ആശ വർക്കർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ; ചർച്ച എൻ എച്ച് എം ഡയറക്ടറുമായി

രാപ്പകൽ സമരവും കടന്ന് നിരാഹാര സമരത്തിലേക്ക് ആശമാർ കടന്ന സാഹചര്യത്തിൽ ആശ വർക്കർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ. ഇന്നുച്ചയ്ക്ക് 12.30ന് സംസ്ഥാന എൻ എച്ച് എം ഓഫീസിലാണ് ചർച്ച. എൻ എച്ച് എം ഡയറക്ടറാണ് ചർച്ചക്ക് വിളിച്ചതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു
സമരസമിതി പ്രസിഡന്റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്റ് എസ് മിനി, രണ്ട് ആശമാർ തുടങ്ങിയവരായിരിക്കും ചർച്ചയിൽ പങ്കെടുക്കുക. സർക്കാർ ചർച്ചക്ക് വിളിച്ചതിനെ ആശ വർക്കർമാർ സ്വാഗതം ചെയ്തു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും ചർച്ചക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും ആശ വർക്കർമാർ പ്രതികരിച്ചു
ഒരു മാസത്തിലധികം നീണ്ട സമരത്തിന് ശേഷമാണ് ഇപ്പോൾ സർക്കാർ ചർച്ച് വിളിച്ചിരിക്കുന്നത്. നേരത്തെ ചർച്ച നടന്നിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫിക്‌സഡ് ഇൻസെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.