വിലകുറഞ്ഞ ഐഫോൺ ഈ മാസം തന്നെ വിപണിയിൽ; കൂടുതൽ സൂചനകൾ പുറത്ത്
![](https://metrojournalonline.com/wp-content/uploads/2025/02/Apple-iPhone-SE-4-1_copy_2048x1152-780x470.avif)
വിലകുറഞ്ഞ ഐഫോണായ ആപ്പിൾ ഐഫോൺ എസ്ഇ സീരീസിലെ നാലാം തലമുറയായ ഐഫോൺ എസ്ഇ 4 ഈ മാസം തന്നെ വിപണിയിലെത്തും. ഈ മാസം അടുത്ത ആഴ്ചയോടെ തന്നെ ഫോൺ അവതരിപ്പിക്കുമെന്നാണ് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഐഫോൺ 14ന് സമാനമായ ഡിസൈനാവും ഐഫോൺ എസ്ഇ4നുണ്ടാവുക എന്നാണ് വിവരം
2016ലാണ് വിലകുറഞ്ഞ ഐഫോൺ എന്ന ലേബലിൽ ഐഫോൺ എസ്ഇ പുറത്തിറങ്ങുന്നത്. ഇതുവരെ മൂന്ന് എസ്ഇ മോഡലുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇത് നാലാം തലമുറ ഫോണായി പുറത്തിറങ്ങും. ഹോം ബട്ടണും ടച്ച് ഐഡിയും അടക്കമുള്ള ഫീച്ചറുകൾ ഐഫോൺ എസ്ഇ4ലുണ്ടാവും. ലൈറ്റ്നിങ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ് സി പോർട്ടാവും ഫോണിനുണ്ടാവുക. ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളും ഫോണിൽ ലഭ്യമാവും.
അടുത്ത ആഴ്ചയോടെ തന്നെ ഫോൺ പുറത്തിറക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ലോഞ്ച് ഇവൻ്റ് ഉണ്ടാവില്ല. കമ്പനി വെബ്സൈറ്റിലൂടെയാവും ഐഫോൺ എസ്ഇ4 പ്രഖ്യാപനം പുറത്തുവിടുക. ഈ മാസാവസാനത്തോടെ തന്നെ ഐഫോൺ എസ്ഇ4ൻ്റെ വില്പന ആരംഭിക്കും. 2022ൽ പുറത്തിറങ്ങിയ ഐഫോൺ എസ്ഇ 3യെക്കാൾ അല്പം വില കൂടുതലാവും ഐഫോൺ എസ്ഇ4ന്. ഐഫോൺ എസ്ഇ3യുടെ ബേസ് മോഡലിന് 43,900 രൂപയായിരുന്നു വില.
ഐഫോൺ എസ്ഇ 4ൻ്റെ പ്രൊസസർ ഐഫോൺ 16ൽ ഉപയോഗിച്ചിരിക്കുന്ന അതിശക്തമായ എ18 ചിപ് ആണ്. ഐഫോൺ എസ്ഇ 4ൽ ആപ്പിളിൻ്റെ ഫസ്റ്റ് ജനറേഷൻ മോഡം ആണ് ഉപയോഗിക്കുക. നേരത്തെ ക്വാൽകോം മോഡം ആണ് ഐഫോണിൽ ഉപയോഗിച്ചിരുന്നത്. ഇത് മാറ്റിയാണ് ആപ്പിൾ സ്വന്തം മോഡം ഉപയോഗിക്കാനൊരുങ്ങുന്നത്. 8 ജിബി റാമിലാവും ഫോൺ പുറത്തിറങ്ങുക. മൂന്ന് ഹാർഡ്‌വെയർ മാറ്റങ്ങളുമായാണ് ഐഫോൺ എസ്ഇ4 പുറത്തിറങ്ങുക.
ഐഫോൺ 14ൻ്റെ അതേ ബോഡിയാവും ഐഫോൺ എസ്ഇ4നുണ്ടാവുക. 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയിലാവും ഫോൺ പ്രവർത്തിക്കുക. 48 മെഗാപിക്സലിൻ്റെ സിംഗിൾ ക്യാമറയാവും പിൻഭാഗത്ത്. മെറ്റൽ മിഡിൽ ഫ്രെയിമും വാട്ടർപ്രൂഫ് ബിൽഡുമടക്കമുള്ള ഫീച്ചറുകളുമായാവും ഫോൺ പുറത്തിറങ്ങുക. ഫോണിൽ ഫേസ് ഐഡി അടക്കമുള്ള ഫീച്ചറുകളുണ്ടാവും. 2016ൽ എസ്ഇ പരമ്പരയിലെ ആദ്യ ഫോൺ റിലീസ് ചെയ്തു. രണ്ടാമത്തെ ഫോൺ ആയ ഐഫോൺ എസ്ഇ 2 2020ലാണ് പുറത്തിറങ്ങിയത്. രണ്ട് കൊല്ലത്തിന് ശേഷം, 2022ൽ പരമ്പരയിലെ മൂന്നാം തലമുറയായ ഐഫോൺ എസ്ഇ 3 പുറത്തിറങ്ങി