തുടർച്ചയായ അവഗണന അപമാനിച്ചിട്ടുണ്ടാകാം; അശ്വിന്റെ വിരമിക്കലിൽ തുറന്നടിച്ച് പിതാവ്
തുടർച്ചയായി പ്ലേയിംഗ് ഇലവനിൽ നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്താനുള്ള കാരണമെന്ന് പിതാവ് രവിചന്ദ്രൻ. വിരമിക്കാനുള്ള തീരുമാനം മറ്റുള്ളവരെ പോലെ താനും ഇന്നലെയാണ് അറിഞ്ഞതെന്നും രവിചന്ദ്രൻ പറഞ്ഞു. അവന്റെ മനസ്സിൽ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവൻ വിരമിക്കൽ പ്രഖ്യാപിച്ചു. സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു
എന്നാൽ അവൻ വിരമിക്കൽ പ്രഖ്യാപിച്ചത് ഒരു വശത്ത് നിന്ന് നോക്കുമ്പോൾ സന്തോഷം തോന്നുണ്ടെങ്കിലും മറ്റൊരു വശത്ത് നിന്ന് ചിന്തിക്കുമ്പോൾ കുറച്ച് കാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി. അശ്വിൻ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള യഥാർഥ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ മികച്ച റെക്കോർഡുണ്ടായിട്ടും പലപ്പോഴും പ്ലേയിംഗ് ഇലവനിൽ നിന്നൊഴിവാക്കുന്നത് അപമാനമായി തോന്നിയിട്ടുണ്ടാകാം
വിരമിക്കലിനെ കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ അത് പൊടുന്നനെ ആയതിന് പിന്നിൽ തുടർച്ചയായി ടീമിൽ നിന്ന് ഒഴിവാക്കുന്നതിലെ അപമാനമാകാം. എത്ര കാലം എന്ന് വെച്ചാണ് ഇതൊക്കെ സഹിക്കുകയെന്നും രവിചന്ദ്രൻ ചോദിച്ചു.