കൊതുക് കടിക്കാൻ പോലും ഞങ്ങൾ അനുവദിച്ചിട്ടില്ല: അത്ര നല്ല രീതിയിലാണ് നോക്കിയതെന്ന് നെയ്യാറ്റിൻകര ഗോപന്റെ ഭാര്യ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ച് ഗോപന്റെ കുടുംബം. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ലെന്നും ഒരു കൊതുക് പോലും കടിക്കാൻ തങ്ങൾ അനുവദിച്ചില്ലെന്നും ഗോപന്റെ ഭാര്യ പറഞ്ഞു. ഒരു മുറിവും ഉണ്ടായിരുന്നില്ലെന്നും കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം കഴിച്ചിരുന്നെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ടേയുള്ളതാണെന്നും ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. പ്രായം അനുസരിച്ചുള്ള കാഴ്ചക്കുറവും നടക്കാനാകില്ലെന്നേയുള്ളുവെന്നും അല്ലാതെ ശരീരപുഷ്ടിയിൽ യാതൊരു കുറവുമില്ലെന്ന് ഇവർ പറഞ്ഞു.
കാലിന് മാത്രം മുറിവുണ്ടായിരുന്നു. കൊതുക് കടിക്കാൻ തങ്ങൾ അനുവദിച്ചിട്ടില്ലെന്നും അത്ര നല്ല രീതിയിലാണ് നോക്കിയതെന്നും ഇവർ പറഞ്ഞു ദിവസവും കുളിക്കുന്നയാളാണ്. ഭഗവാന്റെ മുന്നിൽ തങ്ങൾക്ക് കള്ളം പറയാനാകില്ലെന്നും നിങ്ങൾക്കും തനിക്കുമെല്ലാം ഉയിർ തരുന്നത് ഭഗവാനാണ്. മഹാദേവന്റെ നടയിൽ സത്യമേ പറയാനാകൂവെന്നും ഇവർ കൂട്ടിച്ചേർത്തു.
അതേസമയം ഗോപന്റെ പോസ്റ്റമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. തലയിലും ചെവിക്ക് പിന്നിലും ക്ഷതവും, ഹൃദയഭാഗത്ത് ബ്ലോക്കും മൃതദേഹത്തിൽ കണ്ടെത്തിയതായി പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ആഴത്തിലുള്ള മുറിവുകളില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് കണ്ടെത്തൽ. കേസിൽ ഇനി ആന്തരികാവയവ പരിശോധന റിപ്പോർട്ട് കൂടി ലഭിക്കാനുണ്ട്. ഇതിനു ശേഷം മാത്രമായിരിക്കും അന്വേഷണം മുന്നോട്ട് പോകണോ എന്ന് പോലീസ് തീരുമാനിക്കും.