Novel

നിലാവിന്റെ തോഴൻ: ഭാഗം 36

[ad_1]

രചന: ജിഫ്‌ന നിസാർ

ഉറങ്ങാൻ കിടക്കുന്നതിന്റെ ഏറ്റവും അവസാനവും ഉറങ്ങിയെഴുന്നേൽക്കുന്നതിന്റെ ഏറ്റവും ആദ്യവും ഓർമകളിൽ ഒരാളുടെ മുഖം വസന്തം തീർക്കുന്നതിന്റെ പിന്നിലെ മായാജാലമാണ് ഫാത്തിമ തേടിയത്.

ഓർക്കുമ്പോൾ പോലും ഹൃദയം നിറഞ്ഞു കവിഞ്ഞൊരു ചിരി ചുണ്ടിലേക്കെത്തുന്നുണ്ട്.

അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥനകളുമായി നിസ്കാരപായയിലാണ് അവൾ.
ഉറക്കമൊട്ടുമില്ലാത്ത രാത്രിയുടെ ആലസ്യങ്ങളൊന്നും തന്നെയില്ല.

ഒന്നുറങ്ങി കിട്ടാൻ ഇന്നലെ കൂട്ട് പിടിക്കാത്ത സൂത്രങ്ങളെന്തെല്ലാമായിരുന്നു?

അടച്ചുറപ്പുള്ള ഒരു മുറിയിൽ.. എല്ലാം മറന്നിട്ടൊന്നുറങ്ങുകയെന്നത് എവിടെ എത്തിയത് മുതലുള്ള വലിയൊരു മോഹമായിരുന്നു.

എന്നിട്ടുമെന്തെ ഇന്നലെ ഒരുപാട് ശ്രമിച്ചിട്ടും… ഉറക്ക് മന്ത്രങ്ങളൊരോന്നും ഇടതടവില്ലാതെ ഉരുവിട്ട് കാത്ത് കിടന്നിട്ടും ഉറക്കം  മാത്രം പിണങ്ങിയത് പോലെ മാറി നിന്നത്?

ഉള്ളിലൊരാളുടെ ഓർമകൾ അത്രമാത്രം ശ്വാസം മുട്ടിച്ചത്?

ഒന്നോ രണ്ടോ രാത്രികൾ കൊണ്ടല്ല.. ഏതോ ജന്മാന്തര ബന്ധമെന്നത് പോലെ അവനങ്ങനെ ഹൃദയം മുഴുവനും നിറഞ്ഞാടിയത്.?

ഒരു രാത്രിക്ക് ഇത്രയും ദീർഘമുണ്ടായിരുന്നുവെന്ന് തോന്നിയതും ഇന്നലെ ആദ്യമായിട്ടാണ്!

കാലുകൾ പിന്നിലേക്ക് മടക്കി കൈകൾ കൊണ്ട് താടിയിൽ താങ്ങി അവളിരുന്ന് ഓർത്തതത്രയും അവനെ കുറിച്ച് മാത്രമായിരുന്നു.

കിടക്കയിൽ മടക്കി വെച്ച അവൻ സമ്മാനിച്ച ഡ്രസ്സ്‌..

അതിനരികിൽ തന്നെ വലിയൊരു ഷോപ്പർ കൂടിയുണ്ട്.
ഇന്നലെ വൈകുന്നേരം ഷാഹിദ് തന്ന് വിട്ടതാണെന്നും പറഞ്ഞിട്ട് ആരോ കൊണ്ട് വെച്ചതാണ്.

ഡ്രസ്സ്‌ തന്നെയാണ്.

ആവിശ്യത്തിലധികമുണ്ടെന്ന് തോന്നി അതിനുള്ളിൽ.

ഡ്രസ്സ്‌ മാത്രമല്ല. ഇവിടെല്ലാവരും ഇപ്പൊ തന്നോട് കാണിക്കുന്നതെല്ലാം ആവിശ്യത്തിലും അധികമുള്ളത് തന്നെയാണ്.

ആ ഓർമയിൽ അവളുടെ മുഖതൊരു പുച്ഛം നിറഞ്ഞു.

സ്നേഹിക്കട്ടെ . സ്നേഹിച്ചങ്ങു കൊല്ലട്ടെ.
എവിടെ വരെയും പോകുമെന്ന് നോക്കാമല്ലോ.

