കാണാചരട്: ഭാഗം 43
[ad_1]
രചന: അഫ്ന
മുക്ത വീട്ടിലേക്ക് ഒരുപാട് വൈകിയാണ് എത്തിയത്. പ്രീതി വീടിനു മുൻപിൽ കാർ നിർത്തി, പക്ഷേ അവൾ ഇതൊന്നും അറിഞ്ഞിട്ട് കൂടെ ഇല്ല. മനസ്സ് ഇപ്പോഴും ഇന്നത്തെ ഇൻസിഡന്റ് ആലോചിച്ചു കൊണ്ട് തന്നെയാണ്. “മുക്ത വീടെത്തി “പ്രീതി അവളുടെ തോളിൽ പിടിച്ചു…. അവളൊന്നു ഞെട്ടി ചുറ്റും നോക്കി. “എല്ലാം കലങ്ങി തെളിഞ്ഞില്ലേ, ഇനിയെങ്കിലും സമാധാനത്തോടെ ചെന്നുറങ് “പ്രീതി പറയുന്നത് കേട്ട് മുക്ത ഒന്ന് ചിരിച്ചു. “ഇപ്പോഴും അക്കിയുടെയും വിക്കിയുടെയും മുഖം മനസ്സിൽ നിന്ന് പോകുന്നില്ല, എങ്ങനെ കളിച്ചു ചിരിച്ചു നടന്നിരുന്ന മക്കളാ. ഇപ്പൊ അവരുടെ അവസ്ഥ കണ്ടു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിപോകുവാ….
അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥം ഉണ്ടോ”അവൾ പറഞ്ഞു നിർത്തി. ശെരിയാണ് ഇന്ന് ആ മൂന്നു പേരുടെയും മുഖത്തെ വെപ്രാളം കണ്ടു താനും അറിയാതെ ഒന്ന് പേടിച്ചിരുന്നു. ആദിയെ ഇങ്ങോട്ട് കൊണ്ട് വന്നതിൽ ഒരു പങ്ക് തനിക്കും ഉണ്ട്…. പ്രീതി ഓർത്തു. “പക്ഷേ ദീക്ഷിത് “മുക്ത പറയുന്നത് കേട്ട് പ്രീതി ദയനീയമായി അവളെ നോക്കി. അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ശെരിയാണ് അവന്റെ പ്രണയം സത്യമാണ് പക്ഷേ അതൊരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല….
എന്തിനാ ഈശ്വരാ എന്നെ ഇങ്ങനെ ധർമ്മ സങ്കടത്തിൽ ആക്കുന്നെ. “എല്ലാം ശരിയാകും, നീ ഇപ്പൊ ചെന്നു റസ്റ്റ് എടുക്ക് ” “നമുക്ക് നാളെ ഹോസ്പിറ്റൽ വരെ പോകണം,…”മുക്ത കാറിൽ നിന്നിറങ്ങി കൊണ്ടു പറഞ്ഞു. “മ്മ്, ഞാൻ എത്തിക്കോളാം…..” പ്രീതി അത്രയും പറഞ്ഞു കാർ എടുത്തു പോയി. മുക്ത അവൾ പോകുന്നതും നോക്കി കുറച്ചു നേരം അങ്ങനെ നിന്നു. തണുപ്പ് കൂടുന്നതറിഞ്ഞു കൊണ്ടു അവൾ അകത്തേക്ക് കയറി….. അമ്മയുടെ മുറിയിൽ ചെന്നു ഉറങ്ങിയോ എന്ന് നോക്കി. മെല്ലെ പുതപ്പിച്ചു നെറ്റിയിൽ ചുണ്ട് ചേർത്ത് പുറത്തേക്കിറങ്ങി. നേരെ ഷവറിനു ചുവട്ടിൽ ചെന്നിരുന്നു.
