കാമുകിക്കുവേണ്ടി ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു; ഡൽഹി സ്വദേശി പിടിയിൽ

ന്യൂഡൽഹി: കാമുകിക്കുവേണ്ടി ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ ഡൽഹി സ്വദേശിയായ ഭർത്താവ് പിടിയിൽ. ഡൽഹി ത്രിലോക്പുരി സ്വദേശിയായ അശോക് കുമാറാണ് പിടിയിലായത്. ഭാര്യ മീനാക്ഷിയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 19നാണ് ആസാദ് നഗർ കോളനിയിലെ ഹോം സ്‌റ്റേയിലെ ബാത്ത്‌റൂമിലാണ് മീനാക്ഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുംഭമേളക്ക് എത്തുന്ന തീർഥാടകർക്കുള്ള ഗസ്റ്റ്ഹൗസ് ആയി ഉപയോഗിച്ചിരുന്ന ഹോം സ്‌റ്റേയിലാണ് സംഭവം നടക്കുന്നത്. തലേന്ന് രാത്രിയാണ് ഇരുവരും അവിടെ മുറിയെടുത്തത്. ഭാര്യ ഭർത്താക്കന്മാരായതിനാൽ ഇവരിൽ നിന്ന് തിരിച്ചറിയൽ രേഖയൊന്നും വാങ്ങിയിരുന്നില്ലെന്നാണ് ഹോംസ്റ്റ് ഉടമകൾ പറയുന്നത്. ഹോം സ്റ്റേയുടെ മാനേജരാണ് പിറ്റേ ദിവസം ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീയെ തിരിച്ചറിയുന്നതിനായി പോലീസ് അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിലും പത്രങ്ങളിലുമടക്കം പ്രചരിപ്പിച്ചിരിന്നു. ഫെബ്രുവരി 21ന് അവരുടെ ബന്ധുക്കൾ സ്ത്രീയെ തിരിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. ചിത്രങ്ങൾ കണ്ടതിനെത്തുടർന്ന് മീനാക്ഷിയുടെ സഹോദരൻ പ്രവേഷ് കുമാറും രണ്ട് ആൺമക്കളും പ്രയാഗ്‌രാജിലെത്തി ജുൻസി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
പോലീസ് അശോകിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ അശോക് കുറ്റം സമ്മതിച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്താൻ താൻ പദ്ധതിയിട്ടിരുന്നതായും ഇയാൾ മൊഴി നൽകി. വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അയാൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് മൊഴി. അതിനിടെ മീനാക്ഷിയെ തീർത്ഥാടനത്തിനിടെ കാണാതായെന്ന് അവകാശപ്പെട്ട് അശോക് മകൻ ആശിഷിനെ അറിയിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് അശോക് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. ദമ്പതികൾ മഹാകുംഭമേളയിൽ സ്നാനം ചെയ്യുന്നതിൻ്റെ വീഡിയോയാണ് ഇയാൾ പങ്കുവച്ചത്.