ഇവര്‍ തോറ്റ് തൊപ്പിയിട്ടവര്‍; ഇനിയും താങ്ങി നടക്കുന്നതാര്; വേണം ടെസ്റ്റില്‍ അടിയന്തര മാറ്റം
രോഷപ്രകടനവുമായി ആരാധകര്‍
ഇന്ത്യ – ഓസ്ട്രേലിയ ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ കാത്തിരിക്കുന്നത് വിജയമോ അത്ഭുതമോ വെടിക്കെട്ട് ബാറ്റിംഗോ അല്ല. മറിച്ച് മഴയെയാണ്. മഴക്കല്ലാതെ ഇന്ത്യന്‍ ടീമിനെ നാണക്കേടില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഏറെക്കുറെ വ്യക്തമായി. ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര കുട്ടിക്കളി കളിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായി ബാറ്റ് തട്ടുന്നവരെ പോലെ പതറി പതറി കളിക്കുന്ന ഇന്ത്യന്‍ ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന ദുരന്ത സ്കോറിലാണ് ഇപ്പോഴുള്ളത്. 445 റണ്‍സാണ് ഓസ്ട്രേലിയയുടെ സ്കോര്‍.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓപ്പണര്‍ രാഹലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ജയ്സ്വാള്‍ നാല്, കോലി മൂന്ന്, ഗില്‍ ഒന്ന്, പന്ത് ഒമ്പത് എന്നിങ്ങനെയാണ് പുറത്തായവരുടെ സ്കോര്‍. രാഹുല്‍ 33 റണ്‍സെടുത്തപ്പോള്‍ രോഹിത്ത് ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സുമായി ക്രീസിലുണ്ട്.
ഇതില്‍ രോഹിത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയുമില്ല. നിലവിലെ സാഹചര്യത്തില്‍ 150 റണ്‍സെടുക്കും മുമ്പ് ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ കൂടി നഷ്ടമായേക്കാം. അങ്ങനെ വന്നാല്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്ന് ഇന്ത്യ പുറത്താകുകയും ചെയ്യും.
ന്യൂസിലാന്‍ഡിനോട് നേരിട്ട നാണംക്കെട്ട തോല്‍വിയുടെ തുടര്‍ച്ച ഓ്സട്രേലിയയിലും സംഭവിക്കുമെന്ന് ഉറപ്പായതോടെ ഫോമില്ലാത്ത താരങ്ങളെ സീനിയോരിറ്റിയും മറ്റും നോക്കാതെ പുറത്തിടണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആവശ്യം. കളിയറിയുന്ന ചെറുപ്പക്കാര്‍ പുറത്തിരിക്കുമ്പോള്‍ കോലിയും രോഹിത്തും റിഷഭ് പന്തുമൊക്കെ അവസരങ്ങള്‍ പാഴാക്കി ഇന്ത്യക്ക് തോല്‍വികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യക്ക് ടെസ്റ്റ് ജയിക്കണമെങ്കില്‍ അടുത്ത ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ സമഗ്രമായ മാറ്റം അത്യാവശ്യമാണ്. ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് സഞ്ജു സാംസണ്, സായ് സുദര്ശന്, ശ്രേയസ് അയ്യര്‍ എന്നിവരെ ഇന്ത്യ കൊണ്ടുവരണം. ബോളിംഗിലേക്ക് ബുംറക്കും സിറാജിനും കൂട്ടായി മുഹമ്മദ് ഷമിയെത്തണം. ഇതൊക്കെയാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും സ്വപ്നം കാണുന്നത്.
സഞ്ജു ഓപ്പണര്‍ ആവേണ്ട
ടി20യില്‍ ഓപ്പണിംഗില്‍ വിസ്മയം തീര്‍ക്കുന്ന സഞ്ജു ടെസ്റ്റില്‍ കണിക്കുകയാണെങ്കില് മധ്യനിരയിലേക്ക് വരണം. എന്നാല്‍, ഗൗതം ഗംഭീറും രോഹിത് ശര്‍മയും സഞ്ജുവിനെ ടെസ്റ്റ് കളിപ്പിക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലായിരുന്നില്ല. എന്നാല്‍ സഞ്ജുവിനെ ഇപ്പോള്‍ ടീമിലേക്ക് വിളിക്കേണ്ട സമയമാണ്.
ടീമിനെ നയിക്കേണ്ടത് ബുംറ
ഒന്നാം ടെസ്റ്റില്‍ ടീമിനെ നയിച്ച് മികച്ച വിജയം നേടിക്കൊടുത്ത ഇന്ത്യന്‍ പേസര്‍ ജസ്പീത് ബുംറ ഇനി ടീമിനെ നയിച്ചാല്‍ വലിയ മാറ്റമുണ്ടാകും. ഐ പി എല്ലുമായി രോഹിത്ത് ശര്‍മയും കോലിയും മുന്നോട്ടുപോകട്ടേയെന്നും ആരാധകര്‍ പറയുന്നു.
സുദര്‍ശനും യശ്വസി ജയ്സ്വാളും ഓപ്പണേഴ്സായി ഇറങ്ങുമ്പോള്‍ കെ എല്‍ രാഹുല്‍ അഞ്ചാമനായി ഇറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആരാധകരും ക്രിക്കറ്റ് വിദഗ്ധരും മുന്നോട്ടുവെക്കുന്ന ഇന്ത്യന്‍ ടീം ഇതാ…
സുദര്ശന്, യശ്വസി ജയ്സ്വാള്‍, ശുബ്മാന് ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍/മുഹമ്മദ് സിറാജ്, ആര് അശ്വിന്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.