ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു; കളമശ്ശേരിയിൽ 11 വയസുകാരന്റെ കൈ തല്ലിയൊടിച്ചു: പിതാവ് അറസ്റ്റിൽ

കൊച്ചി: കളമശ്ശേരിയിൽ അച്ഛൻ മകന്റെ കൈ തല്ലിയൊടിച്ചു. ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനാണ് മദ്യലഹരിയിലായിരുന്ന പിതാവ് കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ കളമശ്ശേരി തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന ശിവകുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുൻപാണ് സംഭവം. ആക്രമണത്തിൽ കുട്ടിയുടെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. വടി കൊണ്ട് ശക്തമായി അടിച്ചതിനെ തുടർന്നാണ് കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മകനെ അടിച്ചത്. സംഭവത്തിൽ കുട്ടി പിതാവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അമ്മയ്‌ക്കൊപ്പമെത്തിയാണ് മകന്‍ പോലീസില്‍ പരാതിനൽകിയത്.
അറസ്റ്റിലായ ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട്ടില്‍ ശിവകുമാറും മകനും മാത്രമാണ് താമസിച്ചിരുന്നത്. തമിഴ്നാട് വെല്ലൂര്‍ സ്വദേശികളാണ് ഈ കുടുംബം. കുറച്ചു കാലമായി ഇവര്‍ കൊച്ചിയിലാണ് താമസം.
അതേസമയം പത്തനംതിട്ടയിൽ അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് സഹോദരനെയും അടുത്ത ബന്ധുവിനെയും മർദിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ അനുജന്റെ കൂട്ടുക്കാരാണ് മർദിച്ചത്. അക്രമണത്തിൽ പിതൃ സഹോദരന്‍റെ തലയ്ക്ക് ഷോക്ക് അബ്സോർബർ കൊണ്ട് അടിയേറ്റു. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു.