Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 28

[ad_1]

രചന: റിൻസി പ്രിൻസ്

അവൾ ഒന്ന് നിർത്തി,  അവനിൽ ആ പക്ഷേ ഒരു പ്രത്യാശ നിറച്ചിരുന്നു…

” പക്ഷേ….

 അവൻ വീണ്ടും എടുത്തു ചോദിച്ചു, അവളുടെ ചുണ്ടിൽ ഒരു നറുപുഞ്ചിരി നാമ്പിട്ടു

” പെട്ടെന്ന് പോകുന്നു എന്ന് കേട്ടപ്പോൾ…

” കേട്ടപ്പോൾ…

അവൻ ആകാംക്ഷയോടെ തിരക്കി..

” പെട്ടെന്ന് കേട്ടപ്പോൾ ഷോക്കായി… 

” അപ്പൊൾ ഞാൻ കുറച്ചുനാൾ കൂടി നാട്ടിലുണ്ടായിരുന്നെങ്കിൽ എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു…

 അങ്ങനെ ചോദിക്കണമെന്ന് കരുതിയതല്ല അവൻ.. അറിയാതെ നാവിൽ നിന്നും ആ ഒരു ചോദ്യം വന്നു പോയതാണ്,
 അത്രമേൽ മനസ്സ് ആകാംക്ഷയിൽ ആയിരുന്നു എന്നതാണ് സത്യം…

”  അങ്ങനെ ചോദിച്ചാൽ പറയാൻ എനിക്കറിയില്ല…

 ” പക്ഷേ പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് എന്തോ പോലെയായി എന്നുള്ളത് സത്യമാണ്..
 അവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നിരുന്നു..

”  ഉറങ്ങാൻ സമയമായിട്ടുണ്ടാവുമല്ലോ കിടന്നോ? ഞാൻ കാലത്തെ വിളിക്കാം…

സുധി പറഞ്ഞു…

” പോവാനുള്ള ഒരുക്കങ്ങളൊക്കെ എന്തായി, 

ഫോൺ വെക്കാൻ താല്പര്യമില്ലാത്തത് പോലെയുള്ള അവളുടെ ആ മറു ചോദ്യം അവന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷയുടെ തിരിനാളങ്ങൾക്ക് തുടക്കമിടുകയായിരുന്നു..

” അങ്ങനെ പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നുമില്ല,  അങ്ങനെ  പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നുമില്ല,  ചിലപ്പോൾ അമ്മ ഇവിടെ എന്തെങ്കിലുമൊക്കെ ഇട്ടാൽ തന്ന് വിടും,  ഇപ്പോൾ ഇതൊക്കെ വാങ്ങാൻ കിട്ടുന്നതുകൊണ്ട് അങ്ങനെയും ഒരു പതിവില്ല..

”  അവിടെ ആഹാരം ഒക്കെ എങ്ങനെയാണ്..?തന്നെ ഉണ്ടാക്കുകയാണോ? അതോ മെസ്സ് ഉണ്ടോ..?

തന്നെക്കുറിച്ച് അറിയാനുള്ള അവളുടെ  ത്വര അവനിൽ അമ്പരപ്പ് നിറച്ചിരുന്നു…ഇത്രയും കാലം സംസാരിച്ചിട്ട് ഇത് ആദ്യമായാണ് തന്നെ കുറിച്ച് എന്തെങ്കിലും അവളിങ്ങോട്ട് തിരക്കുന്നത്, ഞാൻ അങ്ങോട്ട് സംസാരിക്കുമ്പോൾ അതിനു മറുപടി പറയുമെന്ന് അല്ലാതെ തിരിച്ചൊരു വാക്ക് ഇങ്ങോട്ട് പറയുന്നത് വളരെ ചുരുക്കമാണ്..

