ബജറ്റ് ഫ്രണ്ട്ലി 5 ജി ഫോണുകളാണോ തിരയുന്നത്? സാംസങിന്‍റെയും മോട്ടോറോളയുടെയും ഫോണുകളിതാ

കഴിഞ്ഞ ആഴ്‌ചയാണ് (ഫെബ്രുവരി 12) സാംസങ് ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിൽ 5 ജി സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി F06 5ജി എന്ന പേരിൽ പുറത്തിറക്കിയ ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ വിലയിൽ വിലയ്‌ക്കനുസരിച്ചുള്ള മികച്ച സ്പെസിഫിക്കേഷനുകളുമായാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും വിലകുറഞ്ഞ 5G ഫോൺ എന്നാണ് സാംസങ് ഗാലക്‌സി F06 5ജി ഫോണിനെ കമ്പനി വിശേഷിപ്പിക്കുന്നത് തന്നെ. അതേസമയം ഇതേ വിലയിൽ ഏകദേശം സമാനമായ ഫീച്ചറുകളുമായാണ് മോട്ടോറോളയുടെ മോട്ടോ ജി45 5G ഫോൺ വരുന്നത്. ഇരുമോഡലുകളുടെയും വില ഏകദേശം പതിനായിരം രൂപയോളമായതിനാൽ തന്നെ വില കുറഞ്ഞ 5 ജി സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഇവ രണ്ടുമായിരിക്കും മത്സരിക്കുക. ഇവരു ഫോണുകളുടെയും വിലയും സ്‌പെസിഫിക്കേഷനുകളും താരതമ്യം ചെയ്‌തു നോക്കാം. ഇതുവഴി നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഫോൺ തെരഞ്ഞെടുക്കാനാവും.
സാംസങ് ഗാലക്‌സി F06 vs മോട്ടോ ജി45: സ്‌പെസിഫിക്കേഷനുകൾ
വില: അടുത്തിടെ പുറത്തിറക്കിയ സാംസങ് ഗാലക്‌സി F06 5ജി ഫോൺ 4ജിബി + 128ജിബി, 6ജിബി + 128ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് ലഭ്യമാകുക. ലോഞ്ച് ഓഫറായി ഈ ഫോണുകൾക്ക് കമ്പനി 500 രൂപയുടെ ബാങ്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട്. 4ജിബി + 128ജിബി സ്റ്റോറേജ് വേരിയന്‍റിന് 9,499 രൂപയാണ് ഓഫർ വില. അതേസമയം 6ജിബി + 128ജിബി സ്റ്റോറേജ് വേരിയന്‍റിന് 10,999 രൂപയാണ് ഓഫർ വില. ഫോൺ ഫ്ലിപ്‌കാർട്ടിലൂടെയായിരിക്കും വിൽക്കുക. അതേസമയം മോട്ടോ ജി45 5G ഫോൺ 4ജിബി + 128ജിബി, 8 ജിബി + 128ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് ലഭ്യമാകുക. 4ജിബി + 128ജിബി സ്റ്റോറേജ് വേരിയന്‍റിന് 10,999 രൂപയും 8 ജിബി + 128ജിബി സ്റ്റോറേജ് വേരിയന്‍റിന് 11,999 രൂപയുമാണ് വില.
ഡിസൈൻ: വൃത്താകൃതിയിലുള്ള കോണുകളുമായി ചതുരാകൃതിയിലുള്ള ഡിസൈനിലാണ് സാംസങ് ഗാലക്‌സി F06 പുറത്തിറക്കിയത്. പിൻവശത്തെ പാനലിൽ റിപ്പിൾ ഗ്ലോ ഫിനിഷുള്ള കാപ്‌സ്യൂൾ ആകൃതിയിലുള്ള ഡ്യുവൽ ക്യാമറ മൊഡ്യൂളും നൽകിയിട്ടുണ്ട്. അതേസമയം മോട്ടോ ജി45ന്‍റെ ഡിസൈനിലേക്ക് പോകുമ്പോൾ വൃത്താകൃതിയിലുള്ള കോണുകളോടു കൂടിയ ചതുരാകൃതിയിലുള്ള ഡിസൈൻ തന്നെയാണ് നൽകിയത്. പിൻവശത്തെ പാനലിൽ വീഗൻ ലെതർ ഫിനിഷുള്ള ഡ്യുവൽ ക്യാമറ മൊഡ്യൂളാണ് നൽകിയിരിക്കുന്നത്.
ഡിസ്‌പ്ലേ: സാംസങ് ഗാലക്‌സി F06 ഫോണിന് 6.74 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ 800 നിറ്റ്‌സ് ഹൈ ബ്രൈറ്റ്നസ് മോഡും ഉണ്ടായിരിക്കും. അതേസമയം മോട്ടോറോളയുടെ ഫോണിൽ 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എൽസിഡി എച്ച്‌ഡി ഡിസ്പ്ലേയാണ് നൽകിയത്.
പ്രൊസസർ: ഗാലക്‌സി F06ന് 6GB റാമും 128GB സ്റ്റോറേജും ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസറാണ് നൽകിയിരിക്കുന്നത്. അതേസമയം മോട്ടോ G45ന് 6nm ഒക്‌ട-കോർ സ്‌നാപ്ഡ്രാഗൺ 6s Gen 3 പ്രോസസറാണ് നൽകിയിരിക്കുന്നത്.
ക്യാമറ: ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി F06ന് നൽകിയിരിക്കുന്നത്. 50 എംപിയുടെ വൈഡ് ആംഗിൾ പ്രൈമറി ലെൻസും 2 എംപിയുടെ ഡെപ്‌ത് സെൻസറും 8 എംപി ഫ്രണ്ട് ക്യാമറയുമായി വരുന്നതാണ് സാംസങ് ഫോണിന്‍റെ ക്യാമറ സംവിധാനം. അതേസമയം മോട്ടോ G45നും ഡ്യുവൽ ക്യാമറ സജ്ജീകരണം തന്നെയാണ് നൽകിയിരിക്കുന്നത്. 50 എംപി മെയിൻ ക്യാമറ, 8 എംപി ഡെപ്‌ത് സെൻസർ,16 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സജ്ജീകരണം.
ബാറ്ററി: 25 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന സാംസങിന്‍റെ ഫോണിൽ 5000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. അതേസമയം 18 വാട്ട് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് മോട്ടോ G45ൽ നൽകിയിരിക്കുന്നത്.
സോഫ്‌റ്റ്‌വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഔട്ട് ഓഫ് ദി ബോക്‌സിലാണ് സാംസങ് ഗാലക്‌സി F06 പ്രവർത്തിക്കുന്നത്. 4 വർഷം വരെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡുകളും സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിൽ ഉണ്ടായിരിക്കും. അതേസമയം മോട്ടോറോളയുടെ മോട്ടോ G45 ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹെലോ UX ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്.
കളർ ഓപ്‌ഷനുകൾ: ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിലാണ് സാംസങ് ഗാലക്‌സി F06 ലഭ്യമാകുക. അതേസമയം മോട്ടോ G45 ബ്രില്യന്‍റ് ബ്ലൂ, വിവാ മജന്ത, ബ്രില്യന്‍റ് ഗ്രീൻ, പിങ്ക് ലാവെൻഡർ എന്നിങ്ങനെ നാല് കളർ ഓപ്‌ഷനുകളിൽ ലഭ്യമാവും.