‘ബേപ്പൂരിൽ മത്സരിക്കാനിറങ്ങും മുൻപ് കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു’; കത്ത് നൽകിയത് സ്ഥിരീകരിച്ച് പി.വി. അൻവർ
നിലമ്പൂര്‍: ബേപ്പൂരില്‍ മത്സരത്തിനിറങ്ങും മുന്‍പ് വി ഡി സതീശന്, സണ്ണി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരില്‍ നിന്ന് കെടിഡിസി ചെയര്മാന് സ്ഥാനത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നെന്ന് പി വി അന്‍വര്‍. യുഡിഎഫിന്റെ വിജയത്തില്‍ തന്റെ പോരാട്ടത്തിന് കൂടി പങ്കുണ്ടെന്ന് നിഷേധിക്കാന്‍ കഴിയുമോ എന്നാണ് അന്‍വറിന്റെ ചോദ്യം. ചില കാര്യങ്ങളെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളിലെല്ലാം പ്രതികരിക്കുമെന്നും പി വി അന്‍വര്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘പി വി അന്‍വറിന്റെ കത്ത്”
വിശദമായി പറയാം….
അതിനുമുമ്പ്, ഈ ഫേസ്ബുക്ക് പോസ്റ്റ് എഴുതാനുള്ള സാഹചര്യം പറയേണ്ടതുണ്ട്. വാര്‍ത്തകള്‍…. വാര്‍ത്തകള്‍ക്ക് മുകളില്‍ വാര്‍ത്തകള്‍….വിഷയം പി വി അന്‍വര്‍ യുഡിഎഫ് നേതൃത്വത്തിന് കൊടുത്ത ഒരു കത്താണ്. എന്റെ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കുന്നു. മാധ്യമ സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍, രാഷ്ട്രീയ സൗഹൃദങ്ങള്‍, മറ്റുള്ളവര്‍ …. എല്ലാവര്ക്കും വേണ്ടത് വിശദീകരണമാണ്. ഈ സ്ഥിതി യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായി കാണണം. അപ്പോള്‍ പിന്നെ വിശദീകരണം ഞാന്‍ തന്നെ നല്‍കാം. അങ്ങനെ ഒരു ”കത്ത്”കൊടുത്തിട്ടുണ്ടോ?” ഉണ്ട്”എന്താ, എനിക്ക് യുഡിഎഫ് നേതൃത്വത്തിന് ഒരു കത്ത് കൊടുത്തുകൂടെ? തീര്‍ച്ചയായും കൊടുക്കാം. കാരണം,കേരളത്തിലെ ജനങ്ങളുടെ മുമ്പാകെ പിവി അന്‍വര്‍ യുഡിഎഫിന്റെ അസോസിയേറ്റ് കക്ഷിയാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ട സത്യമാണ്. അപ്പോള്‍ പിന്നെ ഇത്തരം വിഷയങ്ങളില്‍ ഞാന്‍ യുഡിഎഫ് നതൃത്വത്തിന് ഒരു കത്ത് നല്‍കിയതില്‍ എന്ത് അതിശയോക്തിയാണുള്ളത്? എന്തായിരുന്നു കത്തിലൂടെ ആവശ്യപ്പെട്ട വിഷയം? വാര്‍ത്തകളില്‍ വന്നത് തന്നെ.”കെടിഡിസി ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന്”.
ഇനി, അത് ആവശ്യപ്പെടാനുള്ള പശ്ചാത്തലം എന്താണ്? ബേപ്പൂരില്‍ ഒരു ജീവന് മരണ പോരാട്ടത്തിന് ഇറങ്ങുന്നതിനു മുമ്പ് യുഡിഎഫിന്റെ സമുന്നതരായ നേതൃത്വത്തോട് ഞാന്‍ ഇതേ കാര്യം അന്നും പറഞ്ഞിരുന്നു.ആരോടെല്ലാം? അന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായിരുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, കെപിസിസിയുടെ സമാദരണീയനായ പ്രസിഡന്റ് ശ്രീ സണ്ണി വക്കീലിനോട്, മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും സമുന്നതനായ നേതാവ്, ജ്യേഷ്ഠ സഹോദരതുല്യനായ കുഞ്ഞാലിക്കുട്ടി സാഹിബിനോട് ..
ഈ വിഷയത്തില്‍ അന്ന് എനിക്ക് കൃത്യമായ ഉറപ്പും ലഭിച്ചിരുന്നു. എന്തൊക്കെയാണ് ഞാന്‍ അന്ന് യുഡിഎഫ് നേതൃത്വത്തിന് മുമ്പാകെ പറഞ്ഞത്?
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ 102 സീറ്റിന്റെ മഹത്തായ വിജയത്തിലേക്ക് യുഡിഎഫ് നടന്നു കയറി, എന്നാല്‍ അതിന് സമാരംഭം കുറിച്ചതില്‍ നിലമ്പൂരില്‍ നിന്നും നിയമസഭാംഗമായിരുന്ന എന്റെ നേതൃതത്തില്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ അന്ന് നടന്ന പോരാട്ടങ്ങളുടെയും കൂടി പങ്കുണ്ടെന്ന്, ഇക്കാര്യം ഇത് വായിക്കുന്ന നിങ്ങള്‍ക്ക് നിഷേധിക്കാന്‍ സാധിക്കുമോ? ഞാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ..കഴിഞ്ഞ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ, സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം നടത്തുന്നവര്‍ക്കെതിരെ,
സംഘപരിവാറിനോട് താദാത്മ്യം പ്രാപിക്കാനുള്ള ശ്രമങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരെ, സര്‍ക്കാരിന്റെ ഫാസിസ്റ്റ്-ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ, ഭരണകൂട ഭീകരതക്കെതിരെ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും-ഭരണത്തിനും എതിരെ,അതിനെല്ലാമുപരി മലയോര കര്‍ഷക ജനതയെ വഴിയാധാരമാക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിച്ച വനനിയമ ഭേദഗതി ബില്ലിനെതിരെ ,ധാര്‍മ്മികതയിലൂന്നി, നിലപാടില്‍ അധിഷ്ഠിതമായി നിയമസഭാംഗം എന്ന നിലയിലുള്ള എന്റെ സാമാജികത്വം സ്വമേധയാ രാജിവെച്ച് പ്രതിപക്ഷനിരയോടൊപ്പം ചേര്ന്നുനില്ക്കാന് തീരുമാനമെടുത്തതിനെക്കുറിച്ച്.
അവസാനം,നിയമസഭാംഗമായിരുന്ന എന്നെ ജയിലിലടച്ചിട്ടും തുടര്‍ന്ന പോരാട്ടത്തിലൂടെ വനനിയമ ഭേദഗതി ബില്ല് പിന്‍വലിക്കേണ്ടി വന്ന അവസ്ഥാവിശേഷം… അന്ന് മുതല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലം, എന്റെ ജീവനും ജീവിതവും സമ്പത്തും സമയവും ഉപയോഗിച്ച് ഞാന്‍ ഇടവേളകളില്ലാതെ പോരാടി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ എടുത്തു. പ്രലോഭനങ്ങള്‍, ഭീഷണി എല്ലാം അവഗണിച്ചു. ജനങ്ങള്‍ക്ക് വേണ്ടി, സത്യത്തിനു വേണ്ടി നിലകൊണ്ടു. ഞാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഓരോന്നും എത്രത്തോളം ശരിയായിരുന്നുവെന്ന് പിന്നീട് നടന്ന സംഭവങ്ങളും വന്ന വാര്‍ത്തകളും തെളിയിച്ചു. അതിന്നും തുടരുന്നു…..
