വ്യാഴാഴ്ച പുലര്‍ച്ചെ ബോളിവുഡ് നടന് സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി ഷാരൂഖ് ഖാനെ ലക്ഷ്യംവെച്ചിരുന്നതായി പോലീസ്. ജനുവരി 14 ന് ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് സമീപം സംശയാസ്പദമായ ചില പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അജ്ഞാതനായ വ്യക്തി ഒരു നീളമുള്ള ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഷാരൂഖിന്റെ വീട് നിരീക്ഷിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 6-8 അടി വലിപ്പമുള്ള ഗോവണി മന്നത്തോട് ചേര്‍ന്നുള്ള വസ്തുവിന്റെ പിന്‍വശത്തായി സ്ഥാപിച്ചിരുന്നു. ഈ ഗോവണിയാണ് സെയ്ഫ് അലി ഖാന്റെ ഫ്ളാറ്റിന് സമീപത്ത് നിന്നും കണ്ടെത്തിയതെന്നും സംശയമുണ്ട്.
അസാധാരണമായ ഈ നീക്കത്തിലാണ് പൊലീസിന്റെ സംശയം. സെയ്ഫ് അലി ഖാനെതിരായ ആക്രമണവുമായി ഇതിന് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മന്നത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സെയ്ഫിന്റെ ഫ്ളാറ്റിന് സമീപം കണ്ടതായി സംശയിക്കുന്നയാളുടെ ഉയരവും ശരീരഘടനയും പൊരുത്തപ്പെടുന്നതായി കാണുന്നുണ്ട്. ഇതോടെ രണ്ട് സംഭവങ്ങളിലും ഒരേ വ്യക്തിക്ക് പങ്കുണ്ട് എന്നാണ് പൊലീസ് അനുമാനം.
അതേസമയം, പോലീസിന്റെ കസ്റ്റഡിയില്‍ ഇപ്പോഴുള്ളയാള്‍ യഥാര്‍ഥ പ്രതിയല്ലെന്ന് വ്യക്തമായി. ഇയാള്‍ അല്ല സെയ്ഫ് അലിയെ കുത്തിയതെന്നും യഥാര്‍ഥ പ്രതിയുമായി ഇയാള്‍ക്ക് രൂപസാദൃശ്യം മാത്രമാണുള്ളത്. എന്നാല്‍, ഇയാള്‍ യഥാര്‍ഥ പ്രതിയല്ലെന്നും ഇതുവരെയായും കേസില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുന്ന ബാന്ദ്ര പോലീസ് വ്യക്തമാക്കി.