തണുപ്പ് ശരീരത്തിനെ പൊതിഞ്ഞു ചുണ്ടുകൾക്ക് വിറ വന്നിട്ടും അവളതൊന്നും കാര്യമാക്കിയില്ല. ഇനി മുന്നോട്ടു എന്ത് എന്ന ചിന്ത മാത്രമായിരുന്നു ഉള്ളിൽ. ധീരേദ്രൻ ഇനി ഉയർത്തെഴുന്നേൽക്കില്ല പക്ഷേ ദീക്ഷിത്,… അവനോട് എന്ത് പറയും, ഇന്നത്തെ സംഭവം വെച്ചു നോക്കുമ്പോൾ അവന്റെ നല്ല വശം…. പക്ഷേ മുന്നോട്ടു ആലോചിക്കുമ്പോൾ അവന്റെ ഉള്ളിലെ മൃഗം. അതിനെ നേരിടാൻ എന്റെ ആദിയ്ക്ക് സാധിക്കും എന്ന് തോന്നുന്നില്ല. വല്ലാത്തൊരു ധർമ്മ സങ്കടത്തിൽ ആക്കിയല്ലോ നീ. കണ്ണുകൾ ധാരയായി ഒഴുകി കൊണ്ടിരുന്നു. കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു….കൈകൾ തണുത്തു വിറച്ചു നീലിച്ചു….
എന്നിട്ടും അതിനു ചുവട്ടിൽ നിന്ന് എണീക്കാൻ മനസ്സനുവാദിച്ചില്ല, പതിയെ കണ്ണുകളടച്ചു……. നിർത്താതെ ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് മുക്ത ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു, തലയ്ക്കു വല്ലാത്ത വേദന, മുക്ത തലയിൽ കൈ വെച്ചു പതിയെ പിടിച്ചെഴുന്നേൽറ്റു…. അപ്പോഴാണ് ഇത്രയും നേരം ബോധം ഇല്ലാതെ കിടക്കുവായിരുന്നു എന്ന ഓർമ വന്നത്. വീണ്ടും ശക്തിയിൽ മുട്ടുന്നത് കേട്ട് അവൾ ദേഷ്യത്തിൽ ഡോർ വലിച്ചു തുറന്നു……
പെട്ടന്ന് എന്തോ ഭാരം തനിക്ക് മേലേക്ക് വീഴുന്ന പോലെ തോന്നി മുക്ത കണ്ണുകൾ അടച്ചു തുറന്നു നേരെ നോക്കി. തന്നെയാരോ പുണർന്നിരിക്കുന്നു…. മുക്ത ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു. പക്ഷേ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സാന്നിധ്യം പോലെ, എങ്കിലും ആ മുഖം ആരാണെന്ന് അറിയാതെ അയാളെ തന്നിൽ നിന്നു ദേഷ്യത്തിൽ അടർത്തി മാറ്റി മുഖത്തേക്ക് നോക്കി. തന്നെ ഉറ്റു നോക്കുന്നവനെ കാണെ അവളിൽ പരിഭ്രാതി നിറഞ്ഞു. മുന്നിലേക്ക് വീണ മുടിഴകളും ദേഷ്യത്താൽ ചുവന്ന കൺപോളകളും. വിയർത്തോട്ടിയ ഷർട്ടിൽ അവന്റെ കരുത്തറ്റ ശരീരം എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
അവന്റെ കണ്ണുകൾ ഇപ്പോഴും തന്നിൽ ആണെന്ന് ഓർക്കേ അവളുടെ മുഖം താഴ്ന്നു. “ആദി……..”അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. എന്നാൽ അവൻ ഇതൊന്നും കേൾക്കാതെ വാർഡ്രോബ് തുറന്നു ടവ്വൽ എടുത്തു അവളെ തന്നിലേക്ക് അടുപ്പിച്ചു. പെട്ടന്ന് മുക്ത നടുങ്ങി പോയി,അവന്റെ നേർത്ത ശ്വാസം ആ തണുപ്പിൽ അവളെ ഒന്നൂടെ കുളിരണയിച്ചു. അവളുടെ മുഖത്തു വിയർപ്പ് തുള്ളികൾ മുത്തുകൾ പോലെ തിളങ്ങി. പക്ഷേ ആദി ടവ്വൽ എടുത്തു അവളുടെ തല തോർത്തി കൊടുക്കാൻ തുടങ്ങി. ഒരു കൊച്ചു കുഞ്ഞുങ്ങളെ പോലെ അവന്റെ മുഖത്തു കണ്ണും നട്ടിരുന്നു. ആദി ഒരമ്മയെ പോലെ ആ മുടികളിലെ വെള്ളം നന്നായി തുടച്ചു….
