വരും ജന്മം നിനക്കായ്: ഭാഗം 58

രചന: ശിവ എസ് നായർ
“തന്നിഷ്ടം കാണിക്കാൻ ആണ് നിന്റെ ഭാവമെങ്കിൽ അമ്മയെ പിന്നെ നീ ജീവനോടെ കാണില്ല വിഷ്ണു.” ഊർമിള രണ്ടും കല്പിച്ചായിരുന്നു. ശിവപ്രസാദിന്റെ ജീവിതം തകർന്ന് കഴിഞ്ഞു. ഇനി ഗായത്രിയുടെ അനിയത്തി തന്റെ മകന്റെ ജീവിതത്തിൽ വേണ്ടെന്ന് അവർക്ക് തോന്നി.
“അമ്മയുടെ ആത്മഹത്യാ ഭീഷണി കൈയ്യിൽ വച്ചാൽ മതി. ചീപ് സെന്റിമെന്റ്സ് കാണിച്ച് എന്നെ വീഴ്ത്താമെന്ന് വിചാരിക്കണ്ട.”
“നിനക്ക് നിന്റെ ഏട്ടനേക്കാൾ വലുത് അവളാണോ?”
“എന്റെ ഏട്ടനും എന്തോ തെറ്റ് ചെയ്തത് കൊണ്ടല്ലേ ഏട്ടത്തി പോലീസിൽ കേസ് കൊടുത്തത്. അമ്മ പറഞ്ഞത് പോലെ ഏട്ടനെ ഒഴിവാക്കാൻ വേണ്ടി ഏട്ടത്തി ഇത്രയും ചീപ്പായ ഒരു നാടകം കളിക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല.”
“അപ്പോ നിനക്ക് നിന്റെ അമ്മ പറയുന്നത് വിശ്വാസമില്ല. നിന്റെ ഏട്ടൻ തെറ്റ് ചെയ്യില്ലെന്ന് വിശ്വാസമില്ല അല്ലേ?”
“ഇല്ലമ്മേ… നേരിട്ട് കണ്ട് ബോധ്യമാകാതെ അമ്മ പറയുന്നത് ഞാൻ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന് വിചാരിക്കണ്ട. ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ. ഗൗരിയുടെ വീട്ടിലും ഒന്ന് വിളിച്ചു നോക്കട്ടെ. ഇന്ന് തന്നെ ഞങ്ങൾ അങ്ങോട്ട് വരുകയാ.” വിഷ്ണു അത്രയും പറഞ്ഞിട്ട് കാൾ കട്ട് ചെയ്തു.
രണ്ട് ഭാഗവും കേൾക്കാതെ ഒരാളെ മാത്രം പഴി പറയുന്നത് ന്യായമാണെന്ന് വിഷ്ണുവിന് തോന്നിയില്ല. അതുകൊണ്ട് നാട്ടിലേക്ക് പോകാൻ അവൻ തീരുമാനിച്ചു.
ഗൗരിയെയും കൊണ്ട് വിഷ്ണു മുംബൈക്ക് വന്നിട്ട് കഷ്ടിച്ച് ഒരാഴ്ച ആയതേയുള്ളു. അന്ന് രാത്രിയിലെ ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക് അവൻ ടിക്കറ്റ് എടുത്തു.
ആ രാത്രി മുഴുവനും ഊർമിള മൂത്ത മകന്റെ അവസ്ഥയോർത്ത് കരഞ്ഞു തളർന്നു. സുധാകരനും ധർമ്മ സങ്കടത്തിലായിരുന്നു. എന്ത് ചെയ്യണമെന്ന് അയാൾക്കൊരു രൂപവും കിട്ടിയില്ല. പരിചയമുള്ള വക്കീലിനെ വിളിച്ച് അയാൾ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
ശിവപ്രസാദിനെ കോടതിയിൽ ഹാജരാക്കുമ്പോ ജാമ്യത്തിന് ശ്രമിക്കാമെന്ന് വക്കീൽ സുധാകരനോട് പറഞ്ഞു.
