National
ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടർ ട്രക്കിന് തീപിടിച്ച് വൻ സ്ഫോടനം; വീടുകൾക്കും വാഹനങ്ങൾക്കും തീ പിടിച്ചു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ട്രക്കിന് തീപിടിച്ച് വൻ സ്ഫോടനം. ഇന്ന് പുലർച്ചെ മൂന്നരയോടെ താന ടീല മോഡ് ഏരിയയിലെ ഡൽഹി-വസീറാബാദ് റോഡിൽ ഭോപുര ചൗക്കിലാണ് സംഭവം. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം മൂന്ന് കിലോമീറ്റർ ദൂരെ വരെ കേട്ടു.
പ്രദേശത്തെ ഒരു വീടിനും ഒരു ഗോഡൗണിനും കേടുപാടുകൾ സംഭവിച്ചു. സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടർന്നതിനാൽ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ട്രക്കിന് സമീപത്തേക്ക് എത്താൻ സാധിച്ചില്ല. മൂന്ന് വീടുകളിലേക്കും ചില വാഹനങ്ങളിലേക്കും തീ പടർന്നു
നിലവിൽ തീ പൂർണമായി അണച്ചു. നൂറിലധികം സിലിണ്ടറുകൾ ട്രക്കിൽ ഉണ്ടായിരുന്നു. സമീപത്തെ വീടുകൾ പോലീസ് ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.