Kerala

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മരണം; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പൊലീസ്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍.

നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ പൊലീസ് കേസ് അവസാനിപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസ് അവസാനിപ്പിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ ജനുവരിയിലാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ മരിക്കുന്നത്. അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. അസുഖബാധയെ തുടർന്ന് കിടപ്പിലായിരുന്ന ഗോപന്റെ മരണം സംഭവിച്ചതിന് പിന്നാലെ വീടിന് സമീപം ഇവർ തന്നെ സ്ഥാപിച്ച ക്ഷേത്രത്തിനോട് ചേർന്ന് സ്ലാബിട്ട് മൂടുകയായിരുന്നു.

ഇതിന് പിന്നാലെ അച്ഛൻ സമാധിയായെന്ന് കാണിച്ച് ഒരു ബോർഡും സ്ഥാപിച്ചു. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് സ്ലാബ് നീക്കി ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തൽ.

ഹൃദയധമനികളില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്, മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ അടക്കം പോസ്റ്റ്‌മോര്‍ട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിലുളള ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

Related Articles

Back to top button
error: Content is protected !!