Novel

പൗർണമി തിങ്കൾ: ഭാഗം 79

രചന: മിത്ര വിന്ദ

ഹ്മ്മ്.. അതിലെന്താ, അച്ഛനു ഇത്രയ്ക്ക് സംശയം. ഇന്നോളം അച്ഛനെയും അമ്മയുടെയും വാക്കുകൾ ധിക്കരിച്ച് ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ, ഇല്ലാലോ.. അല്ലേടാ കുഞ്ഞി.
പൗർണമി അനിയത്തിയോട് ചോദിച്ചു.

ഇല്ലില്ല…..
അവളും മറുപടി കൊടുത്തു.

എന്നാൽ ഞാൻ എന്റെ പൗമികൊച്ചിന്റെ കാര്യത്തിൽ ഇപ്പൊ ഒരു തീരുമാനം എടുത്തു. മോളത് അനുസരിക്കണം.. പറ്റുമോ നിനക്ക്

അച്ഛൻ പറയുന്ന എന്ത് കാര്യവും ഞാൻ അനുസരിക്കും, അതോർത്ത് എന്റെ അച്ഛന് ഒരു പേടിയും വേണ്ട.

ഉറച്ച ആത്മവിശ്വാസത്തോടുകൂടി പൗർണമി അത് പറയുമ്പോൾ, സ്വപ്നത്തിൽ പോലും അവൾ കരുതിയിരുന്നില്ല അവളുടെ വിവാഹക്കാര്യത്തെ കുറിച്ചാണ് ബാബുരാജ് പറയാൻ പോകുന്നത് എന്നുള്ളത്..
അത്രമേൽ  വിശ്വാസം അവൾക്ക് തോന്നുവാൻ ഒരു കാരണം കൂടി ഉണ്ടായിരുന്നു, രണ്ടുവർഷം കഴിയാതെ വിവാഹ കാര്യത്തെക്കുറിച്ച് ഒരു വാക്കുപോലും മകളോട് സംസാരിക്കില്ലെന്ന് അച്ഛൻ അവൾക്ക് വാക്കു കൊടുത്തിരുന്നു.

ബാബുരാജിന്റെ സുഹൃത്തിന്റെ മകന്റെ വിവാഹാലോചന വന്നപ്പോൾ, അമ്മയുമായി പൗർണമി ഈ കാര്യത്തെ ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു..
ഇതിനെ തുടർന്ന് അവൾ അച്ഛനോട് പറഞ്ഞതാണ്, തനിക്ക് ഉടനെ കല്യാണം ഒന്നും വേണ്ടെന്നും,, ജോലിചെയ്ത് കുറച്ച് പൈസ ഒക്കെ സമ്പാദിച്ച്, നമ്മുടെ വീടൊക്കെ ഒന്ന് പുതുക്കി പണിയണം, അച്ഛന്റെ കടങ്ങളൊക്കെ വീട്ടണം, അനുജത്തിയെ പഠിപ്പിക്കണം.. അങ്ങനെ ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ അവൾ അച്ഛനുമായി പങ്കുവെച്ചപ്പോൾ, ബാബുരാജ് അവൾക്ക് ഉറപ്പു നൽകി, മോളോട് ഒരു കാരണവശാലും ഇനി കല്യാണത്തെക്കുറിച്ച് പറയില്ലെന്ന്..

അതുകൊണ്ട് മാത്രമായിരുന്നു പൗർണമി അത്ര ഉറപ്പോടുകൂടി അച്ഛനോടങ്ങനെ പറഞ്ഞത്..

അച്ഛൻ വെറുതെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ, ഇല്ലെങ്കിൽ ഞാൻ എഴുന്നേറ്റ് പോകുവാ.
അമ്മയുടെയും അച്ഛന്റെയും അടുത്തായിരുന്ന, കുഞ്ഞി ദേഷ്യത്തിൽ മുഖം തിരിച്ചു.

ഹ്മ്മ്.. നിനക്ക് പോകാൻ ധൃതിയാണെങ്കിൽ നീ പൊയ്ക്കോളൂ, എനിക്ക് സംസാരിക്കാൻ ഉള്ളത് പൗർണമി മോളോട് ആണ്…
ഒരു ചിരിയോട് കൂടി അയാൾ തുടർന്നു.

