2026ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കും, മെസി കളിക്കുമോ
2026ലെ ഫുട്‌ബോള്‍ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇതിനോടകം ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നുണ്ട്. വരുന്ന ലോകകപ്പില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കളിക്കുമോയെന്നതാണ്. രണ്ട് പേരും ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ്. ഇരുവരേയും ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം.
അവസാന ലോകകപ്പില്‍ മെസിക്ക് കീഴില്‍ അര്‍ജന്റീന കപ്പിലേക്കെത്തിയിരുന്നു. ആദ്യ മത്സരത്തിലെ അട്ടിമറി തോല്‍വിക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുകയും ഒടുവില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീനയും മെസിയും കപ്പില്‍ മുത്തമിട്ടതും ആരാധകരെ സംബന്ധിച്ച് മറക്കാനാവാത്ത ഓര്‍മകളാണ്. ഒരിക്കല്‍ക്കൂടി മെസിയുടെ ഈ പ്രകടനം കാണാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മെസി കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.
മെസി അടുത്ത ലോകകപ്പ് കളിക്കാന്‍ തയ്യാറാവുമോയെന്നത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മെസി അടുത്ത ഫുട്‌ബോള്‍ ലോകകപ്പിലും കളിച്ചേക്കും. ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ മെസി ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സമീപകാലത്ത് നല്‍കിയ അഭിമുഖങ്ങളിലെല്ലാം മെസി ലോകകപ്പ് കളിക്കുമെന്ന കാര്യം തന്നെയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.
മെസിക്ക് ഇപ്പോഴും മികച്ച ഫിറ്റ്‌നസ് അവകാശപ്പെടാനാവും. കൂടാതെ ഫോമും മികച്ചതാണ്. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പം ഇപ്പോഴും തകര്‍ത്ത് കളിക്കാന്‍ മെസിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മെസി അടുത്ത ലോകകപ്പ് കളിച്ച് ഫുട്‌ബോള്‍ ലോകത്തോട് വിട പറയാനാണ് സാധ്യത കൂടുതല്‍. അതേ സമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.
പോര്‍ച്ചുഗല്‍ ഇതിഹാസം ഇതിനോടകം വിരമിക്കല്‍ സൂചന നല്‍കിയിട്ടുണ്ട്. ഇപ്പോഴും മികച്ച ഫിറ്റ്‌നസ് റൊണാള്‍ഡോയ്ക്ക് അവകാശപ്പെടാം. എന്നാല്‍ റൊണാള്‍ഡോയുടെ ഫോം നിരാശപ്പെടുത്തുന്നതാണ്. സൗദി ക്ലബ്ബായ അല്‍ നാസറിനൊപ്പമാണ് റൊണാള്‍ഡോ. സൗദി ക്ലബ്ബ് റൊണാള്‍ഡോയുടെ പകരക്കാരനെ അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോ ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള സാധ്യത വിരളമാണെന്ന് തന്നെ പറയാം.
എന്തായാലും റൊണാള്‍ഡോയും മെസിയും വീണ്ടും ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. റൊണാള്‍ഡോയ്ക്ക് ലോകകപ്പ് കിരീടം നേടി വിരമിക്കാനുള്ള ഭാഗ്യം ലഭിച്ചേക്കില്ല. എന്നാല്‍ രണ്ടാം ലോകകപ്പ് കിരീടത്തോടെ പടിയിറങ്ങാന്‍ മെസിയെ ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.