അവളെ തനിക്ക് അഭിമുഖമായി നിർത്തി. മുഖത്തു ഗൗരവമാണ്…… അതവളെ വിഷമിപ്പിച്ചു. “ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വാ,”അവളെ നോക്കാതെ അത്രയും പറഞ്ഞു ബാൽക്കണിയിലേക്ക് നടന്നു. മുക്തയ്ക്കു ഒന്നും മനസ്സിലായില്ല. ആദി ആദ്യമായാണ് തന്നോട് ഇങ്ങനെ പെരുമാറുന്നത്, ചിരിക്കാതെ ഇതുവരെ ഒന്ന് നോക്കിയിട്ട് കൂടെ ഇല്ല….. ഇനി ധീരവിന്റെ കാര്യം ആലോചിച്ചു കൊണ്ടാണോ ഇപ്പൊ ഇങ്ങനെ… അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത പൊതിഞ്ഞ പോലെ തോന്നി. പിന്നെ അധികം ഒന്നും ആലോചിക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് കയറി. ഒരു ബ്ലാക്ക് ടീഷർടും ഷോർട്സും എടുത്തിട്ട് ബാൽക്കണിയിലേക്ക് നടന്നു.
ആദി ഇപ്പോഴും പുറത്തേക്ക് തന്നെ നോക്കി ഇരിക്കുവാണ്. അവളുടെ സാന്നിധ്യം അറിഞ്ഞു ഒന്ന് നെടുവീർപ്പിട്ടു.മുക്തയ്ക്കു എന്തോ വല്ലാത്തൊരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടു, ഈ ആദി തന്റെയല്ല. ഇങ്ങനെ ആയിരുന്നില്ല എന്നൊരു തോന്നൽ. “ആദി “മുക്ത പതിയെ വിളിച്ചു. “മ്മ് ” അവളുടെ വിളി കേട്ട് അവനൊന്നു മൂളി, അവന്റെ മൗനം തന്നെ കൊല്ലാതെ കൊല്ലുന്നുണ്ടെന്ന് അവൾക്ക് മനസിലായി, അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞുവോ നീ. “ആദി എങ്ങനെ ഇവിടെ? പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ “ഉള്ളിലെ സംശയം മുക്ത ചോദിച്ചു. “മുക്തയുടെ പെരുമാറ്റവും രീതികളും ഇപ്പൊ അങ്ങനെ ആണല്ലോ,
പിന്നെ ഞാനായിട്ട് എന്തിനാ അതിൽ മാറ്റം വരുത്തുന്നത് “ഗൗരവത്തിൽ നീലാകാശത്തേക്ക് നോക്കി പറഞ്ഞു. മുക്ത എന്ന വാക്ക് അതവളുടെ ഹൃദയത്തെ കീറി മുറിക്കും പോലെ തോന്നി, വേദന കൊണ്ടവൾ നെഞ്ചിൽ കൈ വെച്ചു, കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി….. ഒരിക്കലും ആദി ഈ പേര് വിളിക്കും എന്ന് താൻ കരുതിയിട്ടില്ല, എത്ര ദേഷ്യം കാണിച്ചാലും വാമി എന്നുള്ള വിളിയേ താൻ ഒരുപാട് സ്നേഹിച്ചിരുന്നു. ആദിയ്ക്ക് തന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് ആ ഒരൊറ്റ വിളിയിൽ അറിയാമായിരുന്നു… പക്ഷേ ഇപ്പൊ മുക്ത എന്ന് വിളിക്കാൻ മാത്രം ആദിയ്ക്ക് ഞാൻ അന്യയായോ!അംഗീകരിക്കാൻ കഴിയുന്നില്ല. ഹൃദയം നുറുങ്ങുന്ന വേദന തോന്നി…
നിറഞ്ഞ കണ്ണുകൾ ആദി കാണാതിരിക്കാൻ തിരിഞ്ഞു പതിയെ തുടച്ചു, പക്ഷേ ഇനിയും കരയാൻ ബാക്കി. “പറ മുക്ത ഈ ചെയ്തു കൂട്ടുന്നതിന്റെ ഒക്കെ അർത്ഥം എന്താണ് “ആദി വീണ്ടും ശബ്ദം ഉയർത്തി, അവളുടെ ചെവിയിൽ മുക്ത എന്നൊരു വാക്ക് മാത്രം ഉറക്കെ അലയടിച്ചു കൊണ്ടിരുന്നു. വേദനിക്കുന്നുണ്ട് ഒരുപാട്. അവൾ ചുണ്ട് കൂട്ടി പിടിച്ചു സങ്കടം അടക്കി പിടിച്ചു….. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.ആദി വീണ്ടും എന്തോ ചോദിക്കാൻ വന്നതും മുക്ത കൈ ഉയർത്തി….. കൈകൾ പോലും തളർന്നു പോയിരുന്നു. “ആദി പ്ലീസ് വേണ്ട,… എനിക്ക് പറ്റുന്നില്ല. എന്നെ അങ്ങനെ വിളിക്കല്ലേ….