മോളെ ഇന്ന് നിന്നെ അന്വേഷിച്ച് എന്റെ അടുത്ത് ഒരു പയ്യൻ വന്നിരുന്നു കേട്ടോ.

ബാബുരാജ് പറഞ്ഞത് കേട്ടതും പൗർണമിയുടെ നെറ്റി ചുളിഞ്ഞു.

ആരാ അച്ഛാ എന്നെ കാണാൻ വന്നത്.?

നിന്റെ സീനിയർ ആയിട്ട് പഠിച്ച ഒരു പയ്യനാണ്, പേര് അശോക്. മോള് കേട്ടിട്ടുണ്ടോ കോയിക്കൽ മാധവൻ നായരെ. നമ്മുടെ എൻഎസ്എസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം..

ഞാൻ കേട്ടിട്ടുണ്ട് അച്ഛാ, അതിരിക്കട്ടെ അശോക് എന്തിനാണ് എന്നെ കാണുവാനായി വന്നത്..

ഇക്കുറി പൗർണമിയുടെ നെഞ്ചിടിപ്പ് ചെറുതായൊന്ന് താളം തെറ്റി.

ആ പയ്യൻ വന്നത് ഒരു കല്യാണാലോചനയുമായിട്ടാണ്, അയാളും ബാംഗ്ലൂരിൽ ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുവാണത്രേ..

കല്യാണ ആലോചനയോ.. ആർക്ക് വേണ്ടി.
പൗർണമി അച്ഛനെ ഉറ്റു നോക്കി.

വേറെർക്ക് . എന്റെ മോൾക്ക്, അല്ലാണ്ട് പിന്നെയാർക്കാ.

പറയുന്ന കേട്ട് സന്തോഷത്തോടെ ഉമയും ഇളയ പെൺകുട്ടിയും അയാളെ നോക്കി.

അച്ഛാ… നേരാണോ..

അതേ മോളെ. നേരാണ്. ആ ചേട്ടന് ചേച്ചിക്കുട്ടിയെ ഇഷ്ട്ടമാണെന്ന് പറഞ്ഞു. നമ്മുടെ ഒക്കെ സമ്മതം കിട്ടിയാൽ അശോക് നേരിട്ട് ചെന്നു പൗമിയെ കണ്ടോളാം എന്നാണ് പറഞ്ഞെ.

എന്റെ കൃഷ്ണ… ഈ വിവാഹം നടത്തിത്തരണേ… നല്ല ആളുകൾ ആയിരുന്നു അവരൊക്കെ.

ഉമ നെഞ്ചത്ത് കൈ വെച്ച് പ്രാർത്ഥിച്ചു

പൗമി.. മോൾക്ക് വിവാഹത്തിന് സമയമായി, അതാണ് ഇതുപോലെ ആലോചന വരുന്നേ. ഇനി നീയെന്ത് ഒഴിവ്കഴിവുകൾ പറഞ്ഞാലും ശരി എന്റെ അടുത്ത് വിലപ്പോകില്ല കേട്ടോ..

അവർ മകളോട്  പറഞ്ഞപ്പോൾ പൗമി വിറങ്ങലിച്ചു നിൽക്കുകയാണ്..

നല്ല പയ്യനാ മോളെ, സംസാരമൊക്കെ കേട്ടാൽ മതി,എന്തൊരു എളിമയും വിനയോം ആണെന്നോ.
എനിയ്ക്ക് ഒരുപാട് ഇഷ്ടായി.
അശോകിനെ കുറിച്ച് പറയുമ്പോൾ അച്ഛൻ വാചാലനാകുന്നത് പൗമി അറിഞ്ഞു എം

അച്ഛാ….. ഓഫീസിൽ നിന്നും അത്യാവശ്യമായിട്ട് എനിക്ക് ഒരു കാൾ വരുന്നുണ്ട്. ഞാൻ കുറച്ചു കഴിഞ്ഞു തിരികെ വിളിക്കാം.

ഫോൺ കട്ട് ചെയ്തു, തിരിഞ്ഞപ്പോൾ കണ്ടു ഇരു കൈകളും നെഞ്ചിൽ പിണച്ചുകൊണ്ട് തന്നെ നോക്കി നിൽക്കുന്ന അലോഷിയേ.
അവൻ എല്ലാം കേട്ടുവെന്ന് അവൾക്ക് വ്യക്തമായി.

കല്യാണാലോചനയുടെ കളി ആണല്ലോ കൊച്ചേ,ഇനി എന്നാ ചെയ്യും..ഇച്ചായനെ ഇട്ടിട്ട് പോകാനാണോടി നിന്റെ പരുപാടി
പാതി കളിയായും പാതി കാര്യമായും അവൻ പൗർണമിയോട് ചോദിച്ചു.

ഇച്ചായൻ പപ്പയെ വീട്ടിലേക്ക് ഒന്ന് അയക്കൂ, എന്റെ അച്ഛനെ കണ്ടു നമ്മളുടെ കാര്യം പറയട്ടെ.
അല്ലെങ്കിൽ എല്ലാം കൈവിട്ടു പോകുമെന്ന് തോന്നുന്നു.

ഹ്മ്മ്.. ഈ അശോകിനെ നീ കണ്ടിട്ടുണ്ടോടി..

ആഹ്.. എന്റെ സീനിയർ ആയിരുന്നു,,

നിന്നോട് സംസാരിച്ചിട്ടുണ്ടോ.

ഹേയ്.. അങ്ങനെയൊന്നുമില്ല. ഒന്ന് ചിരിച്ചു കാണിയ്ക്കും.അത്ര മാത്രം.

മ്മ്….
അവനൊന്നു മൂളി.

ഇച്ചായ…. പപ്പയെ വിളിച്ചു നോക്കാമോ.

ആഹ് വിളിയ്ക്കാം. നീ ടെൻഷൻ ആവണ്ടടി കൊച്ചേ, നമ്മൾക്ക് എല്ലാം സെറ്റ് ആക്കാം.

ഇച്ചായൻ എല്ലാം സെറ്റ് ആക്കി വരുമ്പോളെയ്ക്കും വേറെ വല്ലവനും എന്നെ കെട്ടിക്കൊണ്ട് പോകും..
അത് പറയുമ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

ഇല്ലടി..അങ്ങനെ ആരും കെട്ടത്തില്ല പെണ്ണെ, ആ കാര്യത്തിൽ അലോഷിയ്ക്ക് ഉറപ്പുണ്ട്.

ഉറപ്പൊക്കെ കൊള്ളാം, അങ്ങനെ ആയാൽ നന്ന്.

പൗർണമി അവനെയൊന്നു നോക്കിയിട്ട് റൂമിലേക്ക് പോകാൻ തുടങ്ങിയതും അലോഷി അവളുടെ വലം കൈയിൽ പിടിത്തമിട്ടു. എന്നിട്ട് അവന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.

പൗമിക്കൊച്ചേ.
എന്നതാടി ഒരു സങ്കടം.
അവര് ആലോചിച്ചുന്നുല്ലെ ഒള്ളു. അതു അങ്ങനെ ഒരു സെൻസിൽ കണ്ടാൽ മതി..
കഴിഞ്ഞ ദിവസവോം ഇതുപോലെ ഒരെണ്ണം വന്നതല്ലേ, എന്നിട്ട് അതു നടന്നോ.. ഇല്ലാലോ. പിന്നെന്താ നിനക്ക് ഇത്ര വിഷമം..

എനിയ്ക്ക് അറിയില്ല ഇച്ചായാ..കഴിഞ്ഞ ദിവസം ഞാൻ ആണെങ്കിൽ ഒരു സ്വപ്നം കണ്ടു, വേറെ ആരോ എന്നെ കല്യാണം കഴിയ്ക്കുന്നത്. എന്റെ അച്ഛന്റെ നിർബന്ധപ്രകാരം.ആയിരുന്നു ആ കല്യാണം പോലും..

ഒഹ്.. അതൊക്ക സ്വപ്നമല്ലേടി,അതൊക്കെ വിട്ടു കളയെന്നെ..

ഒരു പ്രകാരത്തിൽ അവളെ സമാധാനിപ്പിച്ച ശേഷമാണ് അലോഷി അന്ന് കിടന്നുറങ്ങാൻ വേണ്ടി പോയത്.

റൂമിൽ എത്തിയപാടെ അവൻ ഫോൺ എടുത്തു. എന്നിട്ട് പപ്പയുടെ ഫോണിലേക്ക് കാൾ ചെയ്തു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!