“മെസ്സ് ഒന്നുമില്ല… നമ്മൾ തന്നെ ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് വന്ന് ക്ഷീണിച്ചു ഭക്ഷണം ഉണ്ടാക്കണം,  അതാണ് പതിവ്…

” അയ്യോ അപ്പൊൾ ഭയങ്കര ക്ഷീണമായിരിക്കില്ലേ,

”  ക്ഷീണം ഒക്കെ നോക്കിക്കൊണ്ടിരുന്നാൽ ജീവിക്കാൻ പറ്റുമോ..? എനിക്ക് 10 12 വർഷമായിട്ടുള്ള ഒരു ജീവിതചര്യയായിട്ട്  ഇത് മാറിക്കഴിഞ്ഞു.. അതുകൊണ്ട് അതൊന്നും ഒരു പ്രശ്നമല്ലടോ,   അത്രയ്ക്ക് ക്ഷീണം ആണെങ്കിൽ വല്ല ബിസ്ക്കറ്റോ കുബൂസോ കഴിച്ചിട്ട് കിടക്കും,  നല്ല ക്ഷീണമുള്ളൊണ്ട് പെട്ടെന്ന് ഉറങ്ങി പോകും..  അവന്റെ വാക്കുകൾ കേട്ട് അവൾക്ക് വല്ലാത്ത സഹതാപം തോന്നിയിരുന്നു,

“എന്താ ഇഷ്ടപ്പെട്ട ഭക്ഷണം…?

 അവൾ പോലും അറിയാതെ അവനെ അറിയാൻ അവളുടെ മനസ്സിൽ ആഗ്രഹം ഉദിച്ചു കഴിഞ്ഞിരുന്നു,

” ആഹാ കാര്യാമായിട്ടാണല്ലോ…

 കട്ടിലിൽ നിന്നും ഒരു തലയിണയെടുത്ത് തന്റെ മടിയിലേക്ക് വെച്ച് അതിൽ കൈകുത്തി ചെറു ചിരിയോടെ ഫോണിൽ ഒന്ന് പിടിച്ചുകൊണ്ട് സുധി സംസാരിച്ചു..

”  അല്ല ഞാൻ വെറുതെ ചോദിച്ചതാ….

 ഒരു ചമ്മൽ അവളിൽ വന്ന് നിറഞ്ഞു…

” ഇതൊക്കെ എന്തെ നേരത്തെ ചോദിക്കാത്തത് എന്ന് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു…  ഏതായാലും ചോദിച്ചത് കാര്യമായി,  പറഞ്ഞേക്കാം,  എനിക്ക് ഏറ്റവും ഇഷ്ടം നന്നായി വെന്ത കപ്പ വേവിച്ചതും കുടംപുളിയിട്ടു വയ്ക്കുന്ന നല്ല സൂപ്പർ മത്തിക്കറിയും ആണ്…

ഒരു പ്രത്യേക രീതിയിലാണ് അവനത് പറഞ്ഞത്…

” ഇനി പറ തനിക്കെന്താ ഏറ്റവും ഇഷ്ടം…

സുധി പറഞ്ഞു..

” എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല എല്ലാം ഇഷ്ടാണ്,

” എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് എന്താ..?

” അങ്ങനെ ചോദിച്ചാൽ ചിക്കൻ ബിരിയാണി ഇഷ്ടാ…അത് വല്ലപ്പോഴുമല്ലേ കഴിക്കുന്നുള്ളൂ,  അതുകൊണ്ടാവും..

 ”  ഇനി എന്തൊക്കെ ഇഷ്ടങ്ങൾ അറിയണം, എല്ലാം ചോദിച്ചോ..? ഇനി ചിലപ്പോൾ ഇതുപോലെ നമുക്ക് സമാധാനത്തോടെ സംസാരിക്കാൻ ഉടനെ ഒന്നും അവസരം കിട്ടില്ല…

” വേറെ ഒന്നും ചോദിക്കാൻ ഓർമിക്കുന്നില്ല…

അവൾക്ക് ചമ്മല് തോന്നിയിരുന്നു,

”  എങ്കിൽ ഞാൻ ഇനി ഒരു കാര്യം ചോദിക്കട്ടെ…

 “മ്മ്മ്…

“ഇപ്പോൾ തനിക്ക് എന്നോട് ഒരു ചെറിയ ഇഷ്ടം വരുന്നില്ലേ..?

 അവന്റെ ചോദ്യം കേട്ട് അറിയാതെ അവൾ ചിരിച്ചു പോയിരുന്നു,  ആ ചിരിയുടെ ശബ്ദം കൃത്യമായി മറുപുറത്തുള്ള ആൾ കേൾക്കുകയും ചെയ്തു…

” എന്താ ചിരിച്ചത്…!

 ചിരിയോടെ തന്നെ അവനും ചോദിച്ചു,

”  വെറുതെ ആ ചോദ്യം കേട്ടപ്പോൾ… എന്താ ഇപ്പോൾ അങ്ങനെ തോന്നിയത്..? 

അവൾ മറു ചോദ്യമെയ്തു…

”  എനിക്ക് അങ്ങനെ തോന്നി,  സാധാരണ എന്നെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഒന്നും തനിക്ക് എന്നോട് ഒരു ഇഷ്ടമുള്ളത് പോലെ തോന്നിയിട്ടില്ല…  പക്ഷേ ഇന്നങ്ങനെ ആയിരുന്നില്ല,  ഇപ്പൊൾ നമ്മൾ സംസാരിക്കുന്ന നിമിഷം വരെ എന്നോട് ഒരു ഇഷ്ടം തന്റെ വാക്കുകൾ ഒക്കെയുണ്ട്.. ഓപ്പോസിറ്റ് ഉള്ള ആള് നമ്മളോട് സംസാരിക്കുമ്പോൾ അറിയാം താൽപര്യത്തോടെ ആണോ അല്ലാതെ ആണോ സംസാരിക്കുന്നത്… ഇഷ്ടം തോന്നുന്നുണ്ടോ എന്ന്…

അവൻ പറഞ്ഞു..

 ” അങ്ങനെ ചോദിച്ചാൽ ആദ്യം കാണുമ്പോൾ എനിക്കിഷ്ടവും ഇഷ്ടക്കേടും ഉണ്ടായിരുന്നില്ല,  അത് ഞാൻ തന്നെ പറഞ്ഞല്ലോ…
 പക്ഷേ ഇപ്പോൾ അങ്ങനെയല്ല,

” പിന്നെ….

 ഒരു പ്രത്യേക താളത്തിൽ അവൻ ചോദിച്ചു,

” അതിപ്പോൾ എനിക്ക് പറയാൻ പറ്റില്ല ഞാനൊരു കാര്യം ചോദിച്ചാൽ അത് ബുദ്ധിമുട്ടാവോ…?

അവൾ ചോദിച്ചു…

 ”  ഇല്ല ചോദിക്ക്…

അവൻ സന്തോഷത്തോടെ പറഞ്ഞു..

” നാളെ ഇവിടെ ഒരിക്കൽ കൂടി വരാൻ സമയം ഉണ്ടാവുമോ…?

മടിച്ചു മടിച്ചു ചോദിച്ചവൾ..

” നാളെ ഞാൻ വീണ്ടും അങ്ങോട്ട് വന്നാൽ അത് മോശമല്ലേ…
തന്റെ അമ്മ എന്ത് കരുതും,

”  അയ്യോ വീട്ടിലേക്ക് വരണ്ട…

 “പിന്നെ…

” ഇവിടെ അടുത്ത് ഒരു കൃഷ്ണന്റെ അമ്പലമുണ്ട്,  അവിടേക്ക് വന്നാൽ മതി..  എനിക്കൊന്ന് സംസാരിക്കാനാ,
 സമയമുണ്ടെങ്കിൽ മതി, നാളെ പോകുന്ന തിരക്കായിരിക്കുമല്ലോ..   തിരക്കൊക്കെ ഉണ്ട് പക്ഷേ തനിക്കൊന്ന് കാണണം എന്ന് പറഞ്ഞാൽ ആ തിരക്കൊക്കെ എനിക്ക് മാറ്റിവയ്ക്കാവുന്നതേയുള്ളൂ..
എന്താ പറയാനുള്ളത്..

സുധി പറഞ്ഞു..

”  അതിങ്ങനെ പറയാരുന്നെങ്കിൽ ഞാൻ നേരിട്ട് വരാൻ പറയുമായിരുന്നോ..?

അവളുടെ ആ ചോദ്യത്തിന് അവൻ ഒന്ന് ചിരിച്ചു…

“ശരി നാളെ രാവിലെ തന്നെ ഞാൻ എത്താം, ഒരു പത്തുമണി ആകുമ്പോഴേക്കും..താൻ അമ്പലത്തിൽ വന്നാൽ മതി..  പിന്നെ അമ്പലത്തിന്റെ ലൊക്കേഷൻ ഒന്ന് പറഞ്ഞു തന്നാ മതി..

” അതൊരുപാട് ദൂരമൊന്നുമില്ല ഞങ്ങളുടെ വീടിന്റെ അവിടെ നിന്നും ഒരു 2 കിലോമീറ്റർ അത്രയേ ഉള്ളൂ,

” ശരി നാളെ ഞാൻ രാവിലെ എത്തും..

” അപ്പോൾ ശരി..  ഗുഡ് നൈറ്റ്

 അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു….

ഹൃദയം അവനൊരു സ്ഥാനം ഒരുക്കി തുടങ്ങിയെന്ന് അവൾക്ക് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇനി അവനിൽ നിന്നും ഒന്നും മറച്ചുവെക്കാൻ പാടില്ല,ഒരു മോഹഭംഗം ഒരുക്കിയ വേദന മനസ്സിൽ മായാതെ നിൽക്കുകയാണ്…  അതുകൊണ്ടുതന്നെ അവനെ മോഹിക്കുന്നതിന് മുൻപ് തന്റെ പ്രണയത്തെക്കുറിച്ച് അവനോട് സംസാരിക്കണം, ഇല്ലെങ്കിൽ തനിക്കൊരു സമാധാനം ഉണ്ടാവില്ല..  ചതിച്ചു കൊണ്ടാണ് സംസാരിക്കുന്നത് എന്ന് ഒരു ചിന്തയാണ് ഓരോ നിമിഷവും, ഉള്ളുതുറന്നവനെ സ്നേഹിക്കണമെങ്കിൽ ഈ കാര്യങ്ങൾ അവനോട് തുറന്നു പറയാതെ സാധ്യമല്ലെന്ന് അവൾക്കും തോന്നിയിരുന്നു.. 

തന്റെ ഉള്ളിൽ പൂക്കാൻ വെമ്പി നിൽക്കുന്ന ഒരു വസന്തം ഉണ്ട്…
അതിനെ തിരയുക ആണ് അവൻ…. ഉള്ളിൽ എപ്പോഴെങ്കിലും തനിക്ക് അവനോട്  സ്നേഹം തോന്നിയിട്ടുണ്ടോ…..?
അതിൻറെ പ്രതിഫലനമായിരുന്നോ  ഈ കാണുന്നതൊക്കെ….?
സത്യമാണ് തൻറെ മനസ്സിൽ ചലനം സൃഷ്ടിക്കാൻ അവന് കഴിഞ്ഞിട്ടുണ്ട്…..
ഹൃദയം ആ ആണൊരുത്തനുവേണ്ടി തുടിക്കുന്നുണ്ട്….തനിക്ക് അവനെ ഇഷ്ട്ടം ആണ്….
താൻ പോലും ആഗ്രഹിക്കാതെ ഹൃദയം അവനായി ഒരു സ്ഥാനം ഒരുക്കി കഴിഞ്ഞു….
ആ  ആണൊരുത്തനിലേക്ക് കടിഞ്ഞാൺ ഇല്ലാത്ത പട്ടം പോലെ മനസ്സ് പാറി   പോവുക ആണ്…..മനസ്സ് വീണ്ടും അവനിലേക്ക് പായുകയാണ്…..
ഹൃദയം ആർക്കോവേണ്ടി സ്ഥാനം നൽകാൻ കൊതിക്കുകയാണ്….

 പക്ഷേ അവന് തന്നെ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലോ..? ഒരുവനെ സ്നേഹിച്ചവൾക്ക് അവനെ സ്നേഹിക്കാനുള്ള സാധ്യത ഉണ്ടാവില്ലന്ന് കരുതി തന്നെ അവൻ അകറ്റി നിർത്തിയാലോ.?  അങ്ങനെ പലവിധ ചിന്തകളും അവളുടെ മനസ്സിലൂടെ മാഞ്ഞുപോയി,  നേരത്തെ ആയിരുന്നുവെങ്കിൽ അത് സന്തോഷം എന്ന് താൻ കരുതിയേനെ..  പക്ഷേ ഇപ്പോൾ അങ്ങനെയാണ് അവൾ മനസ്സിനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നത്.. അല്ല ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു കഠാരമുള്ള് തറക്കുന്ന വേദന താൻ അനുഭവിക്കുന്നുണ്ട്.. ഈ വിവാഹം നടക്കാതെ പോയാൽ തനിക്ക് ഇപ്പോൾ വേദനയുണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു…  പ്രണയം എന്ന് വിളിക്കാൻ സാധിക്കില്ലങ്കിലും ഉള്ളിന്റെയുള്ളിൽ ആ മുഖം എവിടെയോ ഇടം നേടിക്കഴിഞ്ഞു, 

    രാവിലെ അമ്മ ജോലിക്ക് പോയതിനുശേഷം ആണ് പോകാനായി ഒരുങ്ങിയത്..  അമ്മയോട് എന്തോ സുധിയെ കാണാൻ പോവുകയാണെന്ന് പറയാൻ മനസ്സ് വന്നില്ല,  ഒരുപക്ഷേ അമ്മയ്ക്ക്  അത് ഒന്നും ഇഷ്ടമാവില്ലന്ന ചിന്ത ആയിരിക്കാം തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്…  ചന്ദന നിറത്തിലുള്ള ഒരു ചുരിദാറാണ് അണിഞ്ഞത്, അതിനു ചേരുന്ന മെറൂൺ ലെഗ്ഗിൻസ്സും ദുപ്പട്ടയും ധരിച്ചു… മീനുവും മഞ്ജുവും സ്കൂളിൽ പോയതുകൊണ്ട് തന്നെ അവരോട് മറുപടി പറയേണ്ടതായി വന്നില്ല..  എല്ലാവരും പോയി കഴിഞ്ഞ് ഒരു 9: 30ഓടെ വീട് പൂട്ടി അമ്പലത്തിലേക്ക് നടന്നിരുന്നു,  അപ്പോൾ തന്നെ ഫോണും വന്നു…  ആള് അവിടെനിന്ന് തിരിച്ചുവെന്നും എത്താറാകുന്നു എന്നുമാണ് ഫോണിൽ പറഞ്ഞത്…

    പെട്ടെന്ന് ശരീരത്തിലേക്ക് ഒരു വിറയൽ കടന്നുവന്നു…  തന്റെ തുറന്ന് പറച്ചിലിനോട് അവൻ എങ്ങനെ പ്രതികരിക്കുമെന്നുള്ള ഒരു ചിന്ത..  അമ്പലത്തിൽ ചെന്ന് കൃഷ്ണ വിഗ്രഹത്തിന് മുൻപിൽ നിന്ന് പ്രാർത്ഥിച്ചപ്പോൾ അറിയാതെ മിഴികൾ നിറഞ്ഞിരുന്നു, 

” ഞാൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോന്ന് എനിക്കറിയില്ല ഭഗവാനെ..  പക്ഷേ ഒരാളെ ചതിച്ചുകൊണ്ട് ആ ജീവിതത്തിലേക്ക് പോകാൻ എനിക്ക് സാധിക്കില്ല,  എല്ലാം പറഞ്ഞതിനു ശേഷം അയാൾ തീരുമാനിക്കട്ടെ എന്നെ വേണോ വേണ്ടയോന്ന്…  പക്ഷേ ഒന്നും പറയാതെ ഒരു ജീവിതം അത് ശരിയാവില്ലെന്ന് എന്റെ മനസ്സ് പറയുന്നു.

 പ്രസാദവുമായി ഇറങ്ങിയ സമയത്ത് തന്നെ ഫോണിൽ വിളി വന്നിരുന്നു,

” ഹലോ…  ഞാന് ഇവിടെ അമ്പലത്തിന് പുറത്തുണ്ട്, താൻ എവിടെയാ…?

” ഞാൻ അമ്പലത്തിനകത്തുണ്ട്..

”  ഞാനിപ്പോ അങ്ങോട്ട് ഇറങ്ങി വരാം…

 ശരി

അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടിരുന്നു ആലിൻ ചുവട്ടിലെ പാർക്ക് ചെയ്ത കാറിൽ നിന്ന് ഇറങ്ങി അമ്പലത്തിൽ നിന്ന് വരുന്നവളെ കണ്ട് അവൻ ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു…

 “അമ്പലത്തിൽ കേറുന്നില്ലേ…

ആർദ്രമായി ചോദിച്ചു …

 ” എനിക്ക് വേണ്ടി കൂടി താൻ പ്രാർത്ഥിച്ചിട്ടില്ലെ…

 ചെറുചിരിയോടെ അവൻ ചോദിച്ചു,

 പ്രസാദം നേരെ നീട്ടി പിടിച്ചവൾ കൈകെട്ടി അവൻ അവളെ തന്നെ നോക്കി നിന്നു..