മകൻ വരുത്തി വച്ചത് ഒരു തീരാ കളങ്കമാണ്. അവന്റെ മനസ്സിൽ ഇത്രയും വിഷമുണ്ടെന്ന് അറിഞ്ഞില്ല. സ്വന്തം ഭാര്യയോട് ചെയ്യാൻ പാടില്ലാത്തതൊക്കെ അവൻ ചെയ്തിരിക്കുന്നു. ഉറപ്പായും ഗായത്രി അവനോട് ഒരിക്കലും ക്ഷമിക്കില്ല.
സുധാകരനും ഊർമിളയ്ക്കും അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല.
ശിവപ്രസാദിന്റെ അവസ്ഥയായിരുന്നു വളരെ ദയനീയം. സെല്ലിനുള്ളിൽ കൊതുക് കടിയും ശരീര വേദനയും സഹിച്ച് അവൻ നിശബ്ദമായി തേങ്ങി.
ജനിച്ചിട്ട് ഇന്നേരെ താൻ ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടില്ലെന്ന് ശിവപ്രസാദ് ഓർത്തു. നാളെ നേരം പുലർന്ന് കഴിഞ്ഞാൽ എല്ലാവർക്കും മുൻപിൽ എന്റെ ഇമേജ് തകരും.
ഒന്നും വേണ്ടായിരുന്നു… ഒന്നും… എല്ലാം അറിഞ്ഞു വച്ചാണ് ഗായത്രി എന്റെ മുന്നിൽ അഭിനയിച്ചത്. അതിനർത്ഥം അവൾ എന്നോട് പ്രതികാരം ചെയ്യാൻ തുടങ്ങിയെന്നാണ്. ഗായത്രിയുടെ കാല് പിടിച്ചു കെഞ്ചിയാൽ പോലും അവളിനി എനിക്ക് മാപ്പ് തരില്ല. കേസും പിൻവലിക്കില്ല. അത്രയ്ക്കാണ് ഞാനിന്ന് അവളെ ഉപദ്രവിച്ചത്. ഏത് ശാപം പിടിച്ച നേരത്താണോ എന്തോ എനിക്ക് അങ്ങനെയൊക്കെ ചെയ്യാൻ തോന്നിയത്. ഇറങ്ങി പോകാൻ നിന്നവളെ തടയണ്ടായിരുന്നു. എങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാവില്ലായിരുന്നു.
മറ്റുള്ളവർക്ക് മുന്നിൽ ഞാൻ വെറുമൊരു കാമ ഭ്രാന്തനായി മാറും. ശേഷിച്ച കാലം ജയിലിൽ കിടക്കേണ്ടിയും വന്നേക്കാം.
എന്റെ ജീവിതം കരിയർ എല്ലാം നശിക്കും. ഈ നാട്ടിൽ നാണംകെട്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാവും.
അന്നാദ്യമായി കുറ്റബോധം കൊണ്ട് ശിവപ്രസാദ് നീറിപ്പുകഞ്ഞു.
🍁🍁🍁🍁🍁🍁🍁
മരുന്നിന്റെ ക്ഷീണം കൊണ്ട് ഗായത്രി നല്ല മയക്കത്തിലായിരുന്നു. അവളുടെ കാര്യമൊന്നും അറിയാതെ അഖിൽ നല്ല ടെൻഷനിലായിരുന്നു. ഉച്ചക്ക് കോളേജിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് അവൾ അവനെ വിളിച്ചത്.
ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ച് ഇറങ്ങുമെന്ന് പറഞ്ഞ് പോയിട്ട് നേരം രാത്രിയായി. ഇതുവരെ ഒരു കോളോ മെസ്സേജോ ഒന്നുമില്ല.
