ചരിത്രമെഴുതി ആർഎൽവി രാമകൃഷ്ണൻ; കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകൻ
കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ആർഎൽവി രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച രാമകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു
വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയിൽ നിന്നുള്ള എആർആർ ഭാസ്കർ, രാജരത്നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവർക്ക് ശേഷം നൃത്തവിഭാഗത്തിൽ അധ്യാപകനായി ജോലി ലഭിക്കുക എന്നത് സൗഭാഗ്യകരമായ കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു
2022- 2024 കാലഘട്ടത്തിലാണ് താൻ എം എ ഭരതനാട്യം ചെയ്യുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി. അതിനു ശേഷമാണ് കലാമണ്ഡലത്തിലേക്ക് അപേക്ഷ ക്ഷണിച്ചത്. സർക്കാർ, സാംസ്കാരിക വകുപ്പ്, കേരള കലാമണ്ഡലത്തിലെ ഭരണ സമിതി അംഗങ്ങൾ, ഗുരുക്കൻമാർ തുടങ്ങിയ എല്ലാവർക്കും രാമകൃഷ്ണൻ നന്ദി അറിയിച്ചു.