വേദനിക്കുന്നുണ്ട് ഒരുപാട്”നിറ കണ്ണുകളോടെ അവനെ തല ഉയർത്തി നോക്കി. അതെ ആ കണ്ണുകളും ഈറ നണിഞ്ഞിരിക്കുന്നു…. ആലോചിക്കുന്നതിന് മുൻപ് തന്നെ ആ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു… താൻ ആഗ്രഹിച്ച കരം ഞാൻ സ്നേഹിച്ച കരസ്പർഷം….. അതെ ഹൃദയത്തിലേ മുറിവ് ഉണങ്ങി തുടങ്ങിയ പോലെ…. അവളുടെ കൈ അറിയാതെ അവന്റെ ഷർട്ടിൽ മുറുകി. ആദി മുടിയിൽ തലോടി തലയിൽ ചുണ്ടുകൾ ചേർത്തു…. തണുത്തൊരു ഇളം കാറ്റ് ഇരുവരെയും പൊതിഞ്ഞു. “വേണ്ട ആദി, എ…..എ….ന്നെ അങ്ങനെ വിളിക്കല്ലേ…പ്ലീസ്, എന്നെ വാമി എന്ന് വിളിച്ചാൽ മതി…..പ്ലീസ്…”തേങ്ങി കൊണ്ടു അവനെ ഇറുകെ പുണർന്നു.
കരച്ചിലിലും അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു. അവൻ ഒന്നൂടെ അവളെ തന്നിലേക്ക് അടുപ്പിച്ചു. മുക്ത ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിനുള്ളിൽ ഒതുങ്ങി കൂടി. “നീ എന്റെ വാമി തന്നെയാ, ആദിയുടെ സ്വന്തം വാമി…… ആ പേര് എനിക്ക് മാത്രം അവകാശപ്പെട്ടതാ.”അവൻ നെറ്റിയിൽ ചുണ്ട് ചേർത്തു. “പിന്നെ എന്തിനാ ഇപ്പൊ മുക്ത എന്ന് വിളിച്ചേ “അവൾ പരിഭവത്തിൽ അവനെ നോക്കി. “എന്റെ വാമിയെ നഷ്ടപ്പെട്ടാൽ ഞാൻ ആ പേര് വിളിക്കും, നഷ്ടപ്പെടുത്താതെ നോക്കേണ്ടത് നീയാണ് “അവൻ പറയുന്നത് മനസ്സിലാവാതെ അവനെ നോക്കി. “ഇന്ന് ഞാൻ അറിയാതെ വേറെന്തെങ്കിലും സംഭവിച്ചോ? കള്ളം പറയരുത്,
സത്യം മാത്രമേ പറയാവു ” അവന്റെ ചോദ്യം കേട്ടതും മുക്ത ഞെട്ടി അവനിൽ നിന്ന് പിടി അയച്ചു പിന്നിലേക്ക് നടക്കാൻ നോക്കി, പക്ഷേ ആദി അവളെ ഒന്നൂടെ തന്നിലേക്ക് അടുപ്പിച്ചു ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി. അവൾക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ധീരവിന്റെ കാര്യം പറഞ്ഞാൽ തന്നെ കുറിച്ച് എന്ത് കരുതും, പക്ഷേ അത് മറച്ചു പിടിക്കേണ്ട ഒരാവിശ്യവും തനിക്കില്ലെന്ന ചിന്തയും അവളിൽ ഉയർന്നു. “പറ വാമി…… ഞാൻ ഒന്നും അറിയാതെ ചോദിക്കില്ല എന്ന് നിനക്ക് അറിയില്ലേ. പക്ഷേ നിന്റെ വായിൽ നിന്ന് തന്നെ എനിക്കതറിയണം,”ഒരു ഭാവ ഭേദവും ഇല്ലാതെ പറയുന്നവനെ അവൾ നിസ്സഹായതയോടെ നോക്കി.
“ഞാൻ എന്റെ പ്രതികാരം വീട്ടി “അവൾ അത്രയും പറഞ്ഞു അവന്റെ മിഖത്തേക്ക് നോക്കി. ഒരു ഭാവ മാറ്റവും ഇല്ല. എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് തന്റെ മുൻപിൽ. “എന്തിന് വാമി? നിന്നെ ഇങ്ങനെ തനിച്ച് വിടാൻ ആണോ എല്ലാം ഇട്ടെറിഞ്ഞു ഞാൻ ഇവിടെ ഇങ്ങനെ വന്നു നിൽക്കുന്നെ? ഏഹ്….. പറ നിന്റെ പ്രതികാരം എന്റെയും കൂടെ അല്ലായിരുന്നോ? എന്നിട്ട് ഒന്നും അറിയാതെ ഇതൊക്കെ ചെയ്തു എല്ലാം വേദനയും ഒറ്റയ്ക്ക് അനുഭവിച്ചു തീർക്കാൻ ആണോ നിന്റെ ഉദ്ദേശം “അവൻ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി. മുക്ത നിർവീകാരത്തോടെ അവനെ നോക്കി. ആ കണ്ണുകൾ നിറയുന്നത് തനിക്ക് വേണ്ടിയാണ്….
ഈ ശബ്ദവും തനിക്ക് വേണ്ടി വാദിക്കുവാണ്. അവളുടെ ചുണ്ടുകൾ വിതുമ്പി. “എനിക്ക് വേറെ വഴി ഇല്ലായിരുന്നു ആദി, അക്കിയുടെയും വിക്കിയുടെയും അവസ്ഥ കൂടെ കണ്ടപ്പോൾ അറിയില്ല, മനസ്സ് കൈ വിട്ടു പോയി. അവനോട് ഒരു തരത്തിലും ദേഷ്യം ഇല്ലായിരുന്നു ഇത്രയൊക്കെ ചെയ്തിട്ട് പോലും. പക്ഷേ ഇന്നത്തെ ഇൻസിഡന്റ് എന്റെ മൈൻഡ് തന്നെ മാറ്റി……”അത് പറയുമ്പോഴും അവനോടുള്ള വെറുപ്പ് അവളിൽ നിറഞ്ഞു. “ധീരേദ്രൻ ഇനി അടങ്ങി ഇരിക്കും എന്ന് നിനക്ക് തോന്നുണ്ടോ “ആദി “ഇരിക്കും, ഇനി അയാൾ ഉയർത്തെഴുന്നേൽക്കില്ല. അതെനിക്ക് ഉറപ്പാ. അയാളുടെ വലം കൈ ആണ് അവൻ.
അയാളുടെ എല്ലാ കൊള്ളരുതായിമാക്കും പിന്നിൽ ഇവൻ ഒറ്റൊരാൾ ആണ്. ധീരേദ്രൻ ഓക്കേ വെറും ശിങ്കിടി മാത്രം ആണ് “മുക്ത ഓർത്തു……. “ആദി എങ്ങനെ ഇതൊക്കെ ” “ഞാൻ അവനെ അന്വേഷിച്ചു ചെന്നിരുന്നു വീട്ടിൽ അവിടെ ആൾക്കൂട്ടം കണ്ടു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്…. ഇന്ന് നിങ്ങളുടെ രണ്ടു പേരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞപ്പോയെ ഞാൻ ഊഹിച്ചു.” മുക്ത അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കൊണ്ടു എല്ലാം കേട്ടിരുന്നു. ഈ സംരക്ഷണം ജീവിത ക്കാലം മുഴുവൻ തന്നുടെ. ആഗ്രഹിച്ചു പോകുവാ…. ഈ ചൂട്…. ഈ സ്നേഹം.. മുക്ത ഉള്ളിൽ കരഞ്ഞു പ്രാർത്ഥിച്ചു. “വാമി “ആദിയുടെ പ്രണയാർദ്രമായി വിളിച്ചു.