അഖിലിന് ടെൻഷൻ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. ഇങ്ങോട്ട് കാൾ കാണാതായപ്പോ രാത്രിയെന്നൊന്നും നോക്കാതെ അങ്ങോട്ട് വിളിച്ചു നോക്കിയപ്പോൾ നമ്പർ സ്വിച്ച് ഓഫും.
ശിവപ്രസാദിന്റെ വീട്ടിൽ പോയി തിരക്കാമെന്ന് വച്ചാൽ അഖിലിന് അവന്റെ വീട് അറിയില്ലായിരുന്നു. അവസാനം മനുവിനെയും വിളിച്ച് ഗായത്രിയുടെ വീട്ടിൽ പോയി നോക്കിയപ്പോൾ ഗേറ്റ് പൂട്ടി കിടക്കുന്നത് കണ്ടു.
എന്തോ കാര്യമായ പ്രശ്നം നടന്നിട്ടുണ്ട് എന്ന് അഖിൽ ഉറപ്പിച്ചു. രാത്രി ഏറെ വൈകിയത് കൊണ്ട് ഇനി വേണു മാഷെ വിളിച്ചു ഗായത്രിയെ കുറിച്ച് ചോദിക്കുന്നത് ശരിയല്ലെന്ന് അവന് തോന്നി. ഇനി രാവിലെ ആയിട്ട് അവളെ അന്വേഷിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു മനു അവനെ വീട്ടിൽ കൊണ്ടാക്കിയിട്ട് പോയി.
ഗായത്രി തന്റെ മൊബൈൽ ഹോസ്പിറ്റലിൽ വച്ച് തന്നെ പോലീസിന് കൊടുത്തിരുന്നു. അതിലുള്ള വോയിസ് റെക്കോർഡിംഗ് ശിവപ്രസാദിന് എതിരെയുള്ള തെളിവായി ഉപയോഗിക്കാൻ വേണ്ടി കൊടുത്തതാണ്. മൊബൈൽ കൊടുക്കുമ്പോ അവൾ സിം ഊരി വാങ്ങാൻ മറന്നില്ല.
വേറെ ഫോൺ ഒന്നും കയ്യിലില്ലാത്തത് കൊണ്ട് ഗായത്രിക്ക് സിം ഇടാനും പറ്റിയില്ല. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയിട്ട് വേറൊരു മൊബൈൽ വാങ്ങാമെന്ന് അവൾ വിചാരിച്ചു. നാളെ രാവിലെ അഖിലിനെ വിളിച്ചു വിവരങ്ങൾ പറയാമെന്നും ഗായത്രി ഓർത്തു.
ഇന്ന് തന്നെ അവൾ അവനെ വിളിക്കാതിരുന്നത് താൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞാൽ അഖിൽ ഓടി വരുമെന്ന് അറിയാവുന്നത് കൊണ്ടാണ്. അവന്റെ വരവ് ശിവപ്രസാദിന്റെ വീട്ടുകാർ അറിഞ്ഞാൽ തനിക്ക് നേരെ കഥകൾ ഉണ്ടാക്കാൻ ഊർമിള അത് പ്രയോഗിക്കും എന്ന് അവൾക്ക് തോന്നി.
ഊർമിള വന്ന് പോയ സ്ഥിതിക്ക് ഇനി അവർ ഹോസ്പിറ്റലിലേക്ക് തന്നെ കാണാനായി വരില്ലെന്നാണ് ഗായത്രിയുടെ കണക്ക് കൂട്ടൽ.
അഖിൽ തന്നെ കുറിച്ച് ഒന്നുമറിയാതെ ടെൻഷൻ അടിക്കുന്നുണ്ടാവും എന്നവൾ ഊഹിച്ചു. തത്കാലം ഇന്നത്തെ ദിവസം കഴിയട്ടെ എന്ന് കരുതി.