അഴിഞ്ഞാടി നടക്കുന്ന ഹാജറയുടെ മകൾ ഫാത്തിമയെ മാത്രമേ ഇവർക്കറിയൂ..

പ്രോലോഭനങ്ങളിൽ മൂക്ക് കുത്തി വീണു പോകുന്ന ഹാജറയുടെ അതേ മനോഭാവമായിരിക്കും ഇവർ ഫാത്തിമയിലും പ്രതീക്ഷിക്കുന്നത്.

വീണ്ടും അവൾ ചിരിച്ചു.താൻ ഒറ്റക്കാണ്… എത്ര ദൂരം പോകാനാണ് എന്നതാവും അവരുടെ ആശ്വാസം മുഴുവനും. പക്ഷേ.. താൻ ഒറ്റക്കാണ്.. എത്ര ദൂരം വേണമെങ്കിലും പോകുമെന്ന് അവരറിയുന്നില്ല.

തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ആകാശത്തോളം വളർന്നു വലുതാവാൻ മാത്രം മനക്കരുത്തുള്ള സലാമിന്റെ മകളാണ് ഫാത്തിമയെന്ന് അവർ അറിയുന്ന ഒരു അവസരം വരും.

അന്നറിയിച്ചു കൊടുക്കണം… അറക്കൽ ബാംഗ്ലാവിൽ വെറുമൊരു ആശ്രിത മാത്രമല്ല ഫാത്തിമയെന്നത്.

അത് വരെയും പിടിച്ചു നിൽക്കാൻ വീര്യം പകർന്നു കൊടുത്ത അവളുടെ പ്രിയപ്പെട്ട ദൈവം വീണ്ടും ഉള്ളിലിരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

വീണ്ടും അവളുടെ ചിന്തകളിൽ അവന്റെ ഓർമകൾ നിറഞ്ഞു.

ഒരിക്കൽ കൂടി കണ്ടെങ്കിലെന്നു വെറുതെ മോഹിച്ചു.

അവൻ തന്നെ ഇന്നലെ പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാവുമോ എന്നായോർമ അവളെ വീണ്ടും കുളിരണിയിച്ചു.

അറിയാതെ തന്നെ കൈകൾ മുകളിലെക്കുയർത്തി പ്രാർത്ഥന നടത്തിയത് അന്നവന് വേണ്ടി മാത്രമായിരുന്നു.

                            ❣️❣️❣️

“സോറി മോളെ…”

നന്നേ നേർത്തു പോയിരുന്നു ക്രിസ്റ്റിയുടെ സ്വരം അത് പറയുന്നു.

“എന്തിനാ ഇച്ഛാ.. എന്നോട് സോറി പറയുന്നേ? “

മീരയുടെ സ്വരത്തിലും വല്ലാത്തൊരു നോവായിരുന്ന്.

“ഇച്ഛനിന്നലെ ഒട്ടും പറ്റാഞ്ഞിട്ടല്ലേ വരാതിരുന്നത്. മോളെ വന്നു കാണാൻ ആഗ്രഹമുണ്ടായിരുന്നു. പിന്നെ… പിന്നെ ഇന്നലെ രാത്രി എത്തിയപ്പോൾ തന്നെ ഒരുപാട് വൈകി. അതാണ് പിന്നെ നിന്നെ വിളിക്കാഞ്ഞതും “

ക്ഷമാപണം പോലെ ക്രിസ്റ്റി വീണ്ടും പറഞ്ഞു.

ചുവന്നു കലങ്ങിയ അവന്റെ കണ്ണുകളിൽ വല്ലാത്തൊരു മന്ദതയുണ്ടായിരുന്നു.

“ഇച്ഛനെന്തേ.. വയ്യേ..? ഒച്ചയൊക്ക അടഞ്ഞിട്ടുണ്ടല്ലോ?”

മീരാ ആകുലതയോടെ ചോദിച്ചു.

“ഒന്നുല്ലടാ.. ഇന്നലെ.. ഇന്നലെ ഉറങ്ങാൻ ഇച്ചിരി ലേറ്റായി. അതിന്റെയൊരു.. അതാവും..”
ക്രിസ്റ്റി പെട്ടന്ന് തന്നെ പറഞ്ഞു.

“സാധനങ്ങൾ എല്ലാം ഉണ്ടല്ലോ ല്ലേ?”

ക്രിസ്റ്റി ചോദിച്ചു.

