വരും ജന്മം നിനക്കായ്: ഭാഗം 63
രചന: ശിവ എസ് നായർ
“ഡോക്ടർ… എന്റെ മോന്… അവനു ബോധം വന്നോ ഡോക്ടർ?” ആധിയോടെ ചോദിച്ചു കൊണ്ട് ഊർമിള ഡോക്ടർ അലക്സ് ജേക്കബിന്റെ അടുത്തേക്ക് വന്നു.
ഡോക്ടർ ഒന്ന് മുരടനക്കി കൊണ്ട് എന്തോ പറയാൻ ആരംഭിച്ചു.
“പേഷ്യന്റിന് ബോധം തെളിഞ്ഞിട്ടുണ്ട്. പക്ഷേ അയാൾ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല, ഒന്നിനോടും പ്രതികരിക്കുന്നുമില്ല. കണ്ണുകൾ തുറന്ന് വെറുതെ അങ്ങനെ തന്നെ കിടക്കുകയാണ്.” ഡോക്ടർ ഒന്ന് നിർത്തി.
വിഷ്ണുവും അപ്പോ അമ്മയുടെ അടുത്തേക്ക് വന്നു. ഡോക്ടർ അലക്സ് ജേക്കബ് പറഞ്ഞത് അവനും കേട്ടു.
“അവന്റെ ഓർമ്മ പോയോ ഡോക്ടർ?” ഊർമിള പകപ്പോടെ ചോദിച്ചു.
“ആക്‌സിഡന്റിന്റെ ഷോക്ക് ആണെന്നാണ് തോന്നുന്നത്. കുറച്ചു കഴിഞ്ഞാൽ ശരിയാകുമായിരിക്കും.”
“എനിക്കൊന്ന് അവനെ കാണാൻ പറ്റോ ഡോക്ടർ?” ഊർമിള സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ചു.
“ഒരു സമയം ഒരാൾക്ക് മാത്രേ കേറി കാണാൻ പറ്റു.” അലക്സ് പറഞ്ഞു.
“ഏട്ടന് വേറെ കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടർ. ആക്‌സിഡന്റ് പറ്റിയതിന്റെ ഷോക്ക് മാത്രമാണോ ഏട്ടന്.” വിഷ്ണു ഇടയ്ക്ക് കയറി ചോദിച്ചു.
“ഒന്ന് രണ്ട് സ്കാനിംഗ് കൂടി ഉണ്ട്. അതിന് ശേഷമേ ഉറപ്പിച്ചു പറയാൻ പറ്റുള്ളൂ.” അലക്സ് ജേക്കബ് ആലോചനയോടെ പറഞ്ഞു.
“ഞാനൊന്ന് അവനെ കാണട്ടെ ഡോക്ടർ.” ഊർമിളയാണ്.
“കണ്ടോളു. പേഷ്യന്റിനോട് എന്തെങ്കിലും സംസാരിച്ചു നോക്കു. റെസ്പോണ്ട് ചെയ്യുന്നുണ്ടോന്ന് അറിയാലോ.”
“ശരി ഡോക്ടർ.”
വിങ്ങൽ അടക്കി ഊർമിള ശിവയ്ക്ക് അരികിലേക്ക് പോയി. അമ്മ ഇറങ്ങിയതിന് ശേഷം ചേട്ടനെ കയറി കാണാമെന്ന് കരുതി വിഷ്ണു പുറത്ത് തന്നെ ഇരുന്നു.
“മോനെ ശിവാ…” കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി കിടക്കുന്ന അവന്റെ അരികിൽ വന്നിരുന്ന് കൊണ്ട് ഊർമിള വിളിച്ചു.
“നിന്നെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. നിനക്ക് എന്തിന്റെ കേടായിരുന്നു. അവളെ അവൾടെ പാട്ടിനു വിടാതെ ഉപദ്രവിച്ചിട്ട് ഇപ്പോ ആകെ നാണം കെട്ടില്ലേ എല്ലാരേം മുന്നിൽ.
