍ന്നാല്‍ അടുത്ത ശ്രീശാന്തായി മാറുമെന്നാണ് ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം, സിറാജിന്റെ ആക്രമണോത്സകത അദ്ദേഹം സ്വയം സൃഷ്ടിയല്ലെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. തോല്‍വി മണത്ത ഇന്ത്യന്‍ ടീമിന്റെ കൃത്യമായ നിര്‍ദേശം അനുസരിച്ചാണ് സിറാജ് ഇത്തരത്തില്‍ ആക്രമണോത്സകത കാട്ടുന്നതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ലത് പോലെ കളിച്ച് ജയിക്കുന്നതിന് പകരം ബാറ്റര്‍മാരെ പ്രകോപിതരാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച് കളിക്കുള്ളില്‍ മറ്റൊരു കളിയുണ്ടാക്കിയെടുക്കാനാണ് സിറാജും ടീം ഇന്ത്യയും ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്.
നായകന് രോഹിത് ശര്‍മയും പരിശീലകരും ഇതിന് സിറാജിനെ പിന്തുണക്കുന്നുണ്ടെന്നാണ് ഒരുവിഭാഗം ആരാധകര്‍ വ്യക്തമാക്കുന്നത്. നേരത്തെ ശ്രീശാന്ത് ഇത്തരത്തില്‍ ചെയ്തതും ടീം ആവശ്യപ്പെട്ടിട്ടായിരുന്നു. നായകന് എംഎസ് ധോണിയടക്കം അന്ന് ശ്രീശാന്തിനെ ഇത്തരത്തില്‍ കരുവാക്കി.
അന്ന് ശ്രീശാന്തിനെ ടീം മാനേജ്മെന്റ് ഉപയോഗിച്ച അതേ രീതിയിലാണ് ഇന്ന് സിറാജിനെ ടീം മാനേജ്മെന്റ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ ടീമിന്റെ ഈ തന്ത്രത്തില്‍ വീണ് പോകേണ്ടെന്നും ആവശ്യം കഴിഞ്ഞാല്‍ ചീത്തപ്പേര് താങ്കള്‍ക്ക് മാത്രമായിരിക്കുമെന്നും ആരാധകര്‍ ഉപദേശിക്കുന്നുണ്ട്.