12 വര്‍ഷത്തിന് ശേഷം കോലി രഞ്ജി ട്രോഫിയില്‍; കളിയില്ലെങ്കിലും കോലിയെ കാണാന്‍ ഗ്യാലറി നിറഞ്ഞു കവിഞ്ഞു
കോലി മൂന്നാമനായും ഇറങ്ങിയില്ല
12 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം വിരാട് കോലി. ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന കോലിയുടെ രഞ്ജി മത്സരം അരുണ്‍ ജയ്റ്റിലി സ്റ്റേഡിയത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ ഉന്നതിയില്‍ നിന്നാണ് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് കളിക്കാന്‍ വിധിക്കപ്പെട്ടത്.
കോലിയും രോഹിത്ത് ശര്‍മയും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ മോശം ഫോമുമായി ടീമില്‍ ഉഴപ്പിയതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് കട്ടായം പറഞ്ഞത്. ഇതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിത്തും കോലിയും രഞ്ജിക്ക് വേണ്ടി കളിക്കളത്തിലെത്തിയത്.
രോഹിത്ത് ശര്‍മയില്‍ നിന്ന് വ്യത്യസ്തമായി കോലി കളിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു. സാധാരണ ആഭ്യന്തര ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ ഉണ്ടാക്കാത്ത വിധം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം 15,000 പേര് സ്റ്റേഡിയത്തിലെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. രഞ്ജി ട്രോഫി മത്സരം കാണാന്‍ നൂറ് പേര് പോലും തികച്ചുണ്ടാകാറില്ല. ആ സ്ഥാനത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിലെന്ന പോലെ സ്റ്റേഡിയം ആരാധകര്‍ കൈയ്യടക്കി വെച്ചത്.
ഗ്യാലറിക്ക് മുന്നിൽ ക്യൂ നിൽക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ ദൃശ്യങ്ങൾ കാണം
റെയില്വേസിനെതിരെയായിരുന്നു കോലിയുടെ ഡല്‍ഹി ടീമിന് മത്സരിക്കേണ്ടിയിരുന്നത്. കോലിയുടെ ബാറ്റിംഗ് കാണാന്‍ വേണ്ടി ആവേശപൂര്‍വം കാത്തിരുന്ന കാണികളെ നിരാശയിലാക്കി ടോസ് നേടിയ ഡല്‍ഹി ബോളിംഗ് തിരഞ്ഞെടുത്തു.
റെയില്‍വേയുടെ വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വീണതോടെ കാണികള്‍ ആവേശമായി. അങ്ങനെ 67.4 ഓവറില്‍ 241 റണ്‍സിന് റെയില്‍വേയുടെ മുഴുവന്‍ അംഗങ്ങളും പുറത്തായി.
മറുപടി ബാറ്റിംഗിലിറങ്ങുന്ന ഡല്‍ഹി ടീമിലെ ഓപ്പണറായി കോലിയെ കാണാന്‍ കൊതിച്ച കാണികളെ നിരാശയിലേക്ക് വീഴ്ത്തി അര്പിത് റാണയും സനത് സംങ്കവനും ഓപ്പണിംഗ് ഇറങ്ങി. ഇതോടെ ഇന്ന് കോലി ബാറ്റ് ചെയ്യില്ലെന്ന് കരുതി കുറെ പേര് സ്റ്റേഡിയം വിട്ടു. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ അര്പിത് പുറത്തായതോടെ കാണികള്‍ക്ക് വീണ്ടും ആവേശമായി. എന്നാല്‍ മൂന്നാമനായും കോലി ഇറങ്ങിയില്ല. യാഷ് ദുല്ലായിരുന്നു മൂന്നാമനായി ക്രീസിലിറങ്ങിയത്. ഡല്‍ഹി ടീമില്‍ നിന്ന് ലഭിച്ച റിപോര്‍ട്ട് അനുസരിച്ച് അഞ്ചാമനായിട്ടായിരിക്കും കോലി ഇറങ്ങുക. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സാണ് ഡല്‍ഹിക്കുള്ളത്.