Novel

പ്രിയമുള്ളവൾ: ഭാഗം 15

[ad_1]

രചന: കാശിനാഥൻ

വാടാമല്ലി നിറം ഉള്ള സാരീ ഒക്കെ ചുറ്റിച്ചു, മുടി നിറയെ കുറെ മുല്ലപ്പൂവും വെച്ച്,കുറച്ചു ഫൌണ്ടേഷനും പൌഡറും ഒക്കെ ഇടുവിച്ചു,നെറ്റിയിൽ ഒരു ചുവന്ന വട്ട പൊട്ടും തൊടുവിച്ചു, കണ്ണിൽ അല്പം കരി മഷി ഒക്കെ എഴുതിച്ചു കൊണ്ട് നന്ദനയെ ഇറക്കി കൊണ്ട് വരികയാണ് ബീന.

ആ സമയത്തും വെളിയില്, ഭദ്രനും അമ്മയും തമ്മിൽ വാക്പോരു നടക്കുകയാണ്..
ജോസച്ചായൻ ആണെങ്കിൽ അവരെ അണുനായിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇരുവരും അവരുടെ വാദം നിരത്തുകയാണ്.

ആഹ്… കൊള്ളാലോ, മോള് സുന്ദരിക്കുട്ടി ആയിരിക്കുന്നു…

ജോസച്ചയാൻ ചിരിയോടെ നോക്കിയ ഭാഗത്തേക്ക്‌ ഭദ്രനും ഗീതമ്മയും കൂടി നോക്കി.

കുറച്ചു മുന്നേ കരഞ്ഞു തളർന്നു ഇരുന്ന കൊച്ചാണോ ഇത് എന്നാ എന്റെ സംശയം…. അസ്സലായിട്ടുണ്ട് കേട്ടോ…..

വാത്സല്യത്താടെ അച്ചായൻ അവളെ നോക്കി പറഞ്ഞു.

ഗീതയ്ക്കും അവളെ ഇഷ്ടം ആയിരുന്നു. എന്നാൽ അത് പുറമെ കാണിക്കാതെ കൊണ്ട് അവർ അല്പം ബലം പിടിച്ചു നിന്നു.

“എടാ… പെൺകൊച്ചു റെഡി ആയി, നീ ഇനി എന്നാ കൂത്തു കണ്ടു നിക്കുവാ, നേരം പോകുന്നു കേട്ടോ…”

അച്ചായന്റെ ശബ്ദം ഉയർന്നു.

***

അച്ചായന്റെ കാറിൽ അമ്പലത്തിലേക്ക് പുറപ്പെടുമ്പോൾ ഭദ്രന്റെ മനം ശൂന്യമായിരുന്നു.
വെളിയിലേക്ക് നോക്കി ഇരിക്കുന്നവനെ അച്ചായൻ ഒന്ന് പാളി നോക്കി.

എടാ… നീ എന്നതാ ഇതിനു മാത്രം ഈ ആലോചിക്കുന്നേ, കുറെ നേരം ആയല്ലോ തുടങ്ങീട്ട്…..

അയാളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൻ മസിലു പിടിച്ചു ഇരിക്കുകയാണ്..

ടാ… ഭദ്രാ.. ആ കൊച്ചേ ഒരു പാവം ആട…. ആരും ഇല്ലാത്തത് അല്ലെ…അതിനു ഒരു ജീവിതം കൊടുക്കുന്നത് പുണ്യം അല്ലെടാ…

ദെ.. അച്ചായാ, എന്റെ വായിൽ ഇരിക്കുന്നത് ഒന്നും കേൾക്കല്ലേ, പറഞ്ഞേക്കാം….ഒരു ഒത്താശയും കൊണ്ട് വന്നേക്കുന്നു….

അവൻ അയാളുടെ നേർക്ക് ഒച്ച വെച്ചു.

വല്ലവന്റെയും സ്വപ്നം കണ്ടു നടന്നവൾ ആണ്, അവന്റെ കൂടെ കഴിയാൻ ഇറങ്ങി പുറപ്പെട്ടിട്ട്, ഒടുവിൽ…. എന്റെ ഇപ്പോളത്തെ അവസ്ഥ പറഞ്ഞാലുണ്ടല്ലോ, അത് അച്ചായനെന്നു അല്ല, ഈ ലോകത്തു മറ്റർക്കും മനസിലാവില്ല….

പിന്നെ അച്ചായൻ പറഞ്ഞല്ലോ, അവൾക്ക് ആരും ഇല്ലാത്തവൾ ആണെന്ന്…. എന്നാരാ പറഞ്ഞെ, അവൾക്ക് അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ ഉണ്ട്…. എല്ലാ ബന്ധവും അറ്റ് തീർത്തു ഇറങ്ങി പോന്നത് ഇവളൊരുത്തി അല്ലേ….. ജന്മം തന്നു വളർത്തി വലുതാക്കിയ അപ്പനെയും അമ്മയെയും ഉപേക്ഷിച്ചു എവിടെയോ കിടക്കുന്ന ഒരുത്തന്റെ കൂടെ പോന്നിട്ടു, അവനോളം തരികിട ഈ ലോകത്തു വേറെ കാണില്ല……

ഭദ്രൻ പറയുന്നത് കേട്ട് കൊണ്ട് ജോസച്ചായൻ വണ്ടി ഓടിച്ചു പോന്നു. അവനോട് മറുത്തൊരു വാക്കു പോലും പറയാതെ..

അച്ചായാ…..

അല്പം കഴിഞ്ഞതും ഭദ്രൻ അയാളെ വിളിച്ചു.

ഹ്മ്മ്… എന്നാടാ മോനെ..

ഞാൻ എന്റെ സ്വന്തം  മൂത്ത സഹോദരനെ പോലെ, അല്ലെങ്കിൽ എന്റെ അപ്പന്റെ സ്ഥാനത്തു, ഒരു പക്ഷെ അതിനും മേലേ ഒക്കെ കാണുന്ന ഒരാൾ ആണ് എന്റെ ജോസച്ചായൻ……
ഞാൻ ആത്മാർത്ഥമായിട്ട് ഒരു കാര്യം പറഞ്ഞോട്ടെ അച്ചായനോട്..

എന്താണ് എന്നറിയുവാൻ വേണ്ടി അയാളു അപ്പോൾ വണ്ടി റോഡിന്റെ ഓരം ചേർന്നു ഒതുക്കി ഇട്ടു.

അച്ചായാ…. എനിക്ക്, എനിക്ക് ഈ പെണ്ണിനെ അങ്ങോട്ട് വിശ്വാസം വരുന്നില്ല അച്ചായാ.. ആകെ കൂടി തല പെരുക്കുവാ, എങ്ങനെ ഉള്ളത് ആണെന്ന് പോലും അറിയില്ല…. ഏത് നെരോം പൂങ്കണ്ണീര് ഒലിപ്പിച്ചു ഇരിപ്പാ… കുടുംബക്കാരും, നാട്ടുകാരും ഒക്കെ കരുതി യത് അവളെ ഞാൻ വിളിച്ചോണ്ട് വന്നത് ആണെന്നാ….. എന്റെ അനുജത്തിമാര്… അവരെ ഒക്കെ ഞാൻ എങ്ങനെ വളർത്തി വലുതാക്കി കൊണ്ട് വന്നതാ… വല്യേട്ടൻ എന്ന് പറഞ്ഞാൽ അവർക്ക് ജീവനാ….. അതുങ്ങടേ മുന്നിൽ പോലും ഞാൻ ഇപ്പൊ വെറുമൊരു….. ചെ… എന്തൊരു കഷ്ടം ആയി പോയി…

ഉള്ളിൽ ഉള്ള ആകുലത അവൻ അയാളോട് തുറന്ന് പറഞ്ഞു..അത് കേട്ടതും ജോസച്ചായനു പോലും ശരിക്കും വിഷമം ആയി… അവനെ ഈ വിവാഹത്തിന് നിർബന്ധിച്ചവരിൽ താനും കൂടി ഉണ്ടല്ലോ എന്നോർത്തപ്പോൾ അയാൾക്ക് എന്തോ ഒരു വിഷമം പോലെ ഉള്ളിൽ തോന്നുകയും  ചെയ്തു…

