Technology

വാട്‌സ്ആപ്പ് വഴി ഇനി ബിൽ അടയ്ക്കാം; മൊബൈൽ റീചാർജ് മുതൽ വൈദ്യുതി ബിൽ വരെ

2025 പിറന്നതോടെ ഉപഭോക്താക്കളെ ആവേശത്തിലാഴ്ത്തുന്ന രസകരമായ ഫീച്ചറുകളുമായാണ് വാട്സ്ആപ്പ് എത്തുന്നത്. വാട്സ്ആപ്പ് അടുത്തിടയായി പുറത്തിറക്കിയ എല്ലാ ഫീച്ചറുകളും ഉപഭോക്താക്കൾ ഏറെ ആ​ഗ്രഹിച്ചിരുന്നതാണെന്നും പറയാം. അത്തരത്തിൽ ഇതാ നിങ്ങൾ ആ​ഗ്രഹിച്ചിരുന്ന മറ്റൊരു ഫീച്ചറുമായാണ് ഇപ്പോൾ മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ബിൽ പെയ്‌മെൻറ് സംവിധാനം ഉടൻ പുറത്തിറക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യമായി വാട്‌സ്ആപ്പ് 2.25.3.15 ആൻഡ്രോയ്ഡ് ബീറ്റാ വേർഷനിലാകും ഈ പരീക്ഷണം നടക്കുക. യുപിഐ പെയ്മെൻ്റ് സംവിധാനം നിലവിൽ വാട്സ്ആപ്പിലുണ്ട്. ഇതിൻ്റെ തുടർച്ചയായിട്ടാണ് പുതിയ ബിൽ പെയ്‌മെൻ്റ് സിസ്റ്റം വാട്സ്ആപ്പിൽ എത്തുന്നത്. ഇതോടെ നിങ്ങൾക്ക് എല്ലാവിധ ബിൽപെയ്മെൻ്റുകളും വാട്സ്ആപ്പിലൂടെ അടയ്ക്കാൻ സാധിക്കും.

വാട്സ്ആപ്പിൽ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബിൽ പെയ്‌മെൻ്റ്, മൊബൈൽ പ്രീപെയ്‌ഡ് റീച്ചാർജുകൾ, എൽപിജി ഗ്യാസ് പെയ്മെൻ്റ്, ലാൻഡ്‌ലൈൻ പോസ്റ്റ്‌പെയ്ഡ് ബിൽ, റെൻ്റ് പെയ്മെൻ്റ്, വാട്ടൽ ബിൽ എന്നിവ ഇനി ഈസിയായി ചെയ്യാനാകും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എന്നാൽ പരീക്ഷണം എപ്പോൾ പൂർത്തിയാകുമെന്നോ സാധാരണക്കാരിലേക്ക് എന്ന് മുതൽ എത്തിതുടങ്ങുമെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ‘വ്യൂ വൺസ്’ മീഡിയ കാണാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് വാട്സ്ആപ്പ് അടുത്തിടെ അറിയിച്ചിരുന്നു. ആൻഡ്രോയിഡ് പതിപ്പ് 2.25.3.7-ൻറെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പിൻ്റെ പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ വ്യൂ വൺസ് ഓപ്ഷനിൽ ഫോട്ടോയോ വീഡിയോയോ കാണാനുള്ള അനുമതി വാട്സ്ആപ്പ് നൽകിയിരുന്നില്ല. വാട്‌സ്ആപ്പിലെ ഈ കുറവ് കാരണം ഫോണിൽ തന്നെ ഈ വ്യൂ വൺസ് ഓപ്ഷൻ കാണേണ്ട അവസ്ഥയായിരുന്നു ഉപയോക്താക്കൾക്ക്.

Related Articles

Back to top button
error: Content is protected !!