എനിക്ക് നിറയെ പാരിതോഷികങ്ങള്‍ ലഭിച്ചു.12 ക്രിമിനല്‍ കേസുകള്‍, നാല് സിവില്‍ കേസുകള്‍, വിജിലന്‍സ് കേസ്, അതിനെത്തുടര്‍ന്ന് ഇഡി കേസ്. ഒട്ടും തലകുനിക്കാതെ നടുവളയാതെ ഞാന്‍ ധീരമായി നേരിട്ടു. അങ്ങനെ ഞാന്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ തീരുമാനമെടുത്തു. എന്തിനുവേണ്ടി?
അതും ഞാന്‍ യുഡിഎഫ് നേതൃത്വത്തിന് മുമ്പാകെ വിശദീകരിച്ചു…ഞാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിഷയങ്ങള്‍ക്കും എതിരെ നേരിട്ട് ഞാന്‍ നടത്തുന്ന മത്സരം പ്രതിപക്ഷ പോരാട്ടത്തിന് മൂര്‍ച്ച കൂട്ടും, ബേപ്പൂരില്‍ ശക്തമായ മത്സരം കാഴ്ചവെക്കുമ്പോള്‍ മലബാറിലാകെ യുഡിഎഫിന്റെ പോരാട്ടങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും, ബേപ്പൂരില്‍ നിന്നും വീട്ടില്‍ പോയി വരാന്‍ പോലും സമയം കിട്ടാത്ത രീതിയില്‍ എന്നോട് എതിരിടേണ്ടി വരുന്ന എതിര് സ്ഥാനാര്‍ത്ഥിക്ക് കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അത് ജില്ലയിലാകെ യുഡിഎഫിന്റെ മഹത്തായ വിജയത്തിന് കാരണമായി തീരും. …എന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. അക്ഷരംപ്രതി അങ്ങനെ തന്നെ സംഭവിച്ചു. ഫലം വന്നപ്പോള്‍ കോഴിക്കോട് ജില്ലയില്‍ 2 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫ് 13 ല്‍ 12 ഉം നേടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തി.
ബേപ്പൂരില്‍ ഞാന്‍ ഇറങ്ങിയത് വിജയിക്കാനുള്ള പോരാട്ടത്തിന് തന്നെയാണ്. എങ്കിലും പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍…ഞാന്‍ ഒരു ഉപാധി വെച്ചു. കെടിഡിസി ചെയര്മാന് സ്ഥാനത്തേക്ക് എന്നെ പരിഗണിക്കാന്‍ യുഡിഎഫിന്റെ തീരുമാനമുണ്ടാകണം. ആവര്‍ത്തിക്കുന്നതില്‍ ക്ഷമിക്കണം.
മുകളില്‍ സൂചിപ്പിച്ചത് കണക്കേ ഈ വിഷയത്തില്‍ എനിക്ക് വ്യക്തമായ ഉറപ്പും ലഭിച്ചു. ഇനി പറയേണ്ടത് എന്തുകൊണ്ട് കെടിഡിസി ചെയര്മാന് പദവി ആവശ്യപ്പെട്ടു എന്നുള്ളതാണ്. നമുക്ക് ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിയുന്നത് എന്താണ്? നമുക്ക് ഏറ്റവും അറിവുള്ള വിഷയമല്ലേ?
ടൂറിസം രംഗത്ത് എനിക്ക് അത്രത്തോളം അനുഭവപരിജ്ഞാനമുണ്ട്. ഒരു വ്യവസായി എന്നുള്ള നിലയില്‍ ദീര്‍ഘകാലം ടൂറിസം സംരംഭങ്ങള്‍ പോലും എന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നു.
