ഗുരുവിന്റെ പാതയില്‍ അശ്വിനും; ധോണിയുടെ വഴി തുടര്‍ന്ന ബൗളര്‍
കൈവിരലുകൊണ്ട് മായാജാലം തീര്ത്തവന്
ധോണിയെന്ന ഗുരുവിന് പിന്നാലെ നടന്ന ഒരു ബോളറുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍. ഇന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ രവിചന്ദ്ര അശ്വിന്. ധോണിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വിസ്മയ താരത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രകടനമാണ് അശ്വിനിലൂടെ ലോകം കണ്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്സിലൂടെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയ ഈ ബോളര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴികാട്ടിയായത് മഹേന്ദ്ര സിംഗ് ധോണി തന്നെയായിരുന്നു.
വിക്കറ്റിന് പിന്നില്‍ ധോണിയും മുന്നില്‍ അശ്വിനും വന്നാല്‍ ബാറ്റ്സ്മാന്മാര് സമ്മര്‍ദത്തിലാകുന്ന കാലം ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. അത്രമേല്‍ ദുഷ്കരമായിരുന്നു ഈ സാഹചര്യം മറികടക്കല്‍. ധോണിയുടെ ചാണക്യ തന്ത്രം മനസ്സിലാക്കി ബോള്‍ ചെയ്യുന്ന അശ്വിന്. അശ്വിന്റെ ബോള്‍ നോക്കി തന്ത്രം മെനയുന്ന ധോണി. ഇതായിരുന്നു ആ കോമ്പോ.
അശ്വിന്റെ വിരമിക്കലിലുമുണ്ട് ഈ കോമ്പോ സ്നേഹം. ഇതുപോലൊരു ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മൂന്നാം ടെസ്റ്റിലായിരുന്നു ധോണിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സമാനമായ പാത പിന്തുടര്ന്ന് ശിഷന് അശ്വിനും ഇന്ന് ഗാബ ടെസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി.
ധോണിയെ പോലുള്ളൊരു ക്യാപ്റ്റന്റെ അപര്യാപ്തതയിലാണ് തന്റെ വിരമിക്കല്‍ എന്ന സൂചനയും നല്‍കുന്നുണ്ട് അശ്വിന്. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും ഒരുപോലെ താളം തെറ്റിയ രോഹിത്ത് ശര്‍മയെ പോലുള്ള സീനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വലിയ തലവേദനയായിക്കൊണ്ടിരിക്കെ അശ്വിനെ പോലുള്ള ബോളര്‍മാര്‍ക്ക് ടീമില്‍ തുടരാന്‍ സാധിക്കില്ലെന്നത് സ്വാഭാവികം മാത്രം.