Novel

തണൽ തേടി: ഭാഗം 15

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അപ്പൊൾ നിന്റെ കല്യാണം കാണുക എന്നൊക്കെ പറഞ്ഞാൽ അത് അവരുടെ ഒരു വലിയ ആഗ്രഹം തന്നെയായിരിക്കും. നമുക്ക് അവരെ കുറ്റം പറയാൻ പറ്റൂമോ.?

സണ്ണി ചോദിച്ചപ്പോൾ ഒരു നിമിഷം സെബാസ്റ്റ്യനിലും ഒരു വേദന ഉടലെടുത്തിരുന്നു

“അമ്മച്ചിക്ക് നല്ല സങ്കടം ഉണ്ടെന്ന് എനിക്ക് പറയാതെ തന്നെ മനസ്സിലാവും സണ്ണിചാച്ചാ, പക്ഷേ ഞാൻ ചെയ്തത് ഒരു വലിയ തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല. എന്റെ മനസ്സിൽ അത് വലിയ ശരിയാണ്. അതിന് കാരണങ്ങൾ ഒരുപാടുണ്ട്. എന്നെങ്കിലും ഒരിക്കൽ ഞാൻ അത് പറയാം. ചിലപ്പോൾ അത് മനസ്സിലാക്കിയെടുക്കാൻ ഇപ്പോൾ ആർക്കും സാധിക്കില്ല. അമ്മച്ചി വേദനിക്കുമ്പോൾ അമ്മച്ചിയെക്കാളും ഒരു നൂറിരട്ടി വേദനിക്കുന്നത് ഞാന് ആണ്. എനിക്ക് അമ്മച്ചിയുടെ കണ്ണ് നിറയുന്നത് സഹിക്കാൻ പറ്റത്തില്ല…

അവന്റെ കണ്ണുകൾ കലങ്ങി ചുവന്നു.

” അതെ അമ്മച്ചി പറഞ്ഞു തന്ന കാര്യങ്ങൾ ഓർത്തത് കൊണ്ട് തന്നെയാണ് ഇന്ന് ഞാൻ ഇങ്ങനെ ചെയ്തത്. എന്നെങ്കിലും ഒരിക്കൽ അമ്മച്ചിക്ക് എന്നെ മനസ്സിലാക്കാൻ പറ്റും.

അവൻ പറഞ്ഞു

കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും ന്യായത്തിന്റെ കൂടെ അല്ലാതെ സെബാസ്റ്റ്യൻ നിൽക്കില്ല എന്നുള്ള കാര്യം സണ്ണിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവന്റെ തോളിൽ ഒന്ന് തട്ടി ആശ്വസിപ്പിച്ചിരുന്നു സണ്ണി.

പെട്ടെന്നാണ് ഒരു ഇന്നോവ കാർ ആ വീടിന്റെ മുകളിലേ വഴിയിൽ കൊണ്ട് നിർത്തിയത്…

വണ്ടിയുടെ വെട്ടം കണ്ടുകൊണ്ട് ശിവനും സെബാസ്റ്റ്യനും ആണ് അവിടേക്ക് പോയത്. അതിൽ നിന്നും ഇറങ്ങിയത് ആദർശ് ആയിരുന്നു. അവൻ തങ്ങൾക്ക് പിന്നാലെ ഉണ്ടെന്ന് അതോടെ സെബാസ്റ്റ്യൻ ബോധ്യമായി.. ശിവൻ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി..

” അണ്ണാ ഇതൊരു വള്ളിക്കെട്ട് കേസ് ആണ് കൂടെ നിന്നോണേ

ശിവനോട് സ്വകാര്യമായി സെബാസ്റ്റ്യൻ പറഞ്ഞു.

ശേഷം വീട്ടിലേക്ക് ഒന്ന് നോക്കി. സണ്ണിയും സാബുവും എന്തോ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അമ്മച്ചിയെ കാണാൻ പോലുമില്ല. അകത്തു നിന്നും ആരും ഇറങ്ങി വരരുതേ എന്ന് സെബാസ്റ്റ്യൻ ആഗ്രഹിച്ചു. ആരെയും ഇങ്ങോട്ടും കടത്തി വിടരുത് എന്ന് ശിവനോട് പറഞ്ഞിട്ട് ആദർശിന്റെ അരികിലേക്ക് അവൻ നടന്നു ചെന്നു.

” തനിക്കെന്താ വേണ്ടത്.?

അവന്റെ അരികിലേക്ക് ചെന്നുകൊണ്ട് സെബാസ്റ്റ്യൻ ചോദിച്ചു.

” എനിക്ക് വേണ്ട പ്രോപ്പർട്ടി ആണ് നീ പോലീസ് സ്റ്റേഷനിൽ നിന്നും ഇങ്ങോട്ട് കൊണ്ടുവന്നത്.