ആ വിളിയിൽ മുക്തയ്ക്കു കുളിര് വന്ന പോലെ രോമകൂമ്പങ്ങൾ എഴുന്നേറ്റു…. “ഇനിയെങ്കിലും എന്റെ വാമിയായി കൂടെ വന്നൂടെ.എല്ലാ തടസ്സങ്ങളും മാറിയില്ലേ. ഇനിയെങ്കിലും എന്റെ മാത്രം വാമി ആയി ജീവിച്ചൂടെ…..നമ്മുടെ മാത്രം ലോകം.. എത്രക്കാലത്തെ എന്റെ ഉറക്കം കളഞ്ഞ സ്വപ്നമാണ്.”അവൻ അവളുടെ മുഖം കയ്യിൽ എടുത്തു. അവന്റെ കരസ്പർശം ഏറ്റതും അവൾ കണ്ണുകടച്ചു തുറന്നു അവനെ നോക്കി.നീല വെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി. “പറ എന്റെ പെണ്ണായി വരില്ലെ വാമി.”അവന്റെ ശബ്ദം നേർത്തു. ആ ശബ്ദത്തിലേ ഇടർച്ച അവളെ പിടിച്ചുലക്കി. “ഇങ്ങനെ എനിക്ക് കണ്ണീർ പൊഴിക്കാൻ മാത്രം എന്ത് യോഗ്യതയാണ് ആദി എനിക്കുള്ളത്”മുക്ത അവനെ നോക്കി.
“നീ ഇല്ലാതെ ഞാൻ ഇല്ല വാമി, ആദി പുർണ്ണൻ ആവണമെങ്കിൽ നീ എന്റെ കൂടെ വേണം. എന്റെ ഓരോ ശ്വാസത്തിലും നിന്റെ പേരാണ് പറയുന്നത്. അത്രയ്ക്കും അടിമപ്പെട്ടു പോയി വാമി ഞാൻ, ഇനി അകറ്റി മാറ്റാൻ കഴിയില്ല……നീ എന്റെ നെറുകിൽ വീണ പുണ്യമാണ് വാമി ” അവന്റെ വാക്കുകൾ അത്രയ്ക്ക് ഉറച്ചതായിരുന്നു.മുക്തയുടെ കണ്ണുകൾ നിറഞ്ഞു. ആദി പെരുവിരൽ കൊണ്ടു അത് തുടച്ചു മാറ്റി. പെട്ടന്ന് അവളുടെ മുഖത്തു ഭയം നിഴലിച്ചു. ആദി അത് ശ്രദ്ധിച്ചു.
“എന്താ വാമി ” “അത് ദീക്ഷിത്….. അവൻ ഇതറിഞ്ഞാൽ എന്താ ചെയ്യാൻ പോകുന്നതെന്ന് ചിന്തിക്കാൻ കൂടെ പറ്റില്ല “അവൾ ആദിയിൽ നിന്ന് വിട്ടകന്നു സ്വിങ്ങിൽ കയ്യൂങ്ങി ഇരുന്നു. ആദി അവളുടെ മുഖത്തെ ഭയം കണ്ടു ഒന്ന് നെടുവീർപ്പിട്ടു കൊണ്ടു അപ്പുറത്തു വന്നിരുന്നു. “സത്യത്തിൽ അവനൊരു പാവമാണെടോ. എന്തോ വെറുക്കാൻ തോന്നുന്നില്ല അവനോട്.. അവന്റെ ഉള്ളിൽ നല്ലൊരു മനുഷ്യൻ ഉണ്ട്”ആദി പറയുന്നത് കേട്ട് മുക്ത അവനെ അത്ഭുതത്തിൽ നോക്കി. “നമ്മുടെ സ്നേഹത്തിൽ നിനക്ക് വിശ്വാസം ഉണ്ടോ വാമി “അവൻ ചോദിക്കുന്നത് കേട്ട് അവൾ ഉണ്ടെന്ന രീതിയിൽ തലയാട്ടി. ആദി ഒരു ചിരിയോടെ അവളുടെ തലയിൽ തലോടി.
