USAWorld

തീരുവ യുദ്ധം തുടര്‍ന്ന് ട്രംപ്; കാറുകളുടെ ഇറക്കുമതിക്ക് 25% തീരുവ

വാഷിങ്ടണ്‍: യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാറുകള്‍ക്കും കാര്‍ പാര്‍ട്‌സുകള്‍ക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. യുഎസിന്റെ വ്യവസായ രംഗം പരിപോഷിപ്പിക്കുന്നതിനായാണ് പുതിയ നീക്കം.

ഏപ്രില്‍ രണ്ട് മുതലാണ് താരിഫ് പ്രാബല്യത്തില്‍ വരുന്നത്. വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരില്‍ നിന്നും അടുത്ത ദിവസം മുതല്‍ നിരക്ക് ഈടാക്കുമെന്നും ട്രംപ് അറിയിച്ചു.

മെയ് മാസത്തിലോ അല്ലെങ്കില്‍ അതിന് ശേഷമോ ആയിരിക്കും കാര്‍ പാര്‍ട്‌സുകളുടെ താരിഫ് നിലവില്‍ വരുന്നത്. ഈ നടപടി യുഎസ് വ്യവസായ രംഗത്തെ വളര്‍ച്ചയിലേക്ക് നയിക്കും. യുഎസില്‍ തൊഴില്‍ അവസരങ്ങളും നിക്ഷേപവും വര്‍ധിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

2024ല്‍ മാത്രം യുഎസിലേക്ക് എട്ട് ദശലക്ഷത്തോളം കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 240 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നതായും വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. മെക്‌സിക്കോ, ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യുഎസിലേക്ക് കാറുകളെത്തുന്നത്. മെക്‌സിക്കോയാണ് ഏറ്റവും മുന്നിലുള്ളത്.

അതേസമയം, ട്രംപിന്റെ പുതിയ നീക്കം കാര്‍ ഉത്പാദനത്തെ ബാധിക്കുന്നതിനോടൊപ്പം സഖ്യകക്ഷികളുമായുള്ള ബന്ധം വഷളാകുന്നതിന് വഴിവെക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രംപിന്റെ തീരുമാനം കാര്‍ വില ഉയരുന്നതിനും കാരണമാകും.

യുഎസിലെ പല കാര്‍ കമ്പനികളും മെക്‌സിക്കോയിലെയും കാനഡയിലെയും വിവിധ കാര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്ന കമ്പനികളുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള കാര്‍ പാര്‍ട്‌സുകള്‍ക്ക് തീരുവ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിഷയം സങ്കീര്‍ണമാകാനാണ് സാധ്യത.

യുഎസ് കസ്റ്റംസ് അതിര്‍ത്തി പട്രോളിങും തീരുവ വിലയിരുത്തുന്നതിനുള്ള സംവിധാവും ഏര്‍പ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിന്റെ നടപടികള്‍ ടെസ്ലയെ ബാധിക്കുമെന്ന ആശങ്ക ഇലോണ്‍ മസ്‌കും പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!