Kerala

മക്കളേ പഠിക്കാതെ രക്ഷയില്ല; മിനിമം മാര്‍ക്ക് സമ്പ്രദായം ഇനി അഞ്ചാം ക്ലാസ് മുതല്‍; 30 ശതമാനം മാര്‍ക്കില്ലെങ്കില്‍ പുനഃപരീക്ഷ

സംസ്ഥാനത്ത് മിനിമം മാര്‍ക്ക് സമ്പ്രദായം പുതിയ അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പുതിയ അധ്യയന വര്‍ഷത്തില്‍ 5, 6 ക്ലാസുകളിലാണ് മിനിമം മാര്‍ക്ക് രീതി ഏര്‍പ്പെടുത്തുന്നത്. അടുത്ത വര്‍ഷം ഇത് ഏഴാം ക്ലാസിലും നടപ്പാക്കും. എട്ടാം ക്ലാസിലാണ് മിനിമം മാര്‍ക്ക് സമ്പ്രദായം ആദ്യം ആരംഭിച്ചത്. ഇത് ഒമ്പത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 5, 6, 7 ക്ലാസുകളിലും ഇത് നടപ്പാക്കാന്‍ തീരുമാനിച്ചത്. അതായത്, 2026-27 അധ്യയന വര്‍ഷം മുതല്‍ എല്ലാ യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലും മിനിമം മാര്‍ക്ക് സമ്പ്രദായം പ്രാവര്‍ത്തികമാകും.

30 ശതമാനം മാര്‍ക്ക് വേണം
നിലവില്‍ എട്ടാം ക്ലാസിലാണ് ഇത് നടപ്പിലാക്കിയത്. വാര്‍ഷിക പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ നടത്തുന്നതാണ് രീതി. അവധിക്കാലത്ത് പ്രത്യേക പഠന പിന്തുണ പരിപാടികള്‍ നടപ്പിലാക്കിയതിന് ശേഷമാകും പുനഃപരീക്ഷ നടത്തുന്നത്. ഈ മാസം 25 മുതല്‍ 28 വരെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പുനഃപരീക്ഷ നടത്തുന്നത്. എന്നാല്‍ 30 ശതമാനം മാര്‍ക്ക് നേടിയില്ലെങ്കിലും ഒമ്പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല.

മന്ത്രി പറഞ്ഞത്‌
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് സമ്പ്രദായത്തിന്റെ ഭാഗമായി പഠന പിന്തുണ പരിപാടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും പഠിക്കുന്ന സാഹചര്യമുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ക്ലാസുകളിലേക്ക് ഇത് വ്യാപിപ്പിക്കും.

നമ്മുടെ വിദ്യാലയങ്ങളിലെ ഓരോ കുട്ടികളും അടിസ്ഥാന ശേഷി നേടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സമഗ്രമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. ഇതൊരു തുടക്കമാണ്. എന്തെങ്കിലും കുറവുകള്‍ പല ഭാഗങ്ങളിലും കണ്ടെന്നുവരും. എന്നാലും പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

താഴേതട്ടിലുള്ള ക്ലാസുകളിലും ഇത്തരത്തിലുള്ള പഠന പിന്തുണ പരിപാടികള്‍ ഓരോ പരീക്ഷ കഴിയുമ്പോഴും നടപ്പിലാക്കണമെന്നുള്ളതാണ് ഈ പ്രവര്‍ത്തനത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ കൂടിയാലോചിച്ച് അടുത്ത അധ്യയന വര്‍ഷത്തില്‍ സമഗ്രമായ പഠന പിന്തുണ പരിപാടികള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!