ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുളക്കരയിൽ എത്തിച്ച് പീഡനം; ജിജോ കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത് മൂന്ന് തവണ

തൃശ്ശൂർ മാള കീഴൂരിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ട്. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞാണ് ജിജോ(20) ആറ് വയസുകാരൻ ഏബലിനെ കളിക്കുന്നിടത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയത്. കുളക്കരയിൽ എത്തിച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു
കുട്ടി കുളത്തിൽ നിന്നും കരയ്ക്ക് കയറാൻ മൂന്ന് തവണ ശ്രമിച്ചിരുന്നു. മൂന്ന് തവണയും ജിജോ കുട്ടിയെ വീണ്ടും കുളത്തിലേക്ക് തന്നെ തള്ളിയിട്ടു. മൂന്നാം തവണ കുളത്തിന്റെ ആഴത്തിലേക്ക് തന്നെ പിടിച്ചുതള്ളിയതോടെയാണ് ആറ് വയസുകാരൻ ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ജിജോ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
ജിജോ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയപ്പോൾ കുട്ടി ഉറക്കെ നിലവിളിച്ചു. വീട്ടിൽ പറഞ്ഞു കൊടുക്കുമെന്നും പറഞ്ഞു. ഇതോടെ ജിജോ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ അമ്മയോട് തീർച്ചയായും പറഞ്ഞു കൊടുക്കുമെന്ന് ഏബൽ പറഞ്ഞതോടെയാണ് കുളത്തിലേക്ക് തള്ളിയിട്ടത്.
കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തുവന്നതോടെ നാട്ടുകാർ തെരച്ചിലിന് ഇറങ്ങി. ജിജോയും ഇവർക്കൊപ്പം കൂടിയിരുന്നു. ഇതിനിടെയാണ് ജിജോ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.