എയര്‍ലിഫ്റ്റ് സഹായം: അത് ബില്ല് ചെയ്തതാണ്; ആ പണം കേന്ദ്രത്തിന് അടയ്‌ക്കേണ്ടതില്ലെന്ന് വി മുരളീധരന്‍
പിണറായി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
പ്രളയം മുതല്‍ മുണ്ടക്കൈ ദുരന്തം വരെയുള്ള കാലത്ത് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സേവനത്തിന് പണം നല്‍കണമെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ന്യായീകരണവുമായി ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന വി മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്ര നാവിക സേനക്കോ മറ്റോ എയര്‍ ലിഫ്റ്റ് നടത്തിയ വകയില്‍ കേരളം പണം നല്‍കേണ്ടി വരില്ലെന്നാണ് മുരളീധരന്‍ പറയുന്നത്.
2006 മുതല്‍ ഈവര്‍ഷം സെപ്റ്റംബര്‍ 30 വരെ വിവിധഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ തുക മുഴുവനും നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന.
സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങള്‍ ആയുള്ള നടപടിയാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചു വെക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.
വ്യോമസേന നല്‍കിയ സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രീതിയില്‍ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് യാതൊരു പ്രാധാന്യമില്ല. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നു. അതിന് മാധ്യമങ്ങളെ കൂട്ട്പിടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.