പതിവ് തെറ്റിക്കാതെ മെഗാസ്റ്റാർ; വിൽപ്പന തുടങ്ങും മുമ്പേ സാംസങ് ഗാലക്സി S25 അൾട്ര പോക്കറ്റിലാക്കി മമ്മൂട്ടി
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ലോകത്തെ പുതിയ രാജാവായ സാംസങ് ഗാലക്സി എസ്25 അൾട്രയെ (Samsung Galaxy S25 Ultra) സ്വന്തമാക്കി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളുടെ ലോകത്തെ രാജാവാണ് ഗാലക്സി എസ് സീരീസിലെ അൾട്ര മോഡലുകൾ. ഈ നിരയിലേക്ക് ഏറ്റവും പുതിയതായി എത്തിയ സാംസങ് ഗാലക്സി എസ്25 അൾട്രയാണ് ഇപ്പോൾ ഈ സ്ഥാനത്തിന്റെ ഉടമ. ഗാലക്സി എസ്25 അൾട്രയുടെ വിൽപ്പന ഇതുവരെ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല എങ്കിലും പ്രീ ബുക്ക് ചെയ്തവർക്ക് ഫെബ്രുവരി 3 മുതൽ ഫോൺ ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്. പൊതു വിൽപ്പന ഫെബ്രുവരി 7 മുതലാണ് ആരംഭിക്കുക
മലയാള സിനിമയുടെ ഒരേയൊരു മെഗാസ്റ്റാറായ മമ്മൂട്ടിയ്ക്ക് സ്മാർട്ട്ഫോണുകളോടും പുതിയ ഗാഡ്ജറ്റ്സിനോടുമുള്ള ഇഷ്ടം വളരെ പ്രശസ്തമാണ്. ഏത് മുന്തിയ സ്മാർട്ട്ഫോൺ എത്തിയാലും മമ്മൂട്ടി അത് സ്വന്തമാക്കിയിരിക്കും. ഐഫോൺ ഇറങ്ങിയാൽ ഏറ്റവും മുന്തിയ മോഡൽ, ഗാലക്സി എസ് സീരീസ് ഇറങ്ങിയാൽ അൾട്ര മോഡൽ, ഇവ വിൽപ്പന ആരംഭിക്കുന്നതിന് മുൻപ് തന്നെ പോക്കറ്റിലാക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്.
പതിവുപോലെ, കൊച്ചിയിലെ പ്രമുഖ സ്മാർട്ട്ഫോൺ വിൽപ്പനക്കാരായ മൊബൈൽ കിങ്ങിന്റെ എംഡി ടി.എം ഫയാസ് മമ്മൂട്ടിക്ക് സാംസങ് ഗാലക്സി എസ്25 അൾട്ര നൽകിക്കൊണ്ട് തങ്ങളുടെ ഗാലക്സി എസ്25 സീരീസിന്റെ ആദ്യ വിൽപ്പന നിർവഹിച്ചു. ലോകത്തെ പുതിയ ടെക്നോളജികളെ ആദ്യം മനസിലാക്കുകയും അത്തരം ഡിവൈസുകളെ സ്വന്തമാക്കുകയും ചെയ്യുന്ന മലയാള സിനിമാലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രേമിയാണ് മമ്മൂക്കയെന്ന് ഒരിക്കൽക്കൂടി ഊട്ടിഉറപ്പിക്കപ്പെട്ടിരിക്കുന്നു.
സാംസങ് ഗാലക്സി എസ്25 സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ മോഡലാണ് എസ്25 അൾട്ര. ഇന്ത്യയിൽ ഗാലക്സി എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയാണ് വില. 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും വിലയുണ്ട്.
സാംസങ് ഗാലക്സി എസ്25 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ്, സൂപ്പർ സ്മൂത്ത് 120Hz റീഫ്രഷ് റേറ്റ്, 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്പ്ലേ, വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ, കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ.
അഡ്രിനോ 830 ജിപിയു, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7 (ഏഴ് OS അപ്ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്), ക്വാഡ് റിയർ ക്യാമറ ( 200MP വൈഡ് ക്യാമറ+ 50MP അൾട്രാ വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ), 12MP ഫ്രണ്ട് ക്യാമറ.
5,000mAh ബാറ്ററി, വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ, 5G, IP68 റേറ്റിങ്, എഐ ഫീച്ചറുകൾ എന്നിവ ഇതിലുണ്ട്. ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. ടൈറ്റാനിയം പിങ്ക്ഗോൾഡ്, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ജേഡ്ഗ്രീൻ എന്നിവ ഓൺലൈൻ എക്സ്ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു. 162.8 x 77.6x 8.2mm വലിപ്പവും 218g ഭാരവും ഈ ഫോണിനുണ്ട്.