ബ്രൂവറി വിവാദം: സിപിഐ വികസനവിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം
എലപ്പുള്ളി ബ്രൂവറി പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്. ആരും ഇക്കാര്യത്തിൽ മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂവെന്നും ബിനോയ് വിശ്വം പറഞ്ഞു
നേരത്തെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് എംവി ഗോവിന്ദൻ അറിയിച്ചത്. വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് എംവി ഗോവിന്ദൻ മറുപടി നൽകിയത്. കുടിവെള്ളം മുട്ടുമെന്നത് ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും ആർക്കും ആശങ്ക വേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പോകണമെന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ചർച്ച ചെയ്ത് ആശങ്ക പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദൻ മറുപടി നൽകിയത്.