സർക്കാർ പരിപാടിയിൽ വേടൻ പാടും; മാറ്റിവച്ച റാപ്പ് ഷോ നാളെ

കഞ്ചാവു കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിനു പിന്നാലെ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ റാപ്പർ വേടന് അവസരം. സർക്കാറിന്റെ നാലാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ സമാപന പരിപാടിയിൽ വേടൻ റാപ്പ് ഷോ അവതരിപ്പിക്കും.
ചെറുതോണിയിലെ വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ നാളെ വൈകുന്നേരമാണ് വേടന്റെ റാപ്പ് ഷോ. കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനു പിന്നാലെയാണ് ഏപ്രിൽ 29ന് നടത്താൻ തീരുമാനിച്ചിരുന്ന വേടന്റെ റാപ്പ് ഷോ വാർഷികാഘോഷ പരിപാടിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയത്.
കഞ്ചാവു കേസിനു പിന്നാലെ വേടനെ പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ അറസ്റ്റു ചെയ്തതോടെ വലിയ വിർമശനമായിരുന്നു വനം വകുപ്പ് നടപടിക്കെതിരെ ഉയർന്നത്. വേടന്റെ അമ്മയെ കേസുമായി ബന്ധിപ്പിച്ചതിലടക്കം വനം വകുപ്പ് തിരിച്ചടി നേരിട്ടു. ജാമ്യം ലഭിച്ചതിനു പിന്നാലെ വനം മന്ത്രിയും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സിപിഎം നേതാക്കളും വേടനെ പിന്തുണച്ച് രംഗത്തെത്തി.
ഇതിനു പിന്നാലെയാണ് വേടന് സർക്കാർ വേദിയിൽ അവസരം നൽകാൻ തീരുമാനമായിരിക്കുന്നത്. അതേസമയം, പുലിപ്പല്ല് കേസിനെ തുടർന്നുണ്ടായ ചില നടപടികളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി വനം വകുപ്പ് മേധാവി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ശ്രീലങ്കൻ ബന്ധം ആരോപിച്ചതും മാധ്യമങ്ങൾക്ക് വിശദാംശങ്ങൾ നൽകിയതും വീഴ്ചയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.