മോനേ ഭദ്രാ……. ആ കൊച്ച് ഒരു പാവം ആണെന്ന് അതിനെ കണ്ടപ്പോൾ സത്യമായിട്ടും എനിക്ക് തോന്നി പോയടാ….. പിന്നെ ഈ പ്രണയം എന്നുള്ള വികാരം, അത് ആർക്കു വേണേലും ആരോടും തോന്നുന്നത് ആണ്… 60%പേരും ഇതൊക്കെ പ്രായത്തിന്റെ ഓരോ എടുത്തു ചാട്ടം പോലെ കണ്ടു കയ്യൊഴിയും…. കല്യാണം ഒക്കെ കഴിഞ്ഞു കുടുംബം ആയിട്ട് കഴിയുമ്പോൾ ഇതെല്ലാം ചിലർക്ക് മധുരം ഉള്ള ഒരു സ്വപ്നം മാത്രം ആകും.. “

“കാര്യം ഒക്കെ ശരിയാണ് അച്ചായാ, പക്ഷെ ഇത് എന്ന് പറഞ്ഞാൽ അങ്ങനെ അല്ല… അച്ചായൻ ശരിക്കൊന്നു ആലോചിച്ചു നോക്ക്…..”

പൂർത്തിയാകും മുന്നേ അവന്റെ ഫോൺ പോക്കറ്റിൽ കിടന്നു അടിച്ചു.

. “ആഹ് രാജമ്മാവാ…. ഹ്മ്മ്… വന്നൊണ്ട് ഇരിക്കുവാ… എത്താറായി…. ആഹ് വെച്ചേക്കാം….”
..

“അമ്മാവനാണ്… വണ്ടി എടുക്ക് അച്ചായാ, നേരം പോയെന്ന് പറഞ്ഞു എല്ലാരും കിടന്നു ബഹളമാ..”

“ഭദ്രാ…എന്നാൽ പിന്നെ ഇത് വേണോടാ…..”

“ആഹ്, ഇത്രയൊക്കെ ആയിട്ട് ഇനി,,, ഇതാകുo വിധിച്ചത്…ഒടേ
തമ്പുരാൻ വിധിച്ചത് അനുഭവിക്കാം… അല്ലാതെ വേറെ വഴി ഇല്ലാലോ..”

**

ബീനയുടെയും അവളുടെ ഭർത്താവിന്റെയും ഒപ്പം അവരുടെ വണ്ടിയിൽ ആയിരുന്നു നന്ദന അമ്പലത്തിൽ എത്തി ചേർന്നത്..

ഭദ്രന്റെ വീട് ഇവിടെ എവിടെയോ ആണെന്ന് നന്ദനയ്ക്ക് തോന്നി..

അവൾ ചുറ്റിനും നോക്കി…..

“ഇറങ്ങി വാ നന്ദനെ… എല്ലാവരും അമ്പലത്തിന്റെ അകത്തുണ്ട് “…

ബീന ഡോർ തുറന്നു കൊടുത്തപ്പോൾ മടിച്ചു മടിച്ചു ആയിരുന്നു അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയത്…

കുനിഞ്ഞ ശിരസോടെ നടന്നു പോകുമ്പോൾ കേട്ടു  ആരുടെ ഒക്കെയോ അടക്കി പിടിച്ച സംസാരവും ചിരിയും.

“മേലേ കാവിലമ്മയോട് പ്രാർത്ഥിക്ക് കേട്ടോ കൊച്ചേ, വിളിച്ചാൽ വിളിപ്പുറത്താ…. ആരെയും കൈ വെടിയില്ല അമ്മ…”

ബീന പറഞ്ഞപ്പോൾ ആയിരുന്നു നന്ദു മുഖം ഉയർത്തി ശ്രീകോവിലിൽ നോക്കിയത്.

ചുവപ്പ് നിറം ഉള്ള ഒരു പട്ടു സാരീ ഒക്കെ ചുറ്റിച്ചു, മുല്ലപ്പൂ മാല യും ഒപ്പം ചെമ്പരത്തി മാലയും ഒക്കെ കഴുത്തിൽ ചുറ്റിച്ചു ഇട്ടു കൊണ്ട്, സിന്ദൂരതിലകം ഒക്കെ ചാർത്തി നിറ പുഞ്ചിരിയോടെ കൂടി, അതീവ വാത്സല്യത്താടെ നിൽക്കുന്ന ഒരു ദേവി ചൈതന്യമായിരുന്നു അത്.

