
വാഷിംഗ്ടൺ: ഏതാണ്ട് 10 ദിവസത്തെ മാത്രം ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പുറപ്പെട്ട സുനിത വില്യംസിനും, ബുച്ച് വില്‍മോറിനും ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങിയെത്താനായത്. എന്നാല്‍ 286 ദിവസം അധികമായി ബഹിരാകാശത്ത് ചെലവഴിക്കേണ്ടി വന്നിട്ടും, ഇവര്‍ക്ക് ഓവര്‍ടൈം പ്രതിഫലം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സുനിത വില്യംസിനും, ബുച്ച് വില്‍മോറിനും ഓവര്‍ടൈം പ്രതിഫലം ലഭിക്കുമോയെന്ന ചോദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും മുന്നിലെത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഇക്കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. അങ്ങനെ ചെയ്യേണ്ടി വന്നാല്‍, താന്‍ തന്റെ പോക്കറ്റില്‍ നിന്നെടുത്ത് പണം നല്‍കുമെന്ന് ട്രംപ് പറഞ്ഞു.
നാസയിലെ ബഹിരാകാശയാത്രികരെ ഫെഡറല്‍ ജീവനക്കാരായാണ് കണക്കാക്കുന്നത്. മറ്റ് സർക്കാർ ജീവനക്കാരുടേതിന് സമാനമായ സ്റ്റാൻഡേർഡ് ശമ്പളമേ അവര്‍ക്ക് ലഭിക്കൂ. ഓവര്‍ടൈം, വാരാന്ത്യത്തിലെയും അവധി ദിനങ്ങളിലെയും ജോലികള്‍ തുടങ്ങിയ അധിക ദൗത്യങ്ങള്‍ക്ക് അവര്‍ക്ക് അധിക വേതനം ലഭിക്കില്ല. സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ ബഹിരാകാശത്തേക്കുള്ള യാത്ര ഔദ്യോഗിക യാത്രയായി മാത്രമേ പരിഗണിക്കൂ.
യാത്ര, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് നാസ വഹിക്കും. ചെറിയ ദൈനംദിന ചെലവുകൾക്ക് അഞ്ച് ഡോളര്‍ അധിക പണവും നല്‍കും. അതായത് 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച സുനിതയ്ക്കും വില്‍മോറിനും 1,430 ഡോളര്‍ (ഏകദേശം 1,22,980 രൂപ) വീതം ശമ്പളത്തിന് പുറമേ അധികമായി ലഭിക്കും.
മസ്‌ക് ഇല്ലായിരുന്നെങ്കില്‍
സുനിതയെയും, വില്‍മോറിനെയും തിരികെ എത്തിച്ചതിന് എലോണ്‍ മസ്‌കിന് ട്രംപ് നന്ദി പറഞ്ഞു. എലോണ്‍ മസ്‌ക് ഇല്ലായിരുന്നെങ്കില്‍ അവര്‍ അവിടെ വളരെക്കാലം കഴിയേണ്ടി വന്നേനെയെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. അല്ലെങ്കില്‍ ആര്‍ക്കാണ് അവരെ തിരിച്ചെത്തിക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. 9-10 മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ശരീരം ക്ഷയിക്കാന്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.