കിരീടത്തിൽ മുത്തമിട്ട് പെൺപട; അണ്ടർ 19 വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കി ഇന്ത്യ
ക്വാലാലംപൂർ: പ്രഥമ അണ്ടർ 19 വനിതാ ഏഷ‍്യാ കപ്പ് ട്വന്‍റി-20 കിരീടം നേടി ഇന്ത‍്യ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഇന്ത‍്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ 20 ഓവറിൽ 117 റൺസ് നേടി. 52 റൺസെടുത്ത ഓപ്പണർ ഗോംഗാദി തൃഷയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ക‍്യാപ്റ്റൻ നിക്കി പ്രസാദ് (12), മിഥില വിനോദ് (17), ആയുഷി ശുക്ല (10) എന്നിവർക്ക് പുറമേ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇതോടെ ഇന്ത‍്യ 117 എന്ന സ്കോറിലേക്ക് ചുരുങ്ങി.
ബംഗ്ലാദേശിന് വേണ്ടി നാലുവിക്കറ്റ് വീഴ്ത്തിയ ഫർജാന ഈസ്മിനാണ് ഇന്ത‍്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത‍്യ 76 റൺസിൽ പുറത്താക്കി. ഇന്ത‍്യക്ക് വേണ്ടി 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആയുഷി ശുക്ലയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ പരുണിയ സിസോദിയയും സോനം യാദവുമാണ് ബംഗ്ലാദേശിനെ തകർത്തത്.