“നിനക്ക് സമ്മതമാണെങ്കിൽ നാളെ തന്നെ നമുക്ക് രജിസ്റ്റർ മാര്യേജ് കഴിക്കാം, പറ്റുമോ നിനക്ക് “ആദി അവളെ ഉറ്റു നോക്കി. “പക്ഷേ ആദി പെട്ടന്ന് ഇതൊക്കെ,” “ഒന്നും ഇല്ലെടാ,.. ഇനിയും നിന്നെ വിട്ടു കളയാൻ വയ്യ.നിനക്ക് സമ്മതമാണോ എന്റെ പാതിയാവാൻ… പെട്ടന്ന് കൊണ്ടു പോകില്ല,പക്ഷേ ഒരു കൂട്ടി ഉറപ്പിക്കൽ മാത്രം “അവൻ കൈ നീട്ടി കൊണ്ടു ചോദിച്ചു. അവൾ ആ കൈകളിലേക്കു നോക്കി പതിയെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 എന്നാൽ ഇതെല്ലാം പുറത്തു നിന്ന് രണ്ടു കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു. അയാൾ ഫോൺ കയ്യിലെടുത്തു മേഡം എന്ന് സേവ് ചെയ്ത നമ്പരിലേക്ക് അടിച്ചു.
പെട്ടന്ന് തന്നെ കാൾ കണക്ട് ആയി. “Hlo “ഗംഭീരമുള്ള ഒരു സ്ത്രീ ശബ്ദം ഉയർന്നു. “മേഡം,അവർ രജിസ്റ്റർ മാര്യേജ് കഴിക്കാൻ പോകുവാണ് നാളെ തന്നെ”അയാൾ ബഹുമാനത്തോടെ പറഞ്ഞു. “What the fu&%%#? നാളെയോ? അത് നടക്കാൻ പാടില്ല, എന്ത് വിലകൊടുത്തും അത് തടഞ്ഞേ പറ്റു”അപ്പുറത്ത് നിന്ന് ആക്രോഷിച്ചു. “എന്താ വേണ്ടതെന്ന് മേം പറഞ്ഞാൽ മതി,” “ഈ വിവരം ഇപ്പോൾ തന്നെ ആ ദീക്ഷിതിന് ഇൻഫോം ചെയ്തേക്ക്. ബാക്കി അവൻ നോക്കിക്കോളും. ഇപ്പൊ നീ ഇറങ്ങേണ്ട…. അവളുടെ മാര്യേജ് നടന്നാൽ നമ്മുടെ എല്ലാ പ്ലാനിങ്ങും തെറ്റും. സ്വത്തുക്കൾ എല്ലാം എന്റെ കയ്യിൽ കിട്ടും വരെ അവളെ വിട്ടു കൂടാ ” “Ok മേം “ഫോൺ പെട്ടന്ന് തന്നെ ഡിസ്ക്കണക്ട് ആയി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മദ്യത്തിന്റെ ലഹരിയിൽ മുക്തയുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി ടെപ്പോയിക്ക് മുകളിൽ കാലും നീട്ടി വെച്ചു സോഫയിൽ കിടക്കുവാണ് ദീക്ഷിത്.അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി….. അവൻ ഫോൺ എടുത്തു ചെവിയിൽ വെച്ചു, അപ്പുറത്ത് നിന്ന് പറയുന്നത് സത്യമാണോ എന്ന് വിശ്വസിക്കാൻ ആവാതെ അവൻ അലറി വിളിച്ചു കൊണ്ടു ഫോൺ നിലത്തെറിഞ്ഞുടച്ചു. ഇല്ല…. സമ്മതിക്കില്ല. ഈ ദീക്ഷിതിന് ജീവനുള്ളിടത്തോളം കാലം ആർക്കും വിട്ടു കൊടുക്കില്ല നിന്നെ.എന്റെയാ എന്റെ മാത്രം,… എതിർത്തു നിന്നാൽ കൊന്നും കളയും എല്ലാത്തിനെയും. അവളുടെ ഫോട്ടോയിലേക്ക് നോക്കി പകയോടെ പറഞ്ഞു..