ആ രൂപം കണ്ടതും നന്ദുവിനു ഓടി പോയി ആ മടി തട്ടിൽ തല ചായ്ച്ചു മതിയാവോളം  ഒന്ന് കരയാൻ ആയിരുന്നു തോന്നിയത്..

അമ്മേ….. ഞാൻ… ഞാൻ പാപിയായി പോയി….. മാപ്പ് ചോദിക്കാൻ ഉള്ള അർഹത പോലും ഇല്ല…പറ്റി പോയമ്മേ….. എല്ലാവരെയും ഉപേക്ഷിച്ചു കൊണ്ട് സ്നേഹിച്ചവന്റെ പിന്നാലെ പോന്നത് ആണ്… പക്ഷെ ഈശ്വരൻ കാത്തു വെച്ചത് ഇങ്ങനെ ഒക്കെ ആയിരുന്നു..

മനമുരുകി കേഴുന്നവളെ നോക്കി അപ്പോളും അകത്തു ഇരിക്കുന്ന ദേവിയമ്മ പുഞ്ചിരിയോട് നിന്നു..

ആഹ് നേരം ആയിരിക്കുന്നു, എന്നാൽ പിന്നെ ചടങ്ങുകൾ ഒക്കെ തുടങ്ങാം അല്ലേ…..

ആരോ ഒരാൾ പിന്നിൽ നിന്നും പറയുന്നത് കേട്ടതും നന്ദുവിന്റെ നെഞ്ചു വിങ്ങി.

ശ്രീകോവിലിൽ നിന്നും തിരുമേനി വെളിയിലേക്ക് ഇറങ്ങി വന്നു.

ഇല ചീന്തിൽ, ചന്ദനവും, കുറച്ചു തെച്ചിയും തുളസിയും, ഒപ്പം ഏതോ ഒരു വെള്ളപൂവും… അതിന്റെ ഒക്കെ നടുവിലായി മഞ്ഞ ചരടിൽ കോർത്ത ചെറിയൊരു താലി…

ഭദ്രാ… ഇതാ ഇത് വാങ്ങിക്കൂ. 

തിരുമേനി പറഞ്ഞപ്പോൾ ഭദ്രൻ മുന്നോട്ട് വരുന്നത് നന്ദു അറിഞ്ഞു.

അയാൾക്ക് ദക്ഷിണ നൽകി കൊണ്ട്,താലി കൈലേക്ക് വാങ്ങുമ്പോൾ ഭദ്രൻ അകത്തെ കോവിലിൽ നോക്കി..

ഓർമ വെച്ച നാൾ മുതൽക്കേ അറിയുന്നത് അല്ലേ…..ഇങ്ങനെ ഒരു കുരുക്കിൽ അവസാനം കൊണ്ട് ചാടിച്ചു അല്ലേ….

വിഷമത്തോടെ അവൻ മേലേ കാവിലമ്മയെ നോക്കി…

“അമ്മേടെ മുന്നിൽ വെച്ചാ,ഇവളെ ഞാൻ കൂടെ കൂട്ടുന്നത്,,, ആ ഓർമ ഉണ്ടാകണം എന്നും… കേട്ടല്ലോ….”

ഒന്നൂടെ സാക്ഷാൽ ജഗതീശ്വരിയെ ഓർത്തു കൊണ്ട് അവൻ നന്ദനയുടെ കഴുത്തിൽ താലി ചാർത്തി…ആരൊക്കെയോ പിന്നിൽ നിന്നു കുരവ വിളിക്കുന്നുണ്ട്….
അമ്മാവൻ ആയിരുന്നു പൂമാല എടുത്തു ഇരുവരുടെയും കൈയിൽ കൊടുത്തത്..

പരസ്പരം മാല ഇട്ടപ്പോളും,മണ്ഡപത്തിൽ വലം വെച്ചാപ്പോളും,സിന്ദൂരം എടുത്തു സീമന്തം ചുവപ്പിച്ചപോഴും ഒന്നും ഒരിക്കൽ പോലും ഇരുവരും പരസ്പരം നോക്കിയത് പോലും ഇല്ല…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!