മുഖ്യമന്ത്രിയോട് നന്ദിയുണ്ട്; വന നിയമഭേദഗതി പിൻവലിച്ചതിനെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത
വന നിയമ ഭേദഗതി ബിൽ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത. വനനിയമ ഭേദഗതി പിൻവലിച്ചത് ആശ്വാസകരമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി. മലയോര ജനതയുടെ ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചു.
മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ബിഷപ്പ് കിരാതനിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും കുറ്റപ്പെടുത്തി. സമ്മർദ്ദം കൊണ്ടാണ് ഭേദഗതി പിൻവലിച്ചത്. പി വി അൻവറിന്റെ തീരുമാനങ്ങൾ സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. അൻവറിന് നന്ദി പറഞ്ഞ ബിഷപ്പ് അൻവർ ഇടപെടുന്നതിന് മുൻപ് തന്നെ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സഭക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും വ്യക്തമാക്കി.
പി വി അൻവർ മാത്രമല്ല 140 എംഎൽഎമാരും ഈ വിഷയത്തിൽ ശക്തമായ പിന്തുണ നൽകണം. അത് അവരുടെ ഉത്തരവാദിത്വമാണെന്നും ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മറയൂർ ചന്ദന മോഷണക്കേസിൽ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ലെന്നും ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു. വേലി തന്നെ വിളവ് തിന്നുകയാണ്. വനപാലകരെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും ബിഷപ് പറഞ്ഞു.