“എല്ലാം ഉണ്ട്. ഞാൻ പറഞ്ഞതിലും ഒത്തിരി അധികമാണ്. ഇത്രയൊന്നും വേണ്ടായിരുന്നു ഇച്ഛാ. ഒരുപാട്… ഒരുപാട് കാശ് ആയിട്ടുണ്ടാകും എന്ന് പറഞ്ഞിട്ട് അമ്മയെന്നെ കുറേ വഴക്ക് പറഞ്ഞു. “

മീര അടക്കി പിടിച്ച ശബ്ദത്തിലാണ് പറയുന്നത്.

“അത് സാരമില്ലടാ. അമ്മ അമ്മയുടെ സങ്കടം കൊണ്ട് പറയുന്നതാ. ഇച്ഛാന്റെ മോള് അതൊന്നും നോക്കണ്ട. പോയി എൻജോയ് ചെയ്തു വാ. ലൈഫിൽ നമ്മൾക്കേറ്റവും മിസ് ചെയ്യുന്നൊരു യാത്രയാണ് നിനക്ക് മുന്നിലിപ്പോഴുള്ളത്. എത്രയൊക്കെ ഉയരങ്ങളിൽ നീ എത്തിയാലും.. ആരൊക്കെ നിന്റെ കൂടെ ഉണ്ടെങ്കിലും… എത്ര കാശ് മുടക്കി.. ലോകത്തിലെ ഏറ്റവും ഇമ്പോർടന്റ്റ്‌ സ്ഥലങ്ങളിൽ നീ സന്ദർശനം നടത്തിയാലും.. ഇപ്പോഴുള്ള ഈ വൈബുണ്ടല്ലോ അതുണ്ടാവില്ല. കൂട്ടുകാർക്കൊപ്പമുള്ള ചെറിയൊരു യാത്ര പോലും വല്ലാത്ത ലഹരിയാണ് മോളെ.. കാലമെത്രകഴിഞ്ഞാലും നമ്മളെ… വീണ്ടും വീണ്ടും കൊതിപ്പിക്കാൻ പ്രാപ്‌തിയുള്ള അത്രേം ലഹരി “

കുഞ്ഞൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞതെല്ലാം മീരാ മൂളി കേട്ടു.

“അത് കൊണ്ട്… ഇന്നത്തെ നിന്റെ ഈ ദിവസം നിന്നെ വേദനിപ്പിക്കാൻ സാധ്യതയുള്ള സകലതും മറന്ന് കളഞ്ഞേക്കുക. മനസ്സിൽ യാത്രയുടെ ഗന്ധം മാത്രം നിറയ്ക്കുക. മനസ്സിലായോ?”

ക്രിസ്റ്റി ചോദിച്ചു.

“അത് ഞാൻ ഏറ്റു ഇച്ഛാ. വരുമ്പോൾ ഞാനെന്താ ഇച്ഛാക്ക് കൊണ്ട് വരേണ്ടത്?”

“എനിക്കോ?”

ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.

“ആഹ്.. ഇച്ഛാ കൊടുത്തു വിട്ട കാശ് കയ്യിലിരിപ്പല്ലേ. അതിനി തിരികെ കൊണ്ട് വന്നു തന്നാലും ഞാൻ തന്നെ വഴക്ക് കേൾക്കണ്ടേ. അമ്മയോട് ഞാൻ പറഞ്ഞിട്ടില്ല കേട്ടോ കാശ് തന്ന കാര്യം. അതറിഞ്ഞാൽ പിന്നെ അതിനുള്ളത് ഇപ്പൊ തുടങ്ങും. പോകും വരെയും ഞാൻ ചീത്ത കേൾക്കേണ്ടിയും വരും “

സ്വകാര്യം പോലെ മീരാ പറഞ്ഞത് കേട്ടതും ക്രിസ്റ്റിയുടെ നെറ്റി ചുളിഞ്ഞു.

“കാശോ…?”

അവൻ ഒന്നും മനസ്സിലാക്കാതെ അവളോട് ചോദിച്ചു.

“ആഹ്. ഇന്നലെ ആ മരപ്പട്ടിയുടെ കയ്യിൽ കൊടുത്തു വിട്ടില്ലേ. വല്ലതും വാങ്ങിക്കാൻ പറഞ്ഞിട്ട്. അത് തന്നെ “

മീരാ വ്യക്തമാക്കി കൊടുത്തതും ആ കാശ് ഫൈസി തന്റെ പേരിൽ കൊടുത്തു കാണുമെന്നു അവന് തോന്നി.

“പറ ഇച്ഛാ എന്താ വേണ്ടത്?”
മീരാ വീണ്ടും ആവിശ്യപ്പെട്ടു.

“എനിക്കൊന്നും വേണ്ട മോളെ.. അത് നിനക്ക് വല്ലതും വാങ്ങിക്കാനുള്ളതല്ലേ?”

ക്രിസ്റ്റി പറഞ്ഞു.

“എന്നാലും എന്തേലും പറ ഇച്ഛാ.. എനിക്കിത് പോലെ വാങ്ങിച്ചു കൊടുക്കാൻ വേറെയാരണുള്ളത് ?”

അതിലവൻ വീണു പോയിരുന്നു.

പിന്നെയും കുറച്ചു നേരം കൂടി അവളോട് സംസാരിച്ചതിന് ശേഷമാണ് അവൻ ആ കോൾ കട്ട് ചെയ്തത്.

ഫോൺ പോക്കറ്റിലേക്കിട്ട് വീണ്ടും അവനാ തെളിഞ്ഞ വെള്ളത്തിലേക്ക് നോക്കിയിരുന്നു.

മൂടി കെട്ടിയ മനസ്സിന് അൽപ്പം പോലും അയവ് വന്നിട്ടുണ്ടായിരുന്നില്ല.

തലേന്ന് രാത്രി ഫൈസി കുറേ ആശ്വാസവാക്കുകൾ പകർന്നു കൊടുത്തിട്ടാണ് ഫോൺ കട്ട് ചെയ്തു പോയത്.

അവനോടെല്ലാം മൂളി കേട്ടുവെന്നാലും.. ഉള്ളിലെ നോവ് ഒരു തരി പോലും കുറഞ്ഞില്ല.

അവൻ പറഞ്ഞത് പോലെ… അവൾക്കൊരു പ്രശ്നമുണ്ടായിരുന്നു. ചെറുത്തു നിൽക്കാൻ താൻ ധൈര്യം കൊടുത്തത് കൊണ്ടായിരിക്കും.. അവൾക്കത് തരണം ചെയ്യാൻ കഴിഞ്ഞു കാണും.

പ്രശ്നങ്ങൾ അവസാനിച്ചത് കൊണ്ട് തന്നെ അവൾക്കിനി തന്റെ സഹായം ആവിശ്യമില്ലായിരിക്കും. അതോർത്തു സന്തോഷമല്ലേ തോന്നേണ്ടത്?

ഇന്നലെ മുതൽ ഈ ചോദ്യം സ്വയമെത്ര പ്രാവശ്യം ചോദിച്ചുവെന്ന് അവന് തന്നെയറിയില്ല.

സന്തോഷം തന്നെയാണ്.

പാതിരാത്രി സ്വന്തം മാനം രക്ഷിക്കാൻ അവൾക്കിനി ഇരുട്ടിലേക്ക് ഇറങ്ങിയോടേണ്ടി വരില്ലല്ലോ എന്നായോർമ തീർച്ചയായും തന്റെ സന്തോഷമാണ്.

ഇനിയൊരിക്കലും കാണാൻ കഴിയില്ലേ എന്നുള്ളതാണ് നോവിക്കുന്നത്.

ഒരു സ്വപ്നം പോലെ അവൾ തന്നെ മറന്നു കളയുമോ എന്നതാണ് ശ്വാസം മുട്ടിക്കുന്നത്.

ഷാഹിദിന് വേണ്ടിയാണ് അവൾ അറക്കലെത്തിയതെന്നുള്ള അറിവാണ് പൊള്ളിക്കുന്നത്..

ക്രിസ്റ്റീയൊരു നിശ്വാസത്തോടെ തോട്ടിലെ തണുത്ത വെള്ളത്തിലേക്ക് കാലുകളിറക്കി വെച്ചു.

തൊട്ടരികിലെ മരത്തിലേക്ക് ചാരിയിരിക്കുമ്പോൾ അവനേറെ ക്ഷീണിച്ചത് പോലായിരുന്നു.

ഒന്നിനും… ഒന്നിനും തോന്നാതെ ഏറെ നേരം അവനതേയിരുപ്പ് തുടർന്നു.

                          ❣️❣️❣️

“ഇന്നലെയവൻ അത്രേം ഷൈൻ ചെയ്തിട്ടും നീ എന്തേ ദിലു ഒന്നും മിണ്ടാതെ നിന്നത്.റോയിച്ചൻ വിളിച്ചു പറഞ്ഞപ്പോ എനിക്ക് നല്ല ദേഷ്യം വന്നു “

കിടക്കുകയായിരുന്ന ദിൽനയെ നോക്കി റിഷിൻ കത്തി കയറുവാണ്.പാതിരാത്രി എപ്പഴോ വന്നു കയറിയനോട്.. അവിടെയാരും ഒന്നും പറഞ്ഞില്ലെങ്കിലും ക്രിസ്റ്റീയോടുള്ള ദേഷ്യവും പകയും സഹിക്കാൻ വയ്യാഞ്ഞിട്ട് റോയ്സ് തന്നെയാണ് കാര്യങ്ങൾ അവന് അനുകൂലമാക്കി വിളിച്ചു പറഞ്ഞത്.

ഏറെ നേരം ആ പ്രസംഗം നീണ്ടു പോയെങ്കിലും.. “നീയെന്തേ കിടക്കുന്നത്.. നിനക്ക് വയ്യേ “എന്ന് മാത്രം അവൻ ദിൽനയോട് ചോദിച്ചതുമില്ല.

ദിൽനയുടെ മറുപടി പ്രതീക്ഷിച്ച് നിന്നവനെ നിരാശപ്പെടുത്തി കൊണ്ട് അന്നവൾ ക്രിസ്റ്റിക്കെതിരെ ഒന്നും പറഞ്ഞില്ല.

അല്ലെങ്കിൽ.. അവനെതിരെ ചെറിയൊരു കനൽ തരി കിട്ടിയാലും അത് ഊതി പാറ്റി വലിയൊരു തീ പിടുത്തമാക്കി മാറ്റാൻ അങ്ങേയറ്റം ആത്മാർത്ഥതയോടെ ഉത്സാഹിക്കുന്നവളിലെ മാറ്റം വ്യക്തമായി അറിഞ്ഞിട്ടും.. അതെന്തേ എന്ന് ചോദിക്കാൻ മാത്രം അടുപ്പമില്ലാത്ത സഹോദരനായിരുന്നു അവനും.

കയ്യിലുള്ള ഫോണിലേക്കൊരു കോൾ വന്നതും ദിൽനയെ ഒന്നുക്കൂടി നോക്കിയിട്ട് അവനിറങ്ങി പോയി.

അന്നാ വീട്ടിലെ മിക്കവരെയും പോലെ ഉറക്കമില്ലാത്ത രാത്രിയിൽ പുലർച്ചെ എപ്പഴോ ഒന്ന് മയങ്ങി പോയതാണ് അവളും.

ഭയപ്പെടുത്തുന്ന സ്വപ്നവുമായി ഞെട്ടി ഉണർന്നത് മുതൽ പിന്നെ കണ്ണടക്കാൻ കൂടി കഴിഞ്ഞില്ല.

ചെറിയൊരു പനികോള് ഉള്ളത് പോലെ തോന്നിയത് കൊണ്ട് അവളൊന്നുക്കൂടി പുതപ്പിനുള്ളിലേക്ക് ചുരുങ്ങി കൂടി.

                              ❣️❣️❣️

“നീയത് ഇനിയും വിട്ടില്ലെടാ ചെക്കാ? “

മൂടി കെട്ടിയ ക്രിസ്റ്റിയുടെ മുഖം കണ്ടതും മറിയാമ്മച്ചി ചോദിച്ചു.
അവനൊന്നും മിണ്ടാതെയൊന്ന് ചിരിച്ചു.

“സാരമില്ലടാ ..നീ തെറ്റൊന്നും ചെയ്തിട്ടില്ല.അവർക്ക് ഓർമയില്ലേലും നിനക്കറിയാവല്ലോ അവള് നിന്റെ കൂടപ്പിറപ്പാണെന്ന്? നീ ചെയ്തത് ഏതൊരു കൂടപ്പിറപ്പും ചെയ്യുന്നത് തന്നെയാണ്. ആ ചെകുത്താൻ പറഞ്ഞതിനുള്ളത് നീ അപ്പോൾ തന്നെ കൊടുത്തല്ലോ. അതെനിക്ക് ഒത്തിരി ഇഷ്ടമായി. അവന്റെയാ തിരുമോന്ത നോക്കിയൊന്ന് കൊടുക്കാൻ എന്റെ കൈ തരിച്ചതാ “

മറിയാമ്മച്ചിയുടെ രോഷം കണ്ടതും ക്രിസ്റ്റിക്ക് ചിരി വന്നു.

“പിന്നെന്തേയത് ചെയ്യാഞ്ഞത്?”

ടേബിളിൽ കൈ കുത്തി വെച്ചിട്ട് അവൻ ചിരിയോടെ ചോദിച്ചു.

“അവനെ തൊട്ടാ എന്റെ കൈ നാറും. വെറുതെ എന്നാത്തിനാ..”

മറിയാമ്മച്ചി ചുണ്ട് കോട്ടി.

ഉവ്വാ “

അവൻ തലയാട്ടി കൊണ്ട് പറഞ്ഞു.

“അല്ലാതെ ആ നാറിയെ പേടിച്ചിട്ടാണെന്ന് കരുതിയോ നീ?”നടുവിന് കൈ കുത്തി നിന്ന് 
ക്രിസ്റ്റിയെ നോക്കി മറിയാമ്മച്ചി കണ്ണുരുട്ടി.

“ഏയ്‌.. ഞാനങ്ങനെയൊന്നും കരുതിയില്ല “

“മ്മ്മ്..”
അവരൊന്നു അമർത്തി മൂളി കൊണ്ട്.. അവന്റെ മുന്നിലേക്ക് ഭക്ഷണം നീക്കി കൊടുത്തു.

“പ്രായമായ പൊങ്കൊച്ച് മൂവന്തി നേരത്ത് ആണെരുത്തന്റെ കൂടെ കയറി വരുമ്പോൾ അന്തസ്സുള്ള ഒരു തന്ത ചെയ്യുന്നതാണോ അവൻ ചെയ്തതും പറഞ്ഞതും?അതിനെ ചോദ്യം ചെയ്യണ്ട് എന്റെ ചെക്കന്റെ നെഞ്ചത്തോട്ട് കയറാൻ നിക്കുവാ.. ചെറ്റ.”

മറിയാമ്മച്ചിക്ക് ദേഷ്യം തീരുന്നില്ല.

ക്രിസ്റ്റി ഒന്നും മിണ്ടാതെയിരുന്നു കഴിച്ചു.

“കൈ നീർത്തി അവനെയായിരുന്നു നാല് പൊട്ടിക്കേണ്ടത്. അവനൊരു തന്തയാന്നോ? ഏതു കൊമ്പത്തെ കുടുംബക്കാരനാണെങ്കിൽ പോലും പെൺകുട്ടികളെ കൂടെ പറഞ്ഞു വിടാൻ പറ്റിയ കാലമാണോ ഇത്? അത് വല്ലതും അവനറിയണോ.? വൃത്തികെട്ടവൻ. എന്നിട്ടവൻ ചോദ്യം ചെയ്യാൻ വന്നേക്കുന്നു.”

കലിപ്പ് തീരാതെ മറിയാമ്മച്ചി വിളിച്ചു പറയുന്നതെല്ലാം കേട്ട് കൊണ്ടാണ് ക്രിസ്റ്റിയിരുന്നു കഴിച്ചു തീർത്തത്.

“ദിലുവിനെയിന്ന് ഇവിടെങ്ങാനും കണ്ടായിരുന്നോ മറിയാമ്മച്ചി?”
കഴിച്ചു കഴിഞ്ഞു കൈ കഴുകി തിരിയുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.

കൂർത്തൊരു നോട്ടമാണ് അവനാദ്യം ഉത്തരമായി കിട്ടിയത്.

“ഞാനെങ്ങും കണ്ടില്ല.. നിന്റെ കുലുവിനെ. അവളെ മാത്രവല്ല. നിന്റമ്മയും ഇന്നിവിടെങ്ങും വന്നിട്ടില്ല “

തിരിഞ്ഞു നിന്നിട്ട് മറിയാമ്മച്ചി പറഞ്ഞതും മുന്നോട്ടു നടന്ന ക്രിസ്റ്റിയുടെ കാലുകൾ പെട്ടന്ന് നിശ്ചലമായി………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button