World
ബലൂചിസ്ഥാൻ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാക്കിസ്ഥാൻ

ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക്കിസ്ഥാൻ. അക്രമികളുടെ സംരക്ഷകർ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്‌പോൺസർ ചെയ്തതെന്നും പാക്കിസ്ഥാൻ ആരോപിച്ചു.
പാക് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാനാണ് ആരോപണം ഉന്നയിച്ചത്. ഹൈജാക്കുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വന്നതെന്നും ഷഫ്ഖത്ത് ആരോപിച്ചു. പാക്കിസ്ഥാനെതിരായ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നതിൽ ഇന്ത്യ പങ്കാളിയാണെന്നും വിദേശകാര്യ വക്താവ് ആരോപിച്ചു
അതേസമയം പാക്കിസ്ഥാന്റെ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ആക്രമണത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിച്ച് പാക്കിസ്ഥാൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തള്ളിക്കളയുന്നുവെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.