” തൊട്ടു തന്നൂടെ…!

അവന്റെ തുറന്നുള്ള ചോദ്യത്തിൽ അവൾ വല്ലാതെ ആയിപ്പോയിരുന്നു..  എങ്കിലും അത് നിരസിക്കാൻ അവളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല,  നേർത്ത വിരലുകൾ ചന്ദന തണുപ്പുകൊണ്ട് അവന്റെ നെറ്റിയിൽ ഒരു വര വരച്ചിരുന്നു..  അവൾ ഒരു നിമിഷം അവൻ നിർന്നിമേഷനായി നിന്നു പോയിരുന്നു… അവളുടെ വിരലിന്റെയും ചന്ദനത്തിന്റെയും കുളിര് നെറ്റിയിൽ പതിഞ്ഞ നിമിഷം അവന്റെ മനസ്സ് സ്വപ്നങ്ങളുടെ തേരിലേരി എവിടെയോ യാത്ര പോയിരുന്നു….

”  കയറ്….

 കാറിലേക്ക് കയറിക്കൊണ്ട് അവൻ പറഞ്ഞു,

” അയ്യോ എവിടെ പോകാനാണ്…

അല്പം പരിഭ്രമത്തോടെ അവൾ ചോദിച്ചു,

” താൻ പേടിക്കൊന്നും വേണ്ട,  തനിക്ക് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞില്ലേ ഇവിടെനിന്ന് സംസാരിക്കുന്നത് ശരിയല്ലല്ലോ..  അതുകൊണ്ട് കുറച്ചു മാറി നമുക്ക് സംസാരിക്കാൻ പറ്റുന്ന ഒരു സ്ഥലത്തേക്ക് പോകാമെന്ന് ആണ് ഉദ്ദേശിച്ചത്…

അവൻ പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു,  പുറകിലേക്ക് കയറാൻ തുടങ്ങിയവളുടെ ഡോർ ബലമായി അടച്ച് അവൻ മുൻപിലെ ഡോർ തുറന്നു കൊടുത്തു.. ആ നിമിഷം അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി, കണ്ണുകൾ തമ്മിൽ ഒന്ന് കൊരുത്തു…

അവന്റെ കണ്ണിൽ നിറഞ്ഞുനിൽക്കുന്ന കാമുകഭാവം അവളെ ഒരുവേള മോഹിപ്പിച്ചിരുന്നു….   യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു പക്ഷെ മൗനം വാചാലമായിരുന്നു…

 അമ്പലത്തിനരികിൽ നിന്നും മാറി ഒരു പാടവരമ്പത്ത് അവൻ വണ്ടി നിർത്തി.. ആദ്യം ഇറങ്ങിയത് അവൻ തന്നെയാണ്… പിന്നാലെ അവളും എത്തി,

”  ഇനി പറ എന്താ സംസാരിക്കാനുള്ളതെന്ന്…?

 കാറിൽ ചാരി കൈകൾ രണ്ടും മുന്നോട്ടു പിണച്ചു കെട്ടി അവളെ തന്നെ നോക്കി അവൻ പറഞ്ഞു…

”  സംസാരിക്കാം… പക്ഷേ ഞാൻ സംസാരിക്കുമ്പോൾ എന്നോട് തോന്നുന്ന ഇഷ്ടം ചിലപ്പോൾ കുറഞ്ഞു പോയേക്കാം…  പക്ഷേ സംസാരിക്കാതിരിക്കാൻ എനിക്ക് പറ്റുന്നില്ല, ഇല്ലെങ്കിൽ ഒരു കള്ളം ചെയ്തതുപോലെ എനിക്ക് തോന്നും…

  അവളുടെ വാക്കുകളിൽ അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു തുടങ്ങിയിരുന്നു..  എന്താണ് അവൾ പറയുന്നത് എന്ന് അറിയാൻ അവനിൽ ആകാംഷ നിറഞ്ഞു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button