ജാമ്യം കിട്ടിയില്ലെന്നു കരുതി നിനക്ക് ആത്മഹത്യ ചെയ്യാൻ എങ്ങനെ തോന്നി. എന്നെ പറ്റി നിനക്ക് ഓർത്തു കൂടായിരുന്നോ?” ഊർമിള പതം പറഞ്ഞു കരഞ്ഞു.
ഇത്രയൊക്കെ കേട്ടിട്ടും ശിവപ്രസാദിന് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. അവന്റെ ആ കിടപ്പ് കണ്ടിട്ട് ഊർമ്മിളക്ക് സഹിച്ചില്ല.
” എടാ മോനെ എന്തെങ്കിലും ഒന്ന് പറയടാ.” ഊർമിള അവന്റെ നെറ്റിയിൽ തലോടി കരഞ്ഞു.
“അമ്മയെ നീ മറന്നോ… എല്ലാം അവൾ ഒറ്റ ഒരുത്തി കാരണാ…”
അവരുടെ മിഴികൾ അവന്റെ മുഖത്ത് നിന്ന് മാറിയതേയില്ല. കുറച്ചു സമയം മുകളിലേക്ക് നോക്കി കിടന്നവൻ പെട്ടെന്ന് ഊർമിളയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
“അമ്മ ഇപ്പോ എന്നോടൊന്നും ചോദിക്കരുത്. എല്ലാം ഞാൻ പിന്നീട് പറയാം. കുറച്ചു ദിവസത്തേക്ക് ഞാൻ ഒന്നും ഓർമ്മയില്ലാത്തത് പോലെ അഭിനയിക്കാൻ പോവാ. ഇടയ്ക്ക് ഭ്രാന്ത് വന്നത് പോലെയും ഞാൻ കാണിക്കും. അതൊന്നും കണ്ട് അമ്മ പേടിക്കണ്ട. കേസിൽ നിന്ന് രക്ഷപെടാൻ ഇതേ ഉള്ളു ഇനി വഴി. അല്ലാതെ അവൾടെ കാല് പിടിച്ചാലൊന്നും കാര്യം നടക്കില്ല. കോടതിയിൽ ഹാജരാക്കുന്ന പ്രതിക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ശിക്ഷ ഇളവ് ചെയ്ത് കിട്ടും. കുറച്ചു നാൾ മെന്റൽ ഹോസ്പിറ്റലിൽ ആയിരിക്കും കിടക്കേണ്ടി വരുക. എന്നാലും സാരമില്ല. എനിക്ക് ജയിലിൽ പോകേണ്ടി വരില്ലല്ലോ.” ശിവപ്രസാദ് തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ശബ്ദം വളരെ താഴ്ത്തിയാണ് അത്രയും സംസാരിച്ചത്.
മകന്റെ കാഞ്ഞ ബുദ്ധി കണ്ട് ഊർമിള ഒരു നിമിഷം കരയാൻ മറന്ന് വായ പൊത്തി ഇരുന്ന് പോയി.
“അപ്പോ ഈ ആക്‌സിഡന്റ് നീ മരിക്കാൻ വേണ്ടി ചെയ്തതല്ലേ?” ഊർമിള മെല്ലെ ചോദിച്ചു.
“അല്ല… മരിക്കില്ലെന്ന ഉറപ്പോടെ തന്നെയാ ജീപ്പിന് പിന്നിൽ വന്ന കാറിന് മുന്നിലേക്ക് ഞാൻ എടുത്തു ചാടിയത്. ഒരു സഹതാപ തരംഗം സൃഷ്ടിക്കാൻ അത് അത്യാവശ്യമായിരുന്നു അമ്മേ. ജയിലിൽ പോയി കിടക്കാതെ രക്ഷപ്പെടാൻ അതല്ലാതെ വേറെ വഴി ഇല്ലായിരുന്നു എനിക്ക്.
