നാട് നടുങ്ങിയ കൂട്ടക്കൊല: നന്തൻകോട് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന കേസിൽ വിധി ഇന്ന്

തിരുവനന്തപുരം നന്തൻകോട് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്. ഡോ. ജീൻ പദ്മ, ഭർത്താവ് രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ജീൻ-രാജ തങ്കം ദമ്പതികളുടെ മകൻ കേഡൽ ജിൻസൺ രാജയാണ് ക്രൂര കൊലപാതകം നടത്തിയത്. അച്ഛനോടും കുടുംബാംഗങ്ങളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേഡൽ കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് പോലീസ് കേസ്
പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ ആരംഭിച്ചത്. കൂട്ടക്കൊലപാതകം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. 2017 ഏപ്രിൽ 5ന് ജീൻ പത്മത്തെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മഴു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു
മഴു വാങ്ങിയത് ഓൺലൈനിലായിരുന്നു. കേഡലിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന ലളിതയെന്ന ബന്ധുവിനെയും പിന്നീട് വെട്ടിക്കൊന്നു. എട്ടാം തീയതി വീടിന്റെ രണ്ടാം നിലയിൽ നിന്ന് തീയും പുകയും കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കേഡൽ സ്ഥലത്തിലായിരുന്നു. പരിശോധനയിൽ കത്തിക്കരിഞ്ഞ നാല് മൃതദേഹങ്ങൾ കണ്ടെത്തി.
ചെന്നൈയിലേക്ക് കടന്ന കേഡൽ തിരികെ എത്തിയപ്പോഴാണ് പിടിയിലായത്. മന്ത്രവാദവും ആസ്ട്രൽ പൊജക്ഷൻ എന്ന ആഭിചാരക്രിയയുമൊക്കെയാണെന്ന് മൊഴി നൽകി തെറ്റിദ്ധരിപ്പിക്കാനും കേഡൽ ശ്രമം നടത്തിയിരുന്നു. എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. രണ്ട് തവണ കേഡലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാൻ പറഞ്ഞയച്ചിരുന്നു
പഠനം പൂർത്തിയാക്കാതെ തിരിച്ചെത്തി വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന കേഡലിനെ അച്ഛൻ തുടർച്ചയായി വഴക്കുപറയുമായിരുന്നു. ഇങ്ങനെ തുടങ്ങിയ പ്രതികാരത്തിനൊടുവിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്.