സൂര്യ വൈഭവം: തകർപ്പൻ സെഞ്ച്വറിക്കൊപ്പം വൈഭവ് സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകളും

വെറും 14 വയസ് മാത്രം പ്രായമുള്ള കൊച്ചുപയ്യൻ എന്നായിരുന്നു വൈഭവിനെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ വിളിച്ചെടുക്കുമ്പോൾ ആരാധകർ കരുതിയിരുന്നത്. എന്നാൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് തന്റെ മൂന്നാം മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ എന്താകും തന്റെ ഭാവിയെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പയ്യൻ. വൈഭവ് സൂര്യവംശി ഇന്നലെ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡുകൾ കൂടിയാണ്
ഗുജറാത്ത് ടൈറ്റൻസിന്റെ ലോകോത്തര ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചായിരുന്നു വൈഭവ് തന്റെ ആദ്യ ശതകത്തിലെത്തിയത്. 35 പന്തിൽ നിന്ന് 11 സിക്‌സറും ഏഴ് ബൗണ്ടറികളും സഹിതം സെഞ്ച്വറി. പുറത്താകുമ്പോൾ 38 പന്തിൽ 101 റൺസ്. കൗമാര താരത്തിന്റെ വെടിക്കെട്ട് കാണാനായതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് ലോകം.
രാജ്യാന്തര ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും ഇനി വൈഭവിന് സ്വന്തം. 17 പന്തിൽ അർധ സെഞ്ച്വറി. 35 പന്തിൽ സെഞ്ച്വറി. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയും ഇത് തന്നെ. ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയും വൈഭവിന്റെ പേരിലായി. 30 പന്തിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലാണ് വൈഭവിന് മുന്നിലുള്ളത്.
ഐപിഎല്ലിൽ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ രാജസ്ഥാൻ തകർപ്പൻ ജയവും സ്വന്തമാക്കിയിരുന്നു. 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 15.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.