ഗായത്രിയുടെ കൈയ്യിൽ എനിക്കെതിരെ തെളിവുകൾ ഉണ്ട്. അത് പക്ഷേ നാട്ടുകാരെ കാണിക്കാൻ അവൾക്ക് കഴിയില്ല. അതുകൊണ്ട് ഞാൻ നിരപരാധി ആണെന്ന രീതിയിൽ പറഞ്ഞു നിൽക്കാൻ എനിക്ക് പറ്റും. എന്റെ ആത്മഹത്യാ ശ്രമം കൂടി ആയപ്പോൾ ഇനി കേൾക്കുന്നവർ രണ്ട് രീതിയിൽ ചിന്തിച്ചോളും. അവളെന്നെ അത്രയ്ക്ക് നാണംകെടുത്തി അമ്മേ. തോറ്റു പിന്മാറി ഓടാൻ എനിക്ക് വയ്യ. എനിക്കും ജീവിച്ചല്ലേ പറ്റു. ഗായത്രിയുടെ കാല് പിടിച്ചു നാണം കെടാൻ ഞാനില്ല. പകരം ഇങ്ങനെയൊക്കെ കേസിൽ നിന്ന് ഊരിപോരാൻ ഞാൻ ശ്രമിക്കും.”
ശിവപ്രസാദ് എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു.
“അതിന് ഈ ഡോക്ടർ നിനക്ക് ഭ്രാന്ത് ഉണ്ടെന്ന് പറഞ്ഞാൽ അല്ലെ കോടതി വിശ്വസിക്കു.”
“ഇയാളെ കൈക്കൂലി കൊടുത്തു വശത്താക്കാൻ ഒന്നും പറ്റുന്ന ടൈപ്പ് അല്ലെന്ന് തോന്നുന്നു. നന്നായി അഭിനയിക്കേണ്ടി വരും. ഭയങ്കര ഓവർ ആയിട്ട് ഒന്നും അലമ്പ് കാണിക്കില്ല ഞാൻ. ഭ്രാന്തിന്റെ ലക്ഷണം പോലെ ചെറുതായി എന്തെങ്കിലും അടവ് കാണിക്കേണ്ടി വരും. അപ്പോൾ പിന്നെ ഡോക്ടർ സ്വാഭാവികമായും ഓരോ ടെസ്റ്റുകൾ ചെയ്യാൻ പറയും. ആക്‌സിഡന്റ്ന്റേ ഷോക്ക് ആയിരിക്കാം എന്ന് അയാളും വിചാരിക്കും. കുറച്ചു നാളത്തെ ട്രീറ്റ്മെന്റ് കൊണ്ട് മാറാവുന്നതാണ് എന്നായിരിക്കും പറയുക. കോടതിയിൽ അത്രയൊക്കെ കിട്ടിയാൽ മതി. ബാക്കി വക്കീലിന്റെ മിടുക്ക് പോലെ ഇരിക്കും.
ഞാൻ പറഞ്ഞതൊന്നും അമ്മ അച്ഛനോട് പറയരുത്. എനിക്ക് ഇക്കാര്യത്തിൽ മറ്റാരെയും വിശ്വാസമില്ല. ഈ നിമിഷം മുതൽ അമ്മയും നന്നായി അഭിനയിച്ചോ.” ശിവപ്രസാദ് പറഞ്ഞത് കേട്ട് ഊർമിള അനുസരണയോടെ തലയാട്ടി.
“എന്നാലും നീ വണ്ടിക്ക് മുന്നിൽ ചാടിയത് കുറച്ചു കടന്ന കയ്യായി പോയി. നിന്റെ കാലൊടിഞ്ഞില്ലേ.”
“ഇത് ഒരു മാസം കൊണ്ട് മാറിക്കോളും അമ്മേ. അതിനേക്കാൾ വലുതല്ലേ ബാക്കി പ്രശ്നങ്ങൾ.”
“നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു മോനെ. നീ പൂച്ചയെ പോലെയാ. എത്ര ഉയരത്തിൽ നിന്ന് വീണാലും താഴെ എത്തുമ്പോ നീ നാല് കാലിൽ വന്ന് നിന്നോളും.”
“എങ്കിൽ പിന്നെ അമ്മ പൊയ്ക്കോ. ഡോക്ടർ ചോദിച്ചാൽ ഞാൻ അമ്മയെ തിരിച്ചറിഞ്ഞു എന്നും പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറഞ്ഞുവെന്ന് മാത്രം പറഞ്ഞാൽ മതി.”
