തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾക്കപ്പുറം ബജറ്റിൽ ഒന്നുമില്ല; കേരളത്തെ അവഗണിച്ചെന്നും കെസി വേണുഗോപാൽ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളപൂശലുകൾക്കപ്പുറം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ല.
തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായില്ല. മിനിമം താങ്ങുവിലയ്ക്ക് പോലും നടപടിയുണ്ടാകുകയോ കൃഷിക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കുകയോ കേന്ദ്രം ചെയ്തിട്ടില്ലെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു.
മുണ്ടക്കൈ ചുരൽമല ദുരന്തം കേന്ദ്രം അവഗണിച്ചു. വയനാട് കേരളത്തിൽ ആയതു കൊണ്ടാണോ അവഗണിക്കുന്നത്. കേരളം ഇന്ത്യയിലാണെന്ന് അംഗീകരിക്കണമെന്നും ഉരുൾപൊട്ടലിൽ തകർന്നുവീണ വയനാട് പോലും കേന്ദ്രത്തിൻറെ കണ്ണിൽ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.