അവൻ തന്റെ സെക്രട്ടറിയേ ഉറക്കെ അലറി വിളിച്ചു. അയാൾ പെട്ടന്ന് എവിടെ നിന്നോ ഓടി അവന് മുൻപിൽ തല കുനിച്ചിരുന്നു. “അവനെ ഒന്ന് ശരിക്കും ഒരുക്കിയെക്ക്. പുറത്തിറക്കാൻ സമയമായി ” ദീക്ഷിതിന്റെ കണ്ണുകൾ കുറുകി. “മ്മ് “അയാൾ ഒന്ന് മൂളി മുറിക്ക് പുറത്തിറങ്ങി. “എന്റെ വജ്രായുധം എന്താണെന്ന് നീ അറിയാൻ പോകുന്നെ ഒള്ളു.ഇത്രയും ദിവസം നീ എന്റെ വഴിയ്ക്കു വരും എന്ന് കരുതി, ഇനി വേണ്ട….ഇനിയാണ് എന്റെ ഊഴം…താനെ നീ എന്റെ അടുത്തേക്ക് വരും മുക്ത. അതും എന്റെ വധുവായി തന്നെ “അവൻ ചിരിച്ചു. അവൻ ഫോൺ എടുത്തു മുക്തയുടെ നമ്പർ ഡയൽ ചെയ്തു ചെവിയോടടുപ്പിച്ചു…..
മുക്ത ആദിയെ യാത്രയാക്കി അകത്തേക്ക് കയറി വരുമ്പോഴാണ് ദീക്ഷിതിന്റെ ഫോൺ കാൾ കാണുന്നത്. ഇത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന മുഖം മങ്ങി. ചെറിയ വിറയൽ അവളിൽ രൂപപ്പെട്ടു….. കാൾ അറ്റാൻഡ് ചെയ്തു തെല്ലും ഭായത്തോടെ ചെവിയോടപ്പിച്ചു. “ഞാൻ കരുതി ഫോൺ എടുക്കില്ലെന്ന്, നാളെ മാര്യേജ് ഓക്കേ അല്ലെ “പരിഹാസത്തോടെ പറഞ്ഞു നിർത്തി. മുക്ത ഞെട്ടി…..താൻ എന്താണോ ഭയന്നത് അത് നടന്നിരിക്കുന്നു. പക്ഷേ എങ്ങനെ? ഇതാരോടും ഷെയർ പോലും ചെയ്തില്ല പിന്നെ അവൻ എങ്ങനെ. അവൾക്ക് പ്രാന്ത് പിടിക്കും പോലെ തോന്നി. “എന്താ മുക്ത നീ ഒന്നും മിണ്ടാത്തെ, എന്നെ വിളിക്കുന്നില്ലേ.
സാക്ഷിയായി വേണേൽ ഞാനും വരാം “അവൻ പൊട്ടി ചിരിച്ചു. അവന്റെ ചിരി അവളിൽ ഭയം നിറച്ചു കൊണ്ടിരുന്നു. ഒന്നും കാണാതെ അവനിങ്ങനെ പെരുമാറില്ല. “നിനക്ക് എന്താ വേണ്ടേ ദീക്ഷിത്, എന്നെ എന്റെ വഴിക്ക് വിട്ടേക്ക്. എല്ലാം അന്ന് പറഞ്ഞു തീർത്തതാണ് വീണ്ടും എന്തിനാ ഇങ്ങനെ കുത്തി നോവിക്കുന്നെ “അവൾ ദയനീയമായി ചോദിച്ചു. “ഒന്നും നിർത്തിയിട്ടില്ല ഞാൻ മുക്ത.എല്ലാം ബാക്കിയാക്കി പോയത് നീ മാത്രമാണ്.”
“എന്റെ ലൂക്കയേ നഷ്ടപ്പെടാൻ കാരണം നീ ഒറ്റൊരാൾ കാരണം ആണ്. നീ എന്റെ ലൈഫിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു “മുക്ത ദേഷ്യത്തിൽ പറഞ്ഞു നിർത്തി. പക്ഷേ അവന്റെ അട്ടഹാസം ഉയർന്നു…. അതവളെ വല്ലാതെ വീർപ്പു മുട്ടിച്ചു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. “നിന്റെ ലൂക്കയെ തിരിച്ചു തന്നാൽ എന്റെ കൂടെ വരുവോ നീ “ഇടിമുഴക്കം പോലെ അവന്റെ സ്വരം ഉയർന്നു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]