“അത് ഞാൻ ഏറ്റു.” ഊർമിള അവന്റെ ശിരസ്സിൽ ഒന്ന് തഴുകിയിട്ട് പുറത്തേക്ക് പോയി.
“അമ്മേ… ഏട്ടൻ മിണ്ടിയോ അമ്മയോട്.” ഊർമിള വരുന്നത് കണ്ടതും വിഷ്ണു ചോദിച്ചു.
അവന്റെ ചോദ്യം കേട്ട പാടെ ഊർമിള വായ പൊത്തി കരയാൻ തുടങ്ങി.
“അവനെന്നെ തിരിച്ചറിഞ്ഞു വിഷ്ണു. പക്ഷേ പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എനിക്കിതൊന്നും കണ്ട് നിൽക്കാൻ വയ്യ. പാവം എന്റെ മോൻ… എങ്ങനെ ഇരുന്നവനാ. ഇപ്പോ അവന്റെ ഗതികേട് കണ്ടില്ലേ ഈശ്വരാ നീ.” ഊർമിള തലയ്ക്കു കൈ വച്ച് കരഞ്ഞു.
“അമ്മ ഇവിടെ ഇരിക്ക്. ഞാൻ പോയി ഏട്ടനെ കണ്ടിട്ട് വരട്ടെ.” ഊർമിളയെ അവിടെയുള്ള ചെയറിൽ പിടിച്ചിരുത്തിയ ശേഷം വിഷ്ണു ശിവയുടെ അടുത്തേക്ക് പോയി.
അവൻ ചെല്ലുമ്പോൾ ശിവപ്രസാദ് കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു.
“ഏട്ടാ…” അവൻ വിളിച്ചു. ശിവപ്രസാദ് കേട്ടെങ്കിലും മിണ്ടാതെ കിടന്നു.
“ഏട്ടാ….” വിഷ്ണു കുറച്ചു ഉച്ചത്തിൽ വിളിച്ചു.
പെട്ടെന്ന് ശിവപ്രസാദ് കണ്ണ് തുറന്ന് അവനെ തുറിച്ചു നോക്കി.
കുറച്ചു സമയം വിഷ്ണുവിനെ തന്നെ നോക്കി ശിവപ്രസാദ് അനങ്ങാതെ കിടന്നു. പിന്നെ ആ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു.
“വിഷ്ണു…” അവൻ വിളിച്ചു.
ഏട്ടൻ തന്നെ തിരിച്ചറിഞ്ഞുവെന്ന് കണ്ടപ്പോൾ വിഷ്ണുവിന് സമാധാനം തോന്നി. അവന് കാര്യമായ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് അവന് തോന്നി.
“ഏട്ടന് നടന്നതൊക്കെ ഓർമ്മയുണ്ടോ? ഏട്ടത്തിയെ ഏട്ടൻ എന്താ ചെയ്തത്?” വിഷ്ണു ശാന്തമായ സ്വരത്തിൽ ചോദിച്ചു.
“നീ എന്താ ചോദിക്കുന്നത് വിഷ്ണു? എനിക്കിത് എന്താ പറ്റിയെ? ഞാൻ എങ്ങനെ ആശുപത്രിയിൽ വന്നു…” ശിവപ്രസാദ് പകപ്പോടെ ചോദിച്ചു.
“ഏട്ടന് ഒന്നും ഓർമ്മയില്ലേ?”
“അതിന് ഞാൻ എന്തെങ്കിലും മറന്നോ.”
“ഗായത്രി ഏട്ടത്തിയെ ഏട്ടൻ മറന്ന് പോയോ? നിങ്ങൾ തമ്മിൽ ഇന്നലെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായില്ലേ?”
“ഏത് ഗായത്രിയെ കുറിച്ച നീ പറയുന്നത്?” ശിവപ്രസാദ് അജ്ഞത നടിച്ചു.
കൂടം കൊണ്ട് തലയ്ക്കടിയേറ്റത് പോലെ വിഷ്ണു തരിച്ചു നിന്നു. അവൻ എന്തൊക്കെയോ മറന്ന് പോയിട്ടുണ്ടെന്ന് വിഷ്ണുവിന് തോന്നി…..കാത്തിരിക്കൂ………