ദോഹ മാരത്തോണില്‍ പങ്കാളികളായത് 15,000ല്‍ അധികം ഓട്ടക്കാര്‍
ദോഹ: ഇന്നലെ നടന്ന 14ാമത് ദോഹ മാരത്തോണില്‍ പങ്കാളികളായത് 15,000ല്‍ അധികം ഓട്ടക്കാര്‍. കോര്‍ണിഷില്‍ നടന്ന മത്സരം നഗരവാസികളെ ആഘോഷത്തിമര്‍പ്പിലാക്കി. അതിരാവിലെതന്നെ ആളുകള്‍ ഓട്ടത്തിനായും കാഴ്ചക്കാരായും കോര്‍ണിഷിലേക്ക് ഒഴുകിയെത്തിയിരുന്നു. 42 കിലോമീറ്റര്‍ മുതല്‍ ഏറ്റവും ചെറിയ മത്സരദൂരമായ അഞ്ചു കിലോമീറ്റര്‍വരെയുള്ള വൈവിധ്യമാര്‍ന്ന കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിച്ചത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട കായികപ്രേമികളുടെ ആരവമായിരുന്നു ഉരീദു ദോഹ മാരത്തോണില്‍ ഉയര്‍ന്നുകേട്ടത്.
ഗള്‍ഫിലെ മിക്ക മാരത്തോണ്‍ മത്സരങ്ങളിലുമെന്നപോലെ ആഫ്രിക്കന്‍ താരമായ കെനിയക്കാരന്‍ ഇസ്‌റ കിപ്‌കെറ്റര്‍ തനുയി ജേതാവായി. രണ്ടു മണിക്കൂര്‍ ഏഴ് മിനുട്ട് 28 സെക്കന്റിലാണ് അദ്ദേഹം ഒന്നാമനായി ഫിനിഷ് ചെയ്തത്. രണ്ട് മണിക്കൂര്‍ ഏഴ് മിനുട്ട് 36 സെക്കന്റ് എന്ന സമയത്തില്‍ എത്യോപ്യയുടെ യിഹുന്‍ലെ ബാലേ രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തേക്ക് എത്തിയത് തഫ മിത്കുവായിരുന്നു. സമയം രണ്ടു മണിക്കൂര്‍ ഏഴ് മിനുട്ട് 40 സെക്കന്റ്. വനിതകളുടെ മത്സരത്തിലും ആദ്യ മൂന്നു സ്ഥാനങ്ങളും എത്യോപ്യക്കാര്‍ കൈയടക്കി.