മലപ്പുറത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധന: ടര്‍ഫുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

മലപ്പുറം: മലപ്പുറം പോലീസ് സ്റ്റേഷന് പരിധിയില്‍ ടര്‍ഫുകള്‍ക്ക് നാളെ മുതല്‍ രാത്രി 12 മണി വരെ മാത്രം അനുമതിയെന്ന് പൊലീസ്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തത്തില്‍ പൊലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.
ടര്‍ഫ് ഉടമകളുടെയും പൊലീസിന്റെയും യോഗത്തിലാണ് തീരുമാനമെടുത്തത്. രാത്രി കാലങ്ങളില്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ലഹരി ഉപയോഗവും, ലഹരി വിപണനവും നടക്കുന്നതായും, ഇത് മൂലം അക്രമ പ്രവര്‍ത്തനങ്ങളും കളവുകളും കൂടി വരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.