Novel

യെസ് യുവർ ഓണർ: ഭാഗം 24

[ad_1]

രചന: മുകിലിൻ തൂലിക

സായന്ത് അവരെ കേൾക്കാൻ തയ്യാറായത് പോലെ ചെയറിൽ നിന്ന് ഉയർന്നിരുന്ന് കൈകൾ കോർത്ത്പ്പിടിച്ച് ടേബിളിലേക്ക് വെച്ചു.. ആ സ്ത്രീ തെല്ലൊരു ഭയത്തോടെ ചുറ്റും നോക്കി കൊണ്ട് ” ബുദ്ധിമുട്ടാവില്ലെങ്കിൽ മോൻ എന്നോടൊപ്പം പുറത്തേക്ക് വരോ.. നമുക്ക് പുറത്ത് പോയി സംസാരിക്കാം” “എന്ത് ബുദ്ധിമുട്ട് അമ്മേ ഞാൻ വരാമല്ലോ” സായന്ത് ചിരിയോടെ തന്റെ ചെയറിൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു.. അവന് തൊട്ടു പുറകിലായി ആ സ്ത്രീയും.. പുറത്തേക്ക് ഇറങ്ങി വരുന്ന സായന്തിനെ കണ്ട് കുമാരൻ അടുത്തേക്ക് വന്നു.. “ആ.. കുമാരേട്ടാ.. ഞാനൊന്ന് പുറത്ത് പോവുകയാണ്.. നമ്മുടെ ആ ചെങ്ങാലൂർ മർഡർ കേസിന്റെ ആള് വരാണെങ്കിൽ എന്നെയൊന്ന് വിളിച്ചോളൂ” സായന്ത് അത് പറഞ്ഞ് പുറകിൽ വന്നിരുന്ന സ്ത്രീയെ നോക്കി കൊണ്ട് കാറിനടുത്തേക്ക് നടന്നു..

കുമാരനും അവരെ നോക്കുന്നുണ്ടായിരുന്നു.. ആ സ്ത്രീ കുമാരന് മുഖം കൊടുക്കാതെ തലകുനിച്ചു സാരി തലപ്പ് കൊണ്ട് മുഖം തുടയ്ക്കാണെന്ന വ്യാജേന വേഗത്തിൽ നടന്ന് നീങ്ങി.. കുമാരൻ അവരെയൊന്ന് ഇരുത്തി നോക്കി ഓഫീസിലേക്ക് കയറി പോയി.. അവർ സായന്തിന് അരികിൽ എത്തിയതും അവൻ കാറിന്റെ ബാക്ക് ഡോർ തുറന്ന് കൊടുത്തു.. അവരപ്പോഴും ഒരു പകപ്പോടെ ചുറ്റും നോക്കി കൊണ്ട് കാറിലേക്ക് കയറി.. അവർക്ക് പിന്നാലെ സായന്തും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടിയെടുത്തു.. കാറിലെ ഏസിയുടെ തണുപ്പിൽ ഇരുന്നിട്ടും ആ സ്ത്രീ ആകെ വിയർത്തു ഒലിക്കുന്നുണ്ടായി..

എന്തൊക്കെയോ പരിഭ്രമങ്ങൾ അവർക്കുള്ളത് പോലെ… സാരി തലപ്പു കൊണ്ട് മുഖം ഒപ്പി അവർ കാറിന്റെ പുറകിലെ ഗ്ലാസ്സിലൂടെ പരിഭ്രമത്തോടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു.. ആരെയോ ഭയക്കുന്നതായി അവരുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.. സായന്ത് അവരുടെ ഭാവങ്ങൾ കണ്ണാടിയിലൂടെ നോക്കി കൊണ്ട് ” എവിടേയ്ക്കാ അമ്മേ പോകണ്ടേ” ” ങേ.. എന്താ മോൻ ചോദിച്ചേ” ” എവിടേക്കാ പോകേണ്ടതെന്ന്… അമ്മയൊന്നും പറഞ്ഞില്ല” ” അത്.. അത് തിരക്കൊഴിഞ്ഞ ഒരു സ്ഥലമായാൽ നന്നായിരുന്നു മോനേ” അവർ പിന്നെയും സാരി തലപ്പ് കൊണ്ട് വിയർപ്പൊപ്പി..

