സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു; തീയതി പ്രഖ്യാപിച്ച് നാസ

അന്താരാഷ്ട്ര ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി നാസ പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ച സുനിതയും സംഘവും മടങ്ങും. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 6.35നാകും സുനിതയും സംഘവും നിലയിൽ നിന്ന് പുറപ്പെടുക
കാലാവസ്ഥാ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും ചിലപ്പോൾ മാറ്റം വന്നേക്കാമെന്നും നാസ അറിയിച്ചു. ഇന്ന് രാവിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവെച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കും. നാലംഗ സംഘമാണ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്
ഇന്ത്യൻ സമയം പുലർച്ചെ 4.56നാണ് വിക്ഷേപണം. 2024 ജൂൺ മാസം മുതൽ സുനിതയും വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ജൂൺ അഞ്ചിനാണ് ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനറിന്റെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയം ചോർച്ചയും കാരണം നിശ്ചയിച്ച ദിവസം ഇവർക്ക് മടങ്ങാനായില്ല.