മാസപ്പടി കേസിൽ വീണക്ക് ആശ്വാസം; എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർ നടപടി തടഞ്ഞ് ഹൈക്കോടതി

സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കും ആശ്വാസം. കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൽ രണ്ട് മാസത്തേക്ക് തുടർനടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എസ്എഫ്ഐഒ റിപ്പോർട്ടിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്ഐഒ ഉൾപ്പടെയുള്ള എതിർ കക്ഷികൾ അഞ്ചാഴ്ചയ്ക്കകം മറുപടി നൽകണം. ഹർജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.
എസ്എഫ്ഐഒ റിപ്പോർട്ട് ഫയലിൽ സ്വീകരിക്കാൻ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. ക്രിമിനൽ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികൾ എന്നുമാണ് കേന്ദ്ര സർക്കാർ നൽകിയ മറുപടി. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല