സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലിനും സാധ്യത

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിർദേശം നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വിഭാഗം പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
അതേസമയം, മെയ് 15 ഓടെ കേരളത്തിൽ എപ്പോൾ കാലവർഷം എത്തുമെന്ന് അറിയാൻ കഴിയമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് അവസാന വാരത്തോടെ കാലാവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരങ്ങളിലും കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും മധ്യ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത്തവണ അധിക മഴ പ്രതീക്ഷിക്കുന്നുണ്ട്.