മാത്രമല്ല കേരള ടൂറിസത്തെ ജനകീയമാക്കാനും, സാധാരണക്കാരെ ടൂറിസത്തിന്റെ ഭാഗമാക്കാനും അതുവഴി ഗ്രാമീണരായ കുടുംബങ്ങള്‍ക്ക് ഉപജീവനം കണ്ടെത്താനുമുള്ള പദ്ധതികള്‍ ഞാന്‍ ആലോചിച്ചിരുന്നു. അത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പിലാക്കുന്നതിലും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.അതിനെല്ലാം ഉപരി എന്നെ അടുത്തറിയുന്നവര്‍ക്കറിയാം ടൂറിസം, അത് എനിക്കെന്നും എന്റെ ”പാഷന്”ആണ്.
അപ്പോള്‍ ഞാന്‍ ഉപസംഹരിക്കട്ടെ…..നിങ്ങള്‍ കേട്ടതും അറിഞ്ഞതും സത്യമാണ്. കത്ത് ഞാന്‍ നല്‍കിയിട്ടുണ്ട്. യുഡിഎഫ് അസോസിയേറ്റ് മെമ്പര്‍ എന്ന നിലയില്‍ കത്ത് നല്കാന് എനിക്ക് അവകാശമുണ്ട്. കെടിഡിസി ചെയര്മാന് പദവിയിലേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലേറാന്‍ ഉണ്ടായ സാഹചര്യങ്ങളിലും പോരാട്ടങ്ങളിലും അണിനിരന്ന,കൂടെക്കൂടിയ ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് അര്‍ഹതയില്ല എന്ന് പറയാനാകില്ലല്ലോ…. തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ്. സമുന്നതരായ നേതാക്കളാണ്.. യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പര്‍ ആയതിനുശേഷം യുഡിഎഫ് ചെയര്മാന് എന്ന നിലയില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള മറ്റെല്ലാ നേതാക്കളും എനിക്ക് നല്കിയ നിസീമമായ സഹായ സഹകരണങ്ങള്‍ എനിക്കും അവര്‍ക്കും അറിയാം. അതൊന്നും ഒരിക്കലും വിസ്മരിച്ചിട്ടില്ല. വിസ്മരിക്കുകയുമില്ല. പ്രിയ മാധ്യമ സുഹൃത്തുക്കളോട്, നിങ്ങള്‍ അല്പം കൂടി കാത്തിരിക്കൂ, നമുക്ക് നേരില്‍ കാണാം. ഈ പോസ്റ്റ് വായിക്കാന്‍ ക്ഷമ കാണിച്ച എന്റെ പ്രിയപ്പെട്ടവരോട്, നിങ്ങളുടെ അഭിപ്രായം എനിക്ക് അനുകൂലമോ പ്രതികൂലമോ ആവട്ടെ അത് രേഖപ്പെടുത്തുമല്ലോ. ചില കാര്യങ്ങള്‍ എല്ലാം ഞാന്‍ സസൂക്ഷ്മം വീക്ഷിക്കുന്നു. വ്യക്തമായി പഠിക്കുന്നു. അവധാനതയോടെ മനസ്സിലാക്കുന്നു. അത്തരം വിഷയങ്ങളിലെല്ലാം പ്രതികരിക്കും. ഇപ്പോഴല്ല, പിന്നീട്.സമയം വരട്ടെ.കാരണം ഞാന്‍ ഒരു എടുത്തുചട്ടക്കാരനാണ് എന്ന ആക്ഷേപം നിങ്ങളില്‍ ചിലര്‍ പറയാറില്ലേ? അത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഞാന്‍ അങ്ങോട്ട് തീരുമാനിച്ചു. എങ്കിലും എന്റെ നിലപാടില്‍ ഒരു മാറ്റവും ഈ നിമിഷം വരെ വന്നിട്ടില്ല. മാറുകയും ഇല്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിന്റെ ആരോപണം ശരിയല്ല; ന്യൂനപക്ഷങ്ങളെ നീക്കിയതാണ് പ്രശ്നം: അഖിലേഷ് യാദവ്

അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനു

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

സർക്കാരിന്റെ വൈദ്യുതി കരാറുകളിൽ കോടികളുടെ അഴിമതി; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ
