രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത പരാജയം; ഓസീസ് ജയം പത്ത് വിക്കറ്റിന്

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി. ഓസ്‌ട്രേലിയ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവെച്ച വിജയലക്ഷ്യമായ 19 റൺസ് 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. ഇതോടെ പരമ്പരയിൽ ഓസ്‌ട്രേലിയ ഒപ്പത്തിനൊപ്പമെത്തി. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം
ഇന്നിംഗ്‌സ് തോൽവിയിൽ നിന്ന് കഷ്ടിച്ചാണ് ഇന്ത്യ രക്ഷപ്പെട്ടത്. മത്സരം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഓസീസ് വിജയത്തിലേക്ക് എത്തിയത്. ഒന്നാമിന്നിംഗ്‌സിൽ 180 റൺസിന് ഓൾ ഔട്ടായ ഇന്ത്യ രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർച്ച നേരിട്ടു. 175 റൺസാണ് ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിൽ സ്വന്തമാക്കാനായത്. ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 337 റൺസ് എടുത്തിരുന്നു.
അഞ്ചിന് 128 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. റിഷഭ് പന്തിനെ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. 28 റൺസുമായി പന്ത് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ അശ്വിൻ 7 റൺസെടുത്തും വീണു. സ്‌കോർ 153ൽ ഹർഷിദ് റാണയും പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്സ് തോൽവിയിലേക്കെന്ന് തോന്നിച്ചു. 157 റൺസായിരുന്നു ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് ലീഡ്
എന്നാൽ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയെ ലീഡിലേക്ക് എത്തിക്കുകയായിരുന്നു. 47 പന്തിൽ ഒരു സിക്സും ആറ് ഫോറും സഹിതം 42 റൺസെടുത്ത നിതീഷ് കുമാർ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 166ൽ എത്തിയിരുന്നു. മുഹമ്മദ് സിറാജ് ഏഴ് റൺസെടുത്തു. ബുമ്ര 2 റൺസുമായി പുറത്താകാതെ നിന്നു