സായന്ത് മെയിൻ റോഡിൽ നിന്നും തിരക്കൊഴിഞ്ഞ ഒരു മൺ വഴിയിലൂടെ വണ്ടിയോടിച്ച് ഏതാനും നിമിഷങ്ങൾക്കകം പുഴയ്ക്കരികിലായി വണ്ടി നിർത്തി.. സായന്ത് ഡോർ തുറന്ന് പുറത്തിറങ്ങി അവർക്കിറങ്ങാനായി ബാക്ക് ഡോർ തുറന്ന് കൊടുത്തു.. ” ഇറങ്ങ് അമ്മേ” പുഞ്ചിയോടെയാണവൻ പറഞ്ഞത്.. അവനെ നോക്കി വിളറിയ ചിരിയുമായി അവർ പുറത്തേക്കു ഇറങ്ങി ചുറ്റും നിരീക്ഷിക്കാൻ തുടങ്ങി.. സായന്ത് കാറിൽ ഇരുന്നിരുന്ന ഒരു ബോട്ടിൽ വെള്ളമെടുത്ത് അവർക്കായി നീട്ടി കൊണ്ട് ” ഇവിടേക്ക് അങ്ങനെയാരും വരാറില്ല അമ്മേ..” സായന്തിനെ നോക്കി വിളറിയ ചിരി ചിരിച്ച് അവർ വെള്ളം വാങ്ങി വേഗത്തിൽ കുടിച്ച് അടുത്ത കണ്ട കടപുഴകി വീണ് കിടന്നിരുന്ന മരത്തിലേക്ക് ഇരുന്നു..

അവരെ നോക്കി കൊണ്ട് സായന്ത് തന്റെ കാറിലേക്ക് ചാരി കൈകൾ നെഞ്ചിലേക്ക് പിണച്ചു കെട്ടി.. അവർ പുഴയിലെ ഓളങ്ങളിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്.. അവർക്ക് പറഞ്ഞ് തുടങ്ങാൻ സമയം വേണമെന്ന് തോന്നിയതിനാൽ സായന്തും ക്ഷമയോടെ നോക്കി നിന്നു.. പക്ഷേ കുറേയേറെ സമയത്തിന് ശേഷവും അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും കാണാത്തതിനാൽ സായന്ത് ” അമ്മേ.. ” അവർ തന്റെ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.. ” ആ.. മോനേ” ” നമ്മളിവിടെ വന്നിട്ട് കുറച്ച് നേരമായി.. പറയാനുള്ള കാര്യമൊന്നും അമ്മ പറഞ്ഞില്ല” അവർ സായന്തിന്റെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് കണ്ണുകൾ നിറച്ച് ” ഞാൻ അവന്തികയുടെ അമ്മയാണ്.. മോന്റെ കല്ല്യാണിയുടെ അമ്മ”

” കല്ല്യാണിയുടെ അമ്മയോ..” സായന്തിന്റെ മുഖത്തൊരു ഞെട്ടൽ വ്യക്തമായി ” അതേ ” അവരൊരു വിഷാദ ചിരിയോടെ തലകുലുക്കി.. സായന്ത് ഞെട്ടലോടെ അവരെ തന്നെ നോക്കി നിൽക്കുകയാണ്.. ” പ്രഗൽഭനായ വാസുദേവ മേനോന്റെ ഭാര്യ.. നിർമ്മല വാസുദേവ മേനോൻ” അത് പറയുമ്പോൾ അവരുടെ മുഖത്തൊരു പുച്ഛം നിറഞ്ഞിരുന്നു.. ” ഞാനിന്നലെ അവിടേക്ക് വന്നപ്പോൾ അമ്മയെ കണ്ടില്ലല്ലോ” ” എന്റെ വിധി അതാണ് മോനേ.. ഒരുതരം വീട്ടു തടങ്കൽ” സായന്തിന് ഒന്നും മനസ്സിലായില്ല.. അവൻ സംശയത്തോടെ നിർമ്മലയെ നോക്കി കൊണ്ട് നിന്നു.. “മോനൊന്നും മനസ്സിലായി കാണില്ലലേ.. അമ്മ വിശദീകരിച്ച് പറയാം”

അവർ കയ്യിലെ വെള്ളം കുപ്പിയിൽ നിന്ന് ഒരിറക്ക് വെള്ളം കുടിച്ച് സാരി കൊണ്ട് മുഖം തുടച്ചു.. ” എന്റെ മോളുടെ കണ്ണീര് കണ്ട് നിൽക്കാൻ സാധിക്കാത്തത് കൊണ്ടാണ് മോനേ ചില കാര്യങ്ങൾ അറിയിക്കാനായി ഈ അമ്മ വന്നത്.. എന്റെ മോളൊരു പാവമാണ്… ജനിച്ച് വീണ നാൾ മുതൽ ഈ നിമിഷം വരെ കണ്ണീരു മാത്രമമേ അവൾക്ക് വിധിച്ചിട്ടൊള്ളൂ..” അവർ നിറഞ്ഞ് വന്ന കണ്ണുകൾ അമർത്തി തുടച്ച് ” അവൾ ജനിച്ച് വീണ സമയം എന്നേയും എന്റെ മോളേയും തനിച്ചാക്കി അവളുടെ അച്ഛൻ എന്റെ ശ്രീനിയേട്ടൻ ഞങ്ങളെ വിട്ട് പോയി.. ഒരു ആക്സിഡൻറിൽ അദ്ദേഹം ഈ ഭൂമിയിൽ നിന്ന് വിടവാങ്ങുന്ന സമയമാണ് ഞാൻ എന്റെ മോൾക്ക് ജന്മം നൽകുന്നത്”

” അപ്പോൾ മേനോൻ വക്കീൽ കല്ല്യാണിയുടെ അച്ഛനല്ലേ” സായന്ത് താൻ കേൾകുന്ന കാര്യങ്ങൾ വിശ്വസിക്കാനാകാതെ നിൽക്കുകയാണ്.. ” രണ്ടാനച്ഛൻ എന്നതിൽ കവിഞ്ഞ് ഒരു ബന്ധവും എന്റെ മോൾക്ക് അയാളുമായി ഇല്ല.. പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഞാനും ശ്രീനിയേട്ടനും.. വീട്ടുകാർക്ക് ആർക്കും ഒരു എതിർപ്പും ഇല്ലായിരുന്നു.. സ്വർഗം പോലൊരു ജീവിതമായിരുന്നു ഞങ്ങളുടേത്.. അധികം താമസിയാതെ എനിക്ക് വിശേഷമായത്തോടെ ജീവിതം അതിമധുരമായി മാറി.. ഞാൻ മോളേ മൂന്ന് മാസമുള്ളപ്പോഴാണ് ശ്രീനിയേട്ടന്റെ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്..

കുടുംബത്തിലെ മൂത്തമകനായതിനാൽ ബിസിനസ്സിന്റെ ചുമതലയൊകെ പിന്നീട് ശ്രീനിയേട്ടനായി.. ബിസിനസ് മീറ്റിങ്ങുകളും മറ്റുമായി അദ്ദേഹം എപ്പോഴും തിരക്കിലായിരിക്കും.. ആ ഇടയ്ക്കാണ് കമ്പനിയുടെ ലീഗൽ അഡ്വൈസർ ആയി മേനോനെ നിയമിക്കുന്നത്.. തന്റെ കഴിവും അതി വിനയം കൊണ്ടും മേനോൻ ചുരുങ്ങിയ കാലം കൊണ്ട് ശ്രീനിയേട്ടന്റെ വിശ്വസ്തനായി മാറിയിരുന്നു.. വീട്ടുകാർക്കും അയാളെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു.. ” നിർമ്മല ഒന്ന് നിർത്തി ഇരുന്നിടത്ത് നിന്ന് എണീറ്റു.. പുഴയിലേക്ക് കണ്ണ് നട്ട് നിന്നു.. അവരുടെ വാക്കുകൾക്ക് കാതോർത്ത് തൊട്ടു പുറകിലായി സായന്തും.. ” ഡെലിവറി ഡേറ്റ് അടുത്ത് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ സമയത്താണ് ഞങ്ങളുടെ കോയമ്പത്തൂരുള്ള തുണിമില്ലിൽ ചെറിയൊരു പ്രശ്നം ഉണ്ടായതിനെ തുടർന്ന് ശ്രീനിയേട്ടന് അവിടേക്ക് പോകേണ്ടതായി വന്നത്..

ശ്രീനിയേട്ടൻ പോയി രണ്ട് ദിവസം കഴിഞ്ഞതും എനിക്ക് ഡെലിവറി പെയിൻ തുടങ്ങി.. ശ്രീനിയേട്ടനെ വിളിച്ചു അറിയിച്ചപ്പോൾ ഏട്ടൻ അവിടുന്ന് പുറപ്പെട്ടു.. പക്ഷേ..” നിർമ്മലയുടെ മുഖത്ത് അവരുടെ ഉള്ളിൽ തിങ്ങുന്ന വേദന വ്യക്തമായിരുന്നു… ” പക്ഷേ.. അതൊരിക്കലും ഞങ്ങൾക്ക് അരികിലേക്ക് ആയിരുന്നില്ല.. ഒരു ആക്സിഡൻറിന്റെ രൂപത്തിൽ ശ്രീനിയേട്ടനെ ഞങ്ങൾക്ക് എന്നന്നേക്കുമായി നഷ്ടമായി.. ഡെലിവറി സമയത് ചെറിയ കോംപ്ലീക്കേഷൻസ് ഉണ്ടായിരുന്നു.. രണ്ട് ദിവസത്തോളം ബോധമില്ലാതെ ഞാൻ ഐസിയുവിൽ ആയിരുന്നു.. എന്റേ പ്രിയപ്പെട്ടവനെ എനിക്ക് എന്നന്നേക്കുമായി നഷ്ടമായെന്ന് അറിയാതെ.. ഒരു നോക്ക് കാണാൻ കൂടി സാധിച്ചില്ല എനിക്ക്..

ഞങ്ങളുടെ മോളുടെ മുഖമൊന്നു കാണാൻ സാധിക്കാതെ അദ്ദേഹം ഞങ്ങളെ തനിച്ചാക്കി പോയി..” നിർമ്മല വിങ്ങി പുറത്തേക്ക് വന്ന കരച്ചിൽ അടക്കിപ്പിടിച്ച് നിൽക്കുകയാണ്.. അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ നിസ്സഹായനായി സായന്തും നോക്കി നിന്നു.. പ്രിയപ്പെട്ടവരുടെ നഷ്ടം എത്രത്തോളം ഭയാനകമായ സത്യമാണെന്ന് അവനേക്കാളും ബോധ്യമുള്ള മറ്റൊരാളും ഉണ്ടാകില്ലല്ലോ.. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് നിന്ന അവസ്ഥ ഒരുനിമിഷം അവന്റെ ഓർമ്മകളിൽ ഒരു തിരശ്ശീലയിൽ എന്നപോൽ മിന്നി മറഞ്ഞു.. ” അദ്ദേഹം ഞങ്ങളെ തനിച്ചാക്കി പോയെന്ന സത്യം മനസ്സിലാക്കാൻ എനിക്കൊരുപാട് സമയം വേണ്ടി വന്നു..

എന്റെ മകളുടെ ജാതക ദേഷമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബം ഞങ്ങളെ കയ്യൊഴിഞ്ഞു.. അപ്പോഴെല്ലാം താങ്ങായി നിന്നത് എന്റെ വീട്ടുകാരും മേനോനും ആയിരുന്നു.. തന്റെ മരണം മുന്കൂട്ടി കണ്ടിരുന്നത് പോൽ ശ്രീനിയേട്ടൻ അദ്ദേഹം എല്ലാ സ്വത്തുക്കളും എന്റെ പേരിൽ എഴുതിയിരുന്നു.. അത് കൊണ്ട് എനിക്കും എന്റെ മോൾക്കും തെരുവിലിറങ്ങി തെണ്ടേടി വന്നില്ല.. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എന്റെ അച്ഛനും സഹോദരന്മാരും വന്നിട്ടും ഞാൻ പോയില്ല.. എന്റെ ശ്രീനിയേട്ടന്റെ ഓർമ്മകൾ നിറഞ്ഞ വീട്ടിൽ നിന്ന് പോകാൻ എന്നെ കൊണ്ട് സാധിക്കില്ലായിരുന്നു.. ഒറ്റയ്ക്കായ ഞങ്ങളെ സഹായത്തിനായി മേനോൻ കൂടെ കൂടെ വീട്ടിലേക്ക് വരുമായിരുന്നു..

മേനോന്റെ സ്വഭാവ ഗുണം കണ്ട് എന്റെ അച്ഛനൊക്കെ അയാളെ വിവാഹം കഴിക്കാൻ നിർബ്ബന്ധിച്ചു.. ആദ്യമൊക്കെ ഞാനും ഒരുപാട് എതിർത്തു.. പക്ഷേ മേനോന് എന്റെ മോളോടുള്ള സ്നേഹവും വാത്സല്യവും കണ്ടപ്പോൾ അവൾക്കൊരു അച്ഛന്റെ വാൽസല്യവും കരുതലും കിട്ടേണ്ടത് ആവിശ്യമാണെന്ന് കരുതി ഞാൻ അയാളെ വിവാഹം കഴിക്കാൻ സമ്മതം മൂളി.. എന്റെ വീട്ടുകാർ മാത്രമായി ആ ചടങ്ങ് വളരെ ലളിതമായി നടന്നു.. ആദ്യമെല്ലാം മേനോനും വളരെ സ്നേഹമായിരുന്നു.. എന്റെ മോളേ സ്വന്തം മോളായി കണ്ട് സ്നേഹിച്ചു.. പിന്നീട്…” ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകൾ മനസ്സിൽ തെളിഞ്ഞതും നിർമ്മലയുടെ മുഖത്ത് വല്ലാത്തൊരു വേദന നിഴലിച്ചു.. “

പിന്നീട് എന്തുണ്ടായി അമ്മേ ” സായന്ത് കാര്യങ്ങൾ അറിയാനായി തിടുക്കം കൂട്ടി.. ” ഇടയ്ക്കിടെ മേനോൻ എന്റെ കയ്യിൽ നിന്ന് കമ്പനി ആവിശ്യത്തിനാണെന്ന് പറഞ്ഞ് ചെക്കുകൾ ഒപ്പിട്ട് വാങ്ങിക്കാൻ തുടങ്ങി.. ആദ്യം ഒന്നോ രണ്ടോ ലക്ഷത്തിൽ മാത്രം ഒതുങ്ങിയിരുന്ന തുക പിന്നീട് അഞ്ചും പത്തും ലക്ഷത്തിലേക്ക് കടന്നു.. എന്റെ ശ്രീനിയേട്ടൻ ചോര നീരാക്കി സമ്പാദിച്ചത്.. എനിക്ക് ചില സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.. ഒരു ദിവസം 15 ലക്ഷത്തിന്റെ ചെക്കുമായി വന്ന അയാളോട് എന്ത് അവിശ്യത്തിനാണ് ഇത്രയും തുക എന്തിനാണെന്ന് വ്യക്തമാക്കാതെ ഒപ്പിട്ട് തരില്ലെന്ന് പറഞ്ഞു ഞാൻ.. ആ നിമിഷം അയാളുടെ ഉള്ളിലെ ക്രൂരഭാവം പുറത്തേക്ക് വന്നു.. എന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ഒരുപാട് തല്ലി ഒരു മുറിയിൽ പൂട്ടിയിട്ടു.. എന്റെ മോൾക്കപ്പോൾ ഒരു വയസ്സ് ആയിട്ടില്ല..

അന്ന് മുഴുവനും എന്റെ മോൾ വിശന്ന് കരഞ്ഞു.. അയാളോട് കരഞ്ഞ് കാലുപിടിച്ച് മുറി തുറന്ന് തന്നത്.. അന്ന് മുതൽ അയാളുടെ കാര്യങ്ങൾക്ക് ഞാൻ തടസ്സം നിൽക്കുകയാണെങ്കിൽ അയാളന്റെ മകളെ ഉപദ്രവിക്കാനൊരുങ്ങും.. അയാൾ കേസുവാദിക്കാൻ കോടതിയിൽ പോകുമ്പോൾ മാത്രമാണ് ഞങ്ങൾ രണ്ടാളും പേടിയില്ലാതെ ഇരിക്കുന്നത്.. ക്രമേണ അതിനും മാറ്റം വരാൻ തുടങ്ങി.. കോടതിയിൽ നിന്ന് വരുന്നതും അയാൾ എന്നെയും മകളെയും ഉപദ്രവിക്കാൻ തുടങ്ങി.. അതിന് കാരണം ശങ്കർ വക്കീലാണ്.. മോന്റെ അച്ഛൻ..” ” എന്റെ അച്ഛനോ.. അത് എങ്ങനെ” സായന്ത് ഒരു ഞെട്ടലോടെയാണ് ചോദിച്ചത്…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button