അവന്റെ മുഖത്തേക്ക് നോക്കി ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് ലൈറ്റർ കൊണ്ട് കത്തിച്ച് ആദർശ് പറഞ്ഞു.

” എടാ ചെറുക്കാ നിനക്ക് അവളെ കൊണ്ട് ഒരു ഉപകാരം ഉണ്ടാകാൻ പോകുന്നില്ല. അവളുടെ അപ്പൻ ഏതാണ്ട് അവളെ എഴുതി തള്ളിയ മട്ടാ. ഇനി നിനക്ക് ആ വീട്ടിൽ നിന്നും പ്രത്യേകിച്ചൊന്നും കിട്ടാൻ പോകുന്നില്ല. അവളുടെ സ്വത്തോ പണമോ വല്ലോം കണ്ടാണ് നീ പ്രേമിച്ചതെങ്കിൽ അതുകൊണ്ട് ഒരു ഗുണവുമില്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം. അതല്ല നിനക്ക് പണമാണ് ആവശ്യമെങ്കിൽ ഞാനത് തരാം. നീ ആഗ്രഹിക്കുന്നതിലും കൂടുതൽ… പോലീസ് സ്റ്റേഷനിൽ എഴുതി വെച്ചതൊന്നും നീ കണക്കാക്കേണ്ട. അതൊക്കെ തേച്ചുമാച്ചുകളയാൻ എനിക്ക് പറ്റും. പിന്നെ ഒന്ന് രണ്ട് ദിവസം അവളുടെ കൂടെ കഴിഞ്ഞിട്ടെ വിട്ട് തരാൻ പറ്റത്തൊള്ളൂ എങ്കിൽ അങ്ങനെ… അതൊന്നും എനിക്ക് വിഷയമല്ല. അവളെ എനിക്ക് കിട്ടിയാൽ മതി. നീ ചോദിക്കുന്ന പണം ഞാൻ തരും. ഒരു മനുഷ്യകുഞ്ഞു പോലും അറിയില്ല..

അവന്റെ വർത്തമാനം കേട്ട് സെബാസ്റ്റ്യന് ദേഷ്യം വന്നു പോയിരുന്നു

ആരുമില്ലന്ന് ഉറപ്പുവരുത്തി അവൻ പെട്ടെന്ന് ആദർശിന്റെ കോളറിൽ കടന്നു പിടിച്ചു, ശേഷം അവനെ മതിലിന്റെ ഭിത്തിയിലേക്ക് അമർത്തിപ്പിടിച്ചു. ആ നിമിഷം അവന് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല.

” വീട്ടിൽ ചെന്ന് നിന്റെ അമ്മയേ കൂട്ടി കൊണ്ട് പോടാ കഴുവർടെ മോനെ…

ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി സെബാസ്റ്റ്യൻ പറഞ്ഞു

“നീയൊക്കെ അതും ചെയ്യും, സ്വന്തം അമ്മയെ കൂട്ടിക്കൊടുക്കാനും നിനക്കൊന്നും മടി കാണില്ല…

സെബാസ്റ്റ്യൻ പറഞ്ഞു

“എടാ….

ദേഷ്യത്തോടെ സെബാസ്റ്റ്യന്റെ കഴുത്തിന് കുത്തിപ്പിടിക്കാൻ ഒരുങ്ങിയ ആദർശിന്റെ കൈപിടിച്ച് പിറകിലേക്ക് തിരിച്ചു കളഞ്ഞിരുന്നു സെബാസ്റ്റ്യൻ

” ഇത് കണ്ട പെണ്ണുങ്ങളെ കൂട്ടിക്കൊടുത്ത് നീ ഉണ്ടാക്കിയ തഴമ്പല്ല, ചെറിയ പ്രായത്തിലെ പണിയെടുത്ത് കിട്ടിയത് ആണ്. ഈ കൈ കൊണ്ട് ഒരെണ്ണം കിട്ടിയാൽ ഉണ്ടല്ലോ അത് നീ താങ്ങത്തില്ല.. അതുകൊണ്ട് എന്റെ പിന്നാലെയുള്ള ഈ വരവ് നീ അങ്ങ് നിർത്തിക്കോ. അവൾ എന്റെ കൂടെ ജീവിക്കാൻ ദൈവം വിധിച്ചവൾ ആണെങ്കിൽ ഇവിടെ തന്നെ താമസിക്കും. ആ വിധി മാറ്റാൻ നിന്റെ കയ്യിലിരിക്കുന്ന പണത്തിന് സാധിക്കില്ല. ഇനി മേലാൽ ഇത്തരത്തിലുള്ള തറ പരിപാടിയുമായി എന്റെ വീട്ടിലോട്ട് നീ വന്നാൽ തിരിച്ചുപോന്നത് ഈ കോലത്തിൽ ആയിരിക്കില്ല. അവളുടെ പിന്നാലെ നിന്റെ ദൃഷ്ടി ഇനി ഉണ്ടാവാൻ പാടില്ല. എന്നെ വിശ്വസിച്ച് എന്റെ കൂടെ വന്ന പെണ്ണ് ആണ് അവൾ, എന്റെ ജീവൻ പോയാലും അവളെ ഞാൻ സംരക്ഷിക്കും. നീ നിന്റെ പരിപാടി ഇവിടെ നിർത്തുന്നത് ആണ് നിനക്ക് നല്ലത്. അല്ലെങ്കിൽ നീ കൊണ്ടേ പോകൂ. കേറി പോടാ ചള്ള് ചെക്കാ…..

അതും പറഞ്ഞ് അവനെ പിടിച്ചു വലിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറ്റിയിരുത്തി സെബാസ്റ്റ്യൻ. ശ്വാസം വിടാൻ ആദർശിന് സമയം കിട്ടിയത് അപ്പോഴാണ്.

” ഇനി ഈ വഴിക്ക് കണ്ടാ ഇങ്ങനെ ആവില്ല നീ തിരിച്ചു പോകുന്നത്..

ബലമായി വണ്ടിയുടെ ഡോറടച്ച് സെബാസ്റ്റ്യൻ വീട്ടിലേക്ക് ഇറങ്ങി പോയിരുന്നു .

അവൻ വരുന്നത് കണ്ടപ്പോഴാണ് ശിവനു ആശ്വാസം ആയത്

” ആ വന്നവൻ പോയോടാ..?

അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു ശിവൻ.

അതേ എന്ന അർത്ഥത്തിൽ സെബാസ്റ്റ്യൻ തലയാട്ടി..

” അവൻ ആ കൊച്ചിന്റെ ആരാ..?

” ഞാൻ മുമ്പേ പറഞ്ഞില്ലേ ആ കഥയിലെ വില്ലൻ തന്നെ,

” ഓ ഇവൻ ആണല്ലേ ആ കൊച്ചിനെ മുംബൈയിലേക്ക് കടത്താൻ പ്ലാൻ ഇട്ടത്.

” അതെ

” സെബാനെ ഞങ്ങൾ അങ്ങ് ഇറങ്ങിയേക്കുവാ നീ നാളെ ഏതായാലും വരണ്ട, ഇനി ഇപ്പോൾ രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച്ച വന്നാൽ മതി. ആ കൊച്ച് ഇവിടെ ഒന്ന് പരിചയമായിട്ട് ഇറങ്ങിയാൽ മതി.
നാളെ ഞാൻ അജുവിനോട് മറ്റോ കയറാൻ പറയാം. വെള്ളിയാഴ്ച്ച മുതൽ നീ വന്നാൽ മതി.

സാബു സെബാസ്റ്റ്യനോട്‌ ആയി പറഞ്ഞു. അവൻ തലയാട്ടി സമ്മതിച്ചു.

“സമയം പോലെ ആ കൊച്ചിനെ കൊണ്ട് നീ വീട്ടിലേക്ക് ഇറങ്ങു

അവൻ അതിനും തലയാട്ടി.

” എങ്കിൽ പിന്നെ ഞാനും ഇറങ്ങിയേക്കുവാ നാളെ കാണാം

. ശിവനും സെബാസ്റ്റ്യനോടായി പറഞ്ഞു.

അവൻ തലയാട്ടി സമ്മതിച്ചു.

” എടാ മോനെ ഞാനും ഇറങ്ങട്ടെ

അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സണ്ണി ചോദിച്ചു

” സണ്ണി ചാച്ചൻ ഏതായാലും ഇവിടെ നിക്ക്. അമ്മച്ചിക്ക് ഒരു ആശ്വാസം ആകുമല്ലോ. നാളെ രാവിലെ പോയാ മതി. ചാച്ചനോടും കാര്യം പറയണ്ടേ, ഇപ്പോൾ പറഞ്ഞാൽ ബോധം കാണില്ല,

ചമ്മലോടെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ പിന്നീട് അയാൾ എതിർത്ത് പറഞ്ഞില്ല

അടുക്കളയിലേക്ക് കയറി വെള്ളം കുടിക്കാനായി ചെന്നപ്പോഴാണ് കുളികഴിഞ്ഞ് അടുക്കള വാതിൽ വഴി അകത്തേക്ക് കയറി വരുന്ന ലക്ഷ്മിയെ അവൻ കണ്ടത്.

” ഞാൻ കാരണം വലിയ ബുദ്ധിമുട്ടായി അല്ലേ,

അവൾ അവനോട് ചോദിച്ചു..?……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!