വേദന മാറാനുള്ള ഇൻജെക്ഷൻ എടുത്തിട്ടുള്ളത് കൊണ്ട് ഗായത്രി ആ രാത്രി ക്ഷീണത്താൽ പെട്ടെന്ന് ഉറങ്ങി പോവുകയും ചെയ്തു. രാത്രി സമയം, സുമിത്രയും വേണു മാഷും ഇടയ്ക്കിടെ അവളെ വന്ന് നോക്കിയിട്ട് പോകും.
🍁🍁🍁🍁🍁
പിറ്റേന്ന് രാവിലത്തെ പത്രത്തിൽ ഉണ്ടായിരുന്നു ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിന്റെ വാർത്ത.
ശിവപ്രസാദിന്റെ ഫോട്ടോയും ഒപ്പം കൊടുത്തിരുന്നു.
അഖിൽ ന്യൂസ് പേപ്പർ ഒന്നും നോക്കാത്തത് കൊണ്ട് ആ വാർത്ത അറിഞ്ഞിരുന്നില്ല. എന്നാൽ മനു ആ വാർത്ത വായിച്ചിരുന്നു.
ഗായത്രിയുടെ കല്യാണത്തിന് പോയപ്പോൾ ശിവപ്രസാദിനെ അവൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് അവന്റെ മുഖം മനുവിന് പരിചിതമായിരുന്നു.
അപ്പോൾ തന്നെ അവൻ അഖിലിനെ ഫോണിൽ വിളിച്ചു.
“എടാ അഖിലേ… ഗായത്രി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാണ്. ശിവപ്രസാദ് അവളെ റേപ്പ് ചെയ്‌തെന്ന് പത്രത്തിൽ വാർത്തയുണ്ട്.” ഒറ്റ ശ്വാസത്തിൽ മനു അത് പറഞ്ഞ് നിർത്തി.
അഖിൽ ഷോക്കേറ്റത് പോലെ തരിച്ചു നിൽക്കുകയാണ്.
“മനൂ… ഗായു… അവൾക്ക്… അവൾക്ക് എന്താടാ… ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലായിരുന്നു ഞാൻ.” അഖിലിന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.
“നീ വിഷമിക്കല്ലേടാ… നമുക്ക് ഇപ്പോ തന്നെ അവളെ കാണാൻ പോകാം. ഞാൻ ബൈക്കുമായി അങ്ങോട്ട് വരാം. നീ പുറത്തിറങ്ങി നിൽക്ക്.”
“മ്മ്മ് ശരി…”
മനു കാൾ കട്ട് ചെയ്തിട്ട് വേഗം റെഡിയാവാനായി പോയി.
സമയം ഏഴുമണി ആയിട്ടേ ഉണ്ടായിരുന്നുള്ളൂ.
അഖിൽ മുൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വരാന്തയിൽ പത്രം കിടക്കുന്നത് കണ്ടു. അവനത് എടുത്ത് മറിച്ച് നോക്കി.
ശിവപ്രസാദിന്റെ ഫോട്ടോയ്ക്കൊപ്പം കൊടുത്തിരുന്ന വാർത്തയിൽ അവന്റെ കണ്ണുടക്കി. നേർത്ത ഒരു വിറയൽ അവന്റെ ശരീരത്തിൽ പടർന്നു.
വരികളിലൂടെ കണ്ണോടിക്കുമ്പോൾ ഗായത്രി അനുഭവിച്ച വേദന അവനും അനുഭവിച്ചു.
ഗേറ്റിന് മുന്നിൽ ഹോണടി കേട്ടതും അഖിൽ ന്യൂസ് പേപ്പർ അവിടെയിട്ട് മനുവിന്റെ അടുത്തേക്ക് നടന്നു.
രാവിലെ തന്നെ എങ്ങോട്ടേക്കാടാ എന്ന് അമ്മ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചത് അഖിൽ കേട്ടതായി ഭാവിച്ചില്ല. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